വിട്ടുമാറാത്ത ദുരിതമാണ് ലോകത്തെ കണ്ണുനീരു കുടിപ്പിക്കുന്ന കൊറോണയെന്ന രാക്ഷസ വൈറസ് ജാസൺ കെൽക്ക് എന്ന 49 കാരന് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം നെഞ്ചിലെ അണുബാധയെ തുടർന്നാണ് ജാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനുശേഷം ഇന്നുവരെ ആശുപത്രി വിട്ടിറങ്ങാത്ത ജേസൻ ദിവസേന ഛർദ്ദിയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് 48 മണിക്കൂർ കഴിഞ്ഞപ്പോൾ ഐ സി യുവിൽ പ്രവേശിപ്പിച്ച് വെന്റിലേറ്ററിലാക്കുകയായിരുന്നു പ്രമറി സ്‌കൂളിലെ ഐ ടി അദ്ധ്യാപകനായ ഇയാളെ.

എന്നാൽ, ഇയാളുടെ ആമാശയത്തേയും ബാധിച്ച വൈറസ് ഗസ്സ്ട്രോപാരെസിസ് എന്ന രോഗാവസ്ഥയിലേക്ക് ഇയാളെ നയിച്ചു എന്നാണ് ഡോക്ടർമാർ പറയുന്നത്. നിരന്തരമായ ഛർദ്ദിയും ഓക്കാനവുമാണ് ഈ രോഗാവസ്ഥയിൽ ഉണ്ടാവുക. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു വർഷത്തിനിപ്പുറവും അയാൾക്ക് പരസഹായമില്ലാതെ നടക്കാൻ കഴിയില്ല. കോറോണയുടെ ദുരിതം ഏറ്റവുമധികം നാളുകളായി ഏറ്റുവാങ്ങുന്ന വ്യക്തി ഇദ്ദേഹമാണെന്നാണ് ലീഡ്സ് ലൈവ് പറയുന്നത്.

ഇതിനു മുൻപ് ചിലർക്ക് കോവിഡ് ബാധയെ തുടർന്ന് മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേണ്ടതായി വന്നിട്ടുണ്ട്. കെയ്റ്റ് ഗാരാവേയുടെ ഭർത്താവ് ഡെറെക് ഈയടുത്താണ് മാസങ്ങളുടെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടത്. ശ്വാസ തടസ്സം, ഓർമ്മക്കുറവ്, പേശീ വേദന എന്നിവ ലക്ഷണങ്ങളായുള്ള ദീർഘകാല കോവിഡ് പത്തിൽ ഒരാൾക്ക് വീതം വരാമെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖർ പറയുന്നത്. എന്നിരുന്നാലും ഇയാൾ അനുഭവിക്കുന്നത്ര ഗുരുതരമായ കോവിഡ് വളരെ വിരളമാണെന്നും അവർ പറയുന്നു.

കെൽക്ക് കിടക്കുന്ന മുറിയിൽ ഒരു ടെലിവിഷൻ സ്ഥാപിക്കുന്നതിനായി ഇയാളുടെ ഭാര്യ ഒരു ഫണ്ട് റൈസിങ് വെബ്സൈറ്റിൽ പേജ് സൃഷ്ടിച്ചിരുന്നു. ഇതിൽ പറയുന്നത് കഴിഞ്ഞ നാല് ആഴ്‌ച്ചയായി ഇയാൾ വെന്റിലേറ്റർ ഉപയോഗിക്കുന്നില്ല എന്നാണ്. എന്നാൽ, ആശുപത്രി വിടാൻ ഇനിയും മാസങ്ങൾ എടുത്തേക്കും എന്നും പറയുന്നുണ്ട്. ഇപ്പോഴും ദിവസേന ഇയാൾ ഛർദ്ദിക്കുന്നുണ്ട്.

ഇയാളുടെ വൃക്കകളും ശ്വാസകോശവും ഏതാണ്ട് പൂർണ്ണമായി തർന്നിരിക്കുന്നു എന്നാണ് ഇയാളുടെ ഭാര്യ പറയുന്നത്. അതിനൊപ്പമാണ് ആമാശയം സ്വയം ഒഴിപ്പിക്കാൻ സാധിക്കാത്ത ഗസ്സ്ട്രോപാരെസിസ് എന്ന രോഗവും ബാധിച്ചിരിക്കുന്നത്. ആമാശയത്തിൽ നിന്നും ഭക്ഷണം പ്രകൃതിദത്തമായ രീതിയിൽ നീക്കം ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ഛർദ്ദി ഉണ്ടാകുന്നതെന്ന് ഇയാളുടെ കേസ് വിവരിച്ചുകൊണ്ട് എൻ എച്ച് എസിന്റെ വെബ്സൈറ്റിൽ പറയുന്നു.

ഇതിന് വ്യക്തമായ കാരണങ്ങൾ കണ്ടെത്താനായില്ലെങ്കിലും കെൽക്കിന് നേരത്തേ നടത്തിയ ഒരു ശസ്ത്രക്രിയയും പിന്നെ അയാൾക്ക് ഉള്ള ടൈപ്പ് 2 പ്രമേഹവും ആകാം ഇതിനു കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, ഇയാളുമായി അഭിമുഖം നടത്തിയ യോർക്ക്ഷയർ ഈവനിങ് പോസ്റ്റ് എന്ന പ്രാദേശിക മാധ്യമം പറയുന്നത് ഇത് ആമാശയത്തിൽ വൈറസ് ബാധയെ തുടർന്ന് ഉണ്ടായതാണെന്നാണ്. കൊറോണയ്ക്ക് ദഹനവ്യൂഹത്തിലും കാര്യമായ തകരാറുകൾ ഉണ്ടാക്കാൻ കഴിയുമെന്ന് ചില ശാസ്ത്രജ്ഞരും പറയുന്നു. അതുകൊണ്ട് അതിസാരവും കോവിഡിന്റെ ലക്ഷണമായി കണക്കാക്കണമെന്ന് ഇവർ പറയുന്നു.