ദുബായ്: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുത്ത തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് അഞ്ച് ലക്ഷം രൂപ സമ്മാനമായി നൽകി എത്തിസലാത്ത്. യുഎഇയിലെ പ്രമുഖ ടെലികോം കമ്പനിയായ എത്തിസാലാത്ത് തങ്ങളുടെ പ്രത്യേക പദ്ധതിയിലുൾപ്പെടുത്തിയാണ് ദുബായിലെ തിരഞ്ഞെടുത്ത 15 തൊഴിലാളികൾക്ക് അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 5 ലക്ഷം രൂപ (25,000 ദിർഹം) വീതം സമ്മാനിച്ചത്. ദുബായിലെ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള അർഹരായ തൊഴിലാളികളെ കണ്ടെത്തിയാണ് സമ്മാനവും ആദരവും നൽകിയത്.

'അറിയപ്പെടാത്ത ഹീറോ'മാർ എന്ന് വിശേഷിപ്പിക്കുന്ന ഇവരെ കാര്യമറിയിക്കാതെ ജോലി സ്ഥലത്ത് നിന്ന് ഒരു ബസിൽ പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്ക് കൊണ്ടുവരികയായിരുന്നു. തുടർന്ന് ഇവരോട് കുറേ ടൈൽസ് നൽകി അത് തറയിൽ പാകാൻ ആവശ്യപ്പെട്ടു. അതു പൂർത്തിയായപ്പോഴാണ് 'നിങ്ങൾ ഇന്നിനെ നിർമ്മിച്ചു; ഞങ്ങൾ നിങ്ങളുടെ മക്കളുടെ നാളെകളെ സൃഷ്ടിക്കുന്നു' എന്ന് തെളിഞ്ഞത്. അപ്പോഴും സംഭവമെന്തെന്ന് തൊഴിലാളികൾക്ക് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല. ചുറ്റും കൂടി നിൽക്കുന്ന എത്തിസാലാത്ത് അധികൃതരടക്കം കൈയടിക്കുന്നത് കണ്ടപ്പോൾ എന്തോ സംഭവമുണ്ടെന്ന് തോന്നി. പിന്നീടാണ് തങ്ങൾക്ക് ലഭിക്കുന്ന ആദരമാണ് ഇതെന്ന് അവർക്ക് മനസ്സിലായത്.

അഞ്ച് ലക്ഷത്തിന്റെ ചെക്കും ആദരവും ഓരോരുത്തരും ഏറ്റുവാങ്ങിയ ശേഷം തൊഴിലാളികളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു. എല്ലാവരും ഉടൻ നാട്ടിലേയ്ക്ക് വിളിച്ച് വീട്ടുകാരുമായി സന്തോഷം പങ്കുവെച്ചു. നന്നായി പഠിക്കുന്ന തന്റെ മകൾക്ക് ഡോക്ടറാകാനാണ് ആഗ്രഹം. ആ ലക്ഷ്യത്തിലേയ്ക്ക് ഈ വലിയ തുക ഏറെ ഗുണം ചെയ്യുമെന്ന് തൊഴിലാളികളിലൊരാളായ ഉത്തരേന്ത്യക്കാരൻ ദുർഗേഷ് മദേസിയ പറഞ്ഞു. വർഷങ്ങളായി ദുബായിൽ നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹത്തിന് ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു ആദരവ് ലഭിക്കുന്നത്.

തന്റെ ദത്തുപുത്രിയുടെ തുടർ വിദ്യാഭ്യാസത്തിനാണ് ഈ പണം ചെലവഴിക്കുകയെന്ന് 2018 മുതൽ ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ ഷെയ്ഖ് റിയാസുദ്ദീൻ പറഞ്ഞു. മകൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്തുവരികയായിരുന്നു. അപ്പോഴാണ് എത്തിസാലാത്തിന്റെ ഈ അംഗീകാരവും സമ്മാനവും. ഇതറിഞ്ഞപ്പോൾ മകളുടെയും കുടുംബത്തിന്റെയും സന്തോഷം വിവരണാതീതമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം രാജ്യം വിട്ടുവന്ന് യുഎഇക്ക് വേണ്ടി പ്രവർത്തിക്കുന്ന തൊഴിലാളികൾ ഈ രാജ്യത്തിന്റെ വിജയകഥയിലെ പ്രധാന ഘടകമാണെന്ന് എത്തിസാലാത്ത് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റെ ഡോ.അഹ് മദ് ബിൻ അലി പറഞ്ഞു. സമൂഹത്തിനും സാമ്പത്തികമേഖലയ്ക്കും അവർ നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. ലോകപ്രശസ്തമായ ആകാശഗോപുരങ്ങളുയരുമ്പോൾ നാം അവരുടെ കഠിനപ്രയത്‌നം വിസ്മരിക്കാൻ പാടില്ലെന്നും കൂട്ടിച്ചേർത്തു.