ന്യൂഡൽഹി: കോവിഡ് ആശുപത്രികളാക്കി മാറ്റിയ ഇഎസ്‌ഐ ആശുപത്രികളിൽ ഇഎസ്‌ഐ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യ ചികിത്സ നൽകും. ആശുപത്രികളിലെ കിടക്കകളുടെ 20% അംഗങ്ങൾക്കും ഗുണഭോക്താക്കൾക്കുമായി മാറ്റിവയ്ക്കാനും നിർദേശമുണ്ടെന്ന് ഇഎസ്‌ഐ ബോർഡ് അംഗം വി. രാധാകൃഷ്ണൻ അറിയിച്ചു.

കോവിഡ് ബാധിച്ച ഏതെങ്കിലും ഗുണഭോക്താവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയാണെങ്കിൽ ചെലവായ തുക റീ ഇംബേഴ്‌സ് ചെയ്യും. ഇഎസ്‌ഐ എംപാനൽഡ് ആയ ആശുപത്രികളിൽ നിന്ന് റഫറൽ കത്തില്ലാതെ നേരിട്ട് അർഹതയ്ക്കനുസരിച്ച് അടിയന്തര ചികിത്സ തേടാവുന്നതാണ്. കോവിഡ് കാരണം അംഗം തൊഴിലിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിൽ 91 ദിവസത്തെ ശരാശരി ദിവസവേതനത്തിന്റെ 70% ചികിത്സാ ആനുകൂല്യമായി കൈപ്പറ്റാം.

തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നേരത്തേ പ്രഖ്യാപിച്ചിരുന്ന അടൽ ബീമിത് വ്യക്തി കല്യാൺ യോജനപ്രകാരമുള്ള ആനുകൂല്യവും സ്ഥാപനം പൂട്ടിയാൽ രാജീവ്ഗാന്ധി ശ്രമിക് കല്യാൺ യോജന പ്രകാരം 2 വർഷം വരെ തൊഴിലില്ലായ്മ വേതനവും നൽകും. മരണമടയുന്ന അംഗങ്ങളുടെ സംസ്‌കാരച്ചെലവുകൾക്കായി 15,000 രൂപ നൽകും.