- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിഥി തൊഴിലാളികൾക്കായി കോൾ സെന്റർ; ആശുപത്രി, ആംബുലൻസ് സേവനങ്ങൾ ഉറപ്പുവരുത്താനും നിർദ്ദേശം: അതിഥിതൊഴിലാളികളെ സംരക്ഷിക്കാൻ കേരളത്തിന്റെ തീവ്രശ്രമം
കണ്ണൂർ: അതിഥിതൊഴിലാളികളെ സംരക്ഷിക്കാൻ കേരളത്തിന്റെ തീവ്രശ്രമം. സൗജന്യ വാക്സിനേഷനും ചികിത്സാസൗകര്യങ്ങളും ഒരുക്കി അതിഥി തൊഴിലാളികളെ നാട്ടിൽ തന്നെ പിടിച്ചു നിർത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണെങ്കിലും കഴിഞ്ഞ ലോക്ഡൗൺ കാലത്ത് കേരളം വിട്ടവരിൽ മഹാഭൂരിപക്ഷവും തിരിച്ചുവന്നിട്ടില്ല. ഇത് നിർമ്മാണം അടക്കം പല മേഖലകളെയും സാരമായി ബാധിച്ചതായി കണ്ടതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് ഈ നീക്കം.
അതിഥി തൊഴിലാളികൾക്കായി എല്ലാ ജില്ലകളിലും കോൾ സെന്റർ തുടങ്ങിയിട്ടുണ്ട്. ഹിന്ദി, അസമീസ്, ഒഡിഷ, ബംഗാളി ഭാഷകൾ അറിയാവുന്നവരെ നിയോഗിച്ചാണ് കോൾ സെന്ററുകൾ പ്രവർത്തനം തുടങ്ങുന്നത്. കോൾ സെന്ററിൽ പക്ഷേ, ഇതുവരെ ചുരുക്കം അന്വേഷണങ്ങളേ വന്നുള്ളൂ. അതിഥിതൊഴിലാളികൾക്ക് രോഗംവന്നാൽ ആശുപത്രി, ആംബുലൻസ് സേവനങ്ങൾ ഉറപ്പുവരുത്താൻ ജില്ലാ ലേബർ ഓഫീസർമാർക്ക് ലേബർ കമ്മിഷണറേറ്റിൽനിന്ന് നിർദ്ദേശംപോയി. വിവിധ ഭാഷകളിൽ കോവിഡ് ബോധവത്കരണ ലഘുലേഖകളും തയ്യാറാക്കുന്നുണ്ട്.
ഇതിനിടെ രണ്ടാം ലോക്ഡൗൺ ഭയന്ന് അടുത്തദിവസങ്ങളിൽ ഒട്ടേറെപ്പേർ വീണ്ടും കേരളം വിട്ടു. ഈ സാഹചര്യത്തിൽ പല മേഖലകളിലും തൊഴിലാളിക്ഷാമം രൂക്ഷമായേക്കും. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് 3,07,138 അതിഥിതൊഴിലാളികളാണ് സംസ്ഥാനം വിട്ടത്. കഴിഞ്ഞ ദിവസം തൊഴിൽവകുപ്പെടുത്ത കണക്കുപ്രകാരം 49,270 പേർമാത്രമാണ് മടങ്ങിവന്നത്. ഏറ്റവും കൂടുതൽപ്പേർ എത്തിയത് കണ്ണൂരായിരുന്നു -15,303 പേർ. 50,315 പേർ വിട്ട എറണാകുളം ജില്ലയിൽ 8275 േപർ മാത്രമാണ് തിരികെവന്നത്. ഇത് അന്തിമകണക്കല്ലെന്നും കൂടുതൽപ്പേർ വന്നിട്ടുണ്ടാകുമെന്നും തൊഴിൽവകുപ്പ് വിശദീകരിക്കുന്നു.
തൊഴിൽവകുപ്പിന്റെ കണക്കനുസരിച്ച് കോവിഡ് കാലത്ത് കേരളംവിട്ട അതിഥിതൊഴിലാളികളും തിരികെവന്നവരും ജില്ലതിരിച്ച്
ജില്ല പോയവർ വന്നവർ
തിരുവനന്തപുരം 20493 3820
കൊല്ലം 10945 1725
പത്തനംതിട്ട 12144 1775
ആലപ്പുഴ 10867 1966
കോട്ടയം 4626 3164
ഇടുക്കി 22070 1399
എറണാകുളം 50315 8275
തൃശ്ശൂർ 25439 1588
പാലക്കാട് 16260 3659
മലപ്പുറം 42719 2780
കോഴിക്കോട് 43180 1313
വയനാട് 3669 1226
കണ്ണൂർ 33491 15303
കാസർകോട് 10915 1277
ആകെ 307138 49270