കട്ടപ്പന: ഉയരമുള്ള കൊമ്പിൽ നിന്ന് ചെത്തിയിട്ട ചക്ക നിലത്തു വീണ ശേഷം തെറിച്ചു തലയിൽ വീണ് തൊഴിലാളി മരിച്ചു. മധുര സ്വദേശി അറുമുഖൻ (68) ആണു മരിച്ചത്. വെള്ളയാംകുടി കൊങ്ങിണിപ്പടവിലെ ഏലത്തോട്ടത്തിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വർഷങ്ങളായി അറുമുഖൻ ഈ തോട്ടത്തിലാണ് പണിയെടുത്തിരുന്നത്.

ചരിവുള്ള പ്രദേശത്തു നിൽക്കുന്ന പ്ലാവിൽ കയറി മറ്റൊരു തൊഴിലാളിയാണ് ചക്കയിട്ടത്. ഈ സമയത്ത് കുറച്ചു മാറി ഏലത്തോട്ടത്തിൽ പണിയെടുക്കുകയായിരുന്നു അറുമുഖൻ. 40 അടി ഉയരമുള്ള പ്ലാവിൽ നിന്നു നിലത്തു വീണ് തെറിച്ചുയർന്ന ചക്ക തലയിലിടിച്ച് വീണു പോയ അറുമുഖനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. ഭാര്യ: സരസ്വതി. 4 മക്കളുണ്ട്.