തിരുവനന്തപുരം: കോവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു പിടിച്ചുവച്ച സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു ഈ മാസം ശമ്പളം വിതരണം ചെയ്ത ശേഷം നൽകുമെന്ന് മന്ത്രി ടി.എം.തോമസ് ഐസക്. എന്നാൽ ജീവനക്കാർ ഇത് വിശ്വസിക്കുന്നില്ല. അടുത്ത് അധികാരത്തിൽ എത്തുന്ന സർക്കാരിന്റെ തലയിൽ വയ്ക്കാനാണ് ഇതെന്നാണ് ആവരുടെ വാദം. ഭരണ തുടർച്ചയുണ്ടെങ്കിൽ പണം തരാൻ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും അവർ ഭയക്കുന്നു.

കേരളത്തിന്റെ ട്രഷറിയിൽ 3000 കോടിയാണുള്ളതെന്ന് ധനമന്ത്രി തന്നെ പറയുന്നു. ഇതുപയോഗിച്ച് വാക്‌സിൻ വാങ്ങേണ്ട സാഹചര്യമുണ്ട്. അതിനാൽ ഖജനാവ് കാലിയാണ്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് അടുത്ത സർക്കാരിന് കുടിശിഖ നൽകാനാവുക. അതുകൊണ്ട് തന്നെ പണം മടക്കി നൽകുമെന്ന പ്രഖ്യാപനം ഉടൻ നടപ്പാകില്ലെന്നും അവർ കരുതുന്നു.

പുതുക്കിയ ശമ്പളം, ഡിഎ കുടിശിക എന്നിവയുമായി ബന്ധപ്പെട്ടു സോഫ്റ്റ്‌വെയർ പരിഷ്‌കരിക്കുന്ന നടപടികൾ കാരണമാണു പണം തിരിച്ചു നൽകാൻ വൈകുന്നത്. കഴിഞ്ഞ 2 മാസമായി ട്രഷറി ബാങ്കിങ് പുതിയ സെർവറിലേക്കു മാറ്റുന്നതിനുള്ള തിരക്കിലായിരുന്നു. തിങ്കളാഴ്ച മുതൽ ശമ്പളം തിരിച്ചുനൽകേണ്ട സോഫ്റ്റ്‌വെയർ മൊഡ്യൂൾ സജ്ജമാകും. മേയിലെ ശമ്പള ബില്ലുകൾ മാറിയതിനു ശേഷം ആദ്യ ഗഡു വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ നാളെ കേരളത്തിലെ ജനവിധി പുറത്തു വരും. അതിന് ശേഷം ഇടതിന് അധികാരം നഷ്ടപ്പെടാൽ എന്തു സംഭവിക്കുമെന്ന ആശങ്ക ജീവനക്കാർക്ക് ഉണ്ട്.

അതിനിടെ ഇങ്ങനെ കിട്ടുന്ന തുക ദുരിതാശ്വാസത്തിന് നൽകണമെന്നും തോമസ് ഐസക് നിർദ്ദേശിക്കുന്നു. താൽപര്യമുള്ളവർക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക സംഭാവന നൽകാനും അവസരമുണ്ടാകും. താൽപര്യമുള്ള അത്രയും ഗഡുക്കൾ ദുരിതാശ്വാസ നിധിയിലേക്കു നൽകാനുള്ള സമ്മതപത്രം എഴുതി നൽകിയാൽ മതി. സമ്മതപത്രം ഡിഡിഒ പരിശോധിച്ചു ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കുമെന്നും മന്ത്രി പറഞ്ഞു. അതായത് വീണ്ടും ചലഞ്ചാണ്.