- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ദിവസം ഇന്ത്യയിൽ 30,000 പേർ മരിക്കുകയും 30 ലക്ഷം പേർ രോഗികളാവുകയും ചെയ്യുന്നുവെന്ന് വിദേശ മാധ്യമങ്ങൾ; കാശു കൊടുത്തുകൊണ്ടു വന്ന ഓക്സിജൻ വി ഐ പികൾക്കായി എടുത്തുകൊണ്ടു പോയപ്പോൾ വീട്ടമ്മ മരിച്ചെന്നും വിദേശ പത്രങ്ങൾ; ലോക രാജ്യങ്ങൾ ഒരുമിച്ച് ഇന്ത്യാ വിരുദ്ധ പോരിൽ
ഇന്ത്യയിൽ കോവിഡ് വ്യാപനം അതിന്റെ ഉച്ചത്തിലെത്തിയതോട് ദുരന്തകഥകളുടെ പരമ്പരകളുമായി ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് വിദേശ മാധ്യമങ്ങൾ. ഏതോ വി ഐ പിക്കായി ഒരു വീട്ടമ്മയ്ക്ക് നൽകിയിരുന്ന ഓക്സിജൻ പൊലീസ് എടുത്തുകൊണ്ടുപോയതിന്റെ ഫലമായി ആ വീട്ടമ്മ മരിച്ചതാണ് ഇതിൽ ഏറ്റവും ഒടുവിലത്തെ കഥ. ഉത്തർപ്രദേശിലെ ആഗ്രയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ഒരു യുവാവ് പൊലീസുകാരുടെ മുന്നില്മുട്ടുകുത്തിനിന്ന് അപേക്ഷിക്കുന്ന വീഡിയോ സഹിതമാണ് ഇത് പ്രചരിക്കുന്നത്. തന്റെ അമ്മയിൽ നിന്നും ഓക്സിജൻ സിലിണ്ടർ എടുത്തുമാറ്റിയാൽ അമ്മ മരിക്കുമെന്ന് അയാൾ കരഞ്ഞു പറയുന്നുണ്ട്.
ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം നേരിട്ടതിനെ തുടർന്ന് 22 കാരനായ ഇയാളും 17 വയസ്സുള്ള ഇയാളുടെ സഹോദരനും പുറത്തുനിന്നും പണം നൽകി വാങ്ങിയ സിലിണ്ടറാണ് പൊലീസുകാർ ഇപ്രകാരം എടുത്തുകൊണ്ടുപോയതെന്ന് ഒരു പ്രമുഖ ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഏതോ പ്രമുഖ വ്യക്തിക്കായി ഈ സിലിണ്ടർ പൊലീസുകാർ തട്ടിയെടുക്കുകയായിരുന്നു എന്ന് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ടൈംസ് ഓഫ് ഇന്ത്യ കറസ്പോണ്ടന്റ് പറയുന്നു. രണ്ടു മണിക്കൂറിനു ശേഷം ആ അമ്മ മരണമടയുകയും ചെയ്തു.
എന്നാൽ, ഇക്കാര്യം നിഷേധിച്ചെത്തിയ യു പി പൊലീസ് പറയുന്നത്, ഒഴിഞ്ഞ സിലിണ്ടറാണ് തങ്ങൾ എടുത്തതെന്നും അത് നിറയ്ക്കാനായി കൊണ്ടുപോവുകയായിരുന്നു എന്നുമാണ്. വെള്ളിയാഴ്ച്ച 3,86,452 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിക്കുകയും 3,498 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത ഒരു രാഷ്ട്രത്തിലെ ഭരണകൂടത്തിന്റെ ഇടപെടൽ രീതിക്കുള്ള മകുടോദാഹരണം എന്ന നിലയിലാണ് അവർ ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. മേൽപറഞ്ഞത് ഔദ്യോഗിക കണക്കാണ്. എന്നാൽ, ആരോഗ്യ രംഗത്തെ പ്രമുഖർ പറയുന്നത് യഥാർത്ഥ കണക്ക് ഇതിന്റെ പതിന്മടങ്ങ് വരും എന്നാണ്.
നിലവിൽ രാജ്യത്തെ മരണനിരക്ക് 1.14 ശതമാനമാണ്. ഇതേ സാഹചര്യം തുടർന്നാൽ രണ്ടാഴ്ച്ചകഴിയുമ്പോൾ പ്രതിദിനം 30,000 പേരോളം മരണമടയുന്ന നിലയെത്തുമെന്നും പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു. എന്നാൽ, ഇന്ത്യ കോവിഡ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്ന കാര്യത്തിൽ സുതാര്യത കാത്തുസൂക്ഷിക്കുന്നില്ല എന്നും അവർ കുറ്റപ്പെടുത്തുന്നുണ്ട്. ഓക്സിജൻ സിലിണ്ടറുകൾക്ക് പോലും പൊലീസ് സംരക്ഷണമൊരുക്കേണ്ട ഗതികേടിലെത്തിയ നാട്ടിൽ, ശവപ്പറമ്പുകളിൽ ചിതകൾ കെട്ടടങ്ങുന്നില്ല എന്നാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്.
വിദേശങ്ങളിൽ നിന്നും സഹായമെത്തിയിട്ടും ഇന്ത്യയിലെ സാഹചര്യം തെല്ലും മെച്ചപ്പെടുന്നില്ല എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോഴും ഓക്സിജനും ആശുപത്രി കിടക്കകള്ക്കും മറ്റ് മെഡിക്കൽ ഉപകരണങ്ങൾക്കും കടുത്ത ക്ഷാമം നേരിടുകയാണ്. അത്യഡംബര പൂർവ്വം ഇന്ത്യൻ പ്രീമിയർ ലീഗ് മാച്ചുകൾ കളിക്കുന്നതിന് ഏതാനും കിലോമീറ്റർ അകലെ പ്രാണവായു ലഭിക്കാതെ ജനങ്ങൾ മരിച്ചുവീഴുകയാണെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 91 കാരനായ മുൻ അറ്റോർണി ജനറൽ, സോളി സൊറാബ്ജി, 40 വയസ്സുള്ള വാർത്ത അവതാരകൻ രോഹിത് സർദാന എന്നിവർ ഇന്നലെ കോവിഡ് മൂലം മരിച്ചവരിൽ ഉൾപ്പെടുന്നു.
മഹാരാഷ്ട്രയിൽ ബീഡിൽ നിന്നുള്ള ഒരു ആംബുലൻസിന്റെ ദൃശ്യവും പാശ്ചാത്യ മധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ആംബുലൻസിൽ 22 ഓളം മൃതദേഹങ്ങൾ കുത്തിനിറച്ചതിന്റെ ചിത്രമാണിത്. മൃതദേഹങ്ങളെ അപമാനിച്ചവർക്കെതിരെ കർശന നടപടികൾ എടുക്കുമെന്ന് പറഞ്ഞ ജില്ലാ അധികൃതർ പക്ഷെ മൃതദേഹങ്ങൾ ശ്മശാനങ്ങളിലേക്ക് കോണ്ടുപോകാൻ രണ്ട് ആംബുലൻസുകൾ മാത്രമാണ് ഉള്ളതെന്നും സമ്മതിച്ചു. ഇതിനിടയിൽ ഓക്സിജനും അത്യാവശ്യ മരുന്നുകളും കരിഞ്ചന്തയിൽ സുലഭമാണെന്നും ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പൊർട്ട് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ