പെൺചൊല്ല് കേൾക്കുന്നവൻ പെരുവഴിയിലെന്ന മലയാളം പഴഞ്ചൊല്ല് അറിയാമായിരുന്നെങ്കിൽ ഇപ്പോൾ ഹാരി സമ്മതിക്കുമായിരുന്നു, പഴഞ്ചൊല്ലിൽ പതിരില്ലെന്ന്. അതാണ് ഹാരിയുടെ ഇപ്പോഴത്തെ അവസ്ഥ എന്നാണ് ചില കേന്ദ്രങ്ങൾ നൽകുന്ന സൂചന. തന്റെ കുടുംബാംഗങ്ങൾ തന്റെ ഭാര്യയോട് പെരുമാറിയ രീതിയിൽ ഹാരിക്ക് അതിയായ അമർഷമുണ്ടായിരുന്നു. അതിന് പകരം വീട്ടുവാൻ ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖം ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ അങ്ങനെയൊക്കെ ചെയ്യേണ്ടിവന്നതിൽ ഹാരി പശ്ചാത്തപിക്കുകയാണെന്നാണ് ഹാരിയുടെ ജീവചരിത്രമെഴുതിയ ഡൺകൺ ലാർകോമ്പ് പറയുന്നത്.

വളരെയതികം വൈകാരികമായി പ്രതികരിക്കുന്ന വ്യക്തിയാണ് ഹാരി എന്നാണ് അദ്ദേഹം പറയുന്നത്. ചെറിയ സംഭവങ്ങൾ പോലും ഹാരിയെ പ്രകോപിപ്പിക്കും. ചിലമുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ ഡൺകൻ പറയുന്നത് വിചാരത്തേക്കാൾ ഏറെ ഹാരിയെ ഭരിക്കുന്നത് വികാരമാണെന്നാണ്. ഒരിക്കൽ ചില തെറ്റിദ്ധാരണകളുടെ പുറത്ത് താനുമായി ചില തർക്കങ്ങൾ ഉണ്ടായതായും പിന്നീറ്റ് വില്യം കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അതു മനസ്സിലാക്കിയ ഹാരി തന്നോട് ക്ഷമ പറഞ്ഞതായും അദ്ദേഹം പറയുന്നു.

ഇത് തന്നെയാണ് ഓപ്രയുമായുള്ള അഭിമുഖത്തിലും സംഭവിച്ചിരിക്കുന്നത് എന്ന് ഡൺകൻ പറയുന്നു. മേഗനോടുള്ള രാജകുടുംബാംഗങ്ങളുടെ സമീപനം ഹാരിയെ പ്രകോപിപ്പിച്ചിരിക്കാം. പിന്നീട് ആർച്ചിയുടെ ചർമ്മത്തിന്റെ നിറത്തെ കുറിച്ചുള്ള പരിഹാസം നിറഞ്ഞ സൂചനകൾ കൂടുതൽ പ്രകോപനത്തിന് കാരണമായിട്ടുണ്ടാകാം. ആ വികാരങ്ങളുടെ സ്ഫോടനാത്മകമായ ഒരു ബഹിർസ്ഫുരണമായിരുന്നു ആ അഭിമുഖം എന്നും ഡൺകൻ പറയുന്നു.

എന്നാൽ, ഒരിക്കൽ തന്റെ കുടുംബാംഗങ്ങളുമൊത്ത് ചേർന്നപ്പോൾ ഹാരിക്ക് തീർച്ചയായും ചെയ്തുപോയതിൽ പശ്ചാത്താപം ഉണ്ടായിട്ടുണ്ടാകും. ഒരുപക്ഷെ, രാജപദവികൾ ഒഴിഞ്ഞ് ബ്രിട്ടൻ വിട്ടുപോയതിനെ കുറിച്ചുപോലും ഹാരി ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകും എന്നും ഡൺകൻ പറയുന്നു. രാജപദവികളും സൈനിക പദവികളും നീക്കം ചെയ്തതിനുശേഷം ഹാരി ബ്രിട്ടൻ സന്ദർശിക്കുന്നത് മുത്തച്ഛൻ ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനായിട്ടായിരുന്നു. അത് തന്റെ കുടുംബാംഗങ്ങളിൽ നിന്നും പൊതുവെ തണുപ്പൻ സമീപനമായിരുന്നു ഹാരിക്ക് നേരിടേണ്ടി വന്നത്.

അഭിമുഖം സംപ്രേഷണം ചെയ്തതിനുശേഷം ഹാരിയും വില്യമും ചാൾസും തമ്മിൽ സംസാരിച്ചിരുന്നെങ്കിലും അതൊന്നും വേണ്ടത ഫലം ചെയ്തിരുന്നില്ല. ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയ ഹാരി അതീവ ദുഃഖിതനും മൂകനും ആയിരുന്നു എന്ന് ഡൺകൻ പറയുന്നു. തിരിച്ചെത്തിയ ഹാരിയെ പഴയകാല ഓർമ്മകൾ ഉണർത്തുന്ന ഗൃഹാതുരത്വം വേട്ടയാടുന്നുണ്ടാകാം എന്നും അദ്ദേഹം പറയുന്നു. എന്നാൽ, ഇന്ന് ഹാരിയുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഘടകം മേഗനാണ്.

ഒരു ഭാഗത്ത് തന്റെ പ്രവർത്തികളിലുള്ള പശ്ചാത്താപവും മറുഭാഗത്ത് മേഗനോടുള്ള സ്നേഹവും തമ്മിൽ സൃഷ്ടിക്കുന്ന സംഘർഷം ഹാരിയുടെ ജീവിതത്തെ നിർണ്ണായകമായി സ്വാധീനിക്കുമെന്നും അദ്ദേഹം പറയുന്നു. ഇനി വരുന്ന വേനൽക്കാലത്ത് തങ്ങളുടെ അമ്മ ഡയാന രാജകുമാരിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന സമയത്ത് സഹോദരന്മാർ ഇരുവരും വീണ്ടും കണ്ടുമുട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലായ് 1 ന് നിശ്ചയിച്ചിരിക്കുന്ന ഈ പരിപാടി സഹോദരന്മാർക്കിടയിലെ മഞ്ഞുരുക്കും എന്ന് ഇവരുടെ അഭ്യൂദയകാംക്ഷികൾ പ്രതീക്ഷിക്കുന്നു.