തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ പേരിൽ സ്‌കൂളുകളിലെ ചിത്രങ്ങളും ചുവരെഴുത്തുകളും നശിപ്പിച്ചതിനെതിരേ നാലാം ക്ലാസുകാരി നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നഷ്ടപരിഹാരം നൽകാൻ ബാലാവകാശ കമ്മിഷന്റെ ഉത്തരവിട്ടു. ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകൾക്കുണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള പണം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകണം. തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ബോധപൂർവം പിഴവ് വരുത്തിയിട്ടുണ്ടെങ്കിൽ തുക അവരിൽ നിന്നും ഈടാക്കാൻ കമ്മിഷന് സ്വാതന്ത്ര്യമുണ്ടെന്നും ഉത്തരവിൽ പറയുന്നു.

കൊല്ലം പരവൂർ കൂനയിൽ ഗവ. എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ഗൗരി ബി.എസ്. ആണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി നൽകിയത്. ഗൗരിയുടെ പരാതിയുടേയും പത്രവാർത്തയുടെയും അടിസ്ഥാനത്തിലാണ് കമ്മിഷൻ ഉത്തരവ്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ മതിലുകളിലും ക്ലാസ് മുറികളിലും വരച്ചിരുന്ന ചിത്രങ്ങൾ തിരഞ്ഞെടുപ്പിന്റെ അറിയിപ്പുകൾ പതിപ്പിച്ച് നശിപ്പിച്ചതിനെതിരേയാണ് ഗൗരി പരാതി നൽകിയത്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അധ്യക്ഷൻ കെ.വി.മനോജ്കുമാർ, അംഗങ്ങളായ കെ. നസീർ, റെനി ആന്റണി എന്നിവരടങ്ങിയ ഫുൾ ബെഞ്ചിന്റേതാണ് ഉത്തരവ്.

പൊതുവിദ്യാഭ്യാസ ഡയറക്ടർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹകരണത്തോടെ രണ്ട് മാസത്തിനുള്ളിൽ ഇത്തരം സ്‌കൂളുകളിൽ പരിശോധന നടത്തി കേടുപാടുകൾ വിലയിരുത്തണം. കമ്മിഷന്റെ ഉദ്യോഗസ്ഥർ ഇതിനോട് സഹകരിക്കുന്നില്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ നഷ്ടപരിഹാരം തിട്ടപ്പെടുത്തണം. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തുക തിരഞ്ഞെടുപ്പ് കമ്മിഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം. നശിപ്പിക്കപ്പെടുകയും വികൃതമാക്കപ്പെടുകയും ചെയ്ത ചിത്രങ്ങളും ചുമരെഴുത്തുകളും ഈ തുക ഉപയോഗിച്ച് പുനരാവിഷ്‌ക്കരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.