ദുരുപയോഗവും വിവേചനവും ഒഴിവാക്കുവാനായി സമൂഹമാധ്യമങ്ങൾ നാല് ദിവസത്തേക്ക് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി മുൻനിര സ്പോർട്സ് താരങ്ങളും ക്ലബ്ബുകളും മറ്റ് സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്റർ, ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഒന്നാകെ ബഹിഷ്‌കരിക്കാനുള്ള നീക്കം വെള്ളിയാഴ്‌ച്ച വൈകിട്ട് 3 മണി മുതൽ ആരംഭിച്ചു. ബ്രിട്ടീഷ് സമയം തിങ്കളാഴ്‌ച്ച രാത്രി 11:59 വരെ ഈ ബഹിഷ്‌കരണം തുടരും. നിരവധി പ്രശസ്ത താരങ്ങൾക്കൊപ്പം വില്യം രാജകുമാരനും ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫുട്ബോൾ താരങ്ങൾ തുടക്കം കുറിച്ച ഈ നീക്കത്തിന് പിന്തുണയുമായി ക്രിക്കറ്റ്, റഗ്‌ബി, ഫോർമുല വൺ തുടങ്ങിയ മറ്റു കായിക ഇനങ്ങളിലെ പ്രശസ്ത താരങ്ങളും പിന്തുണയുമായി എത്തി. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വംശീയ വിവേചനം, ലിംഗ വിവേചനം മറ്റു തരത്തിലുള്ള വിവേചനങ്ങൾ എന്നിവയ്ക്ക് എതിരെയാണ് ഇവർ അണിനിരക്കുന്നത്. ആളുകളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും, അശ്ലീലം കലർന്നതുമായ സന്ദേശങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങൾ കർശന നടപടികൾ എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇംഗ്ലണ്ടിന്റെ ഫുട്ബോൾ താരം മാർക്കസ് റാഷ്ഫോൾഡ് ഈ ആവശ്യം ഉന്നയിച്ച് ട്വീറ്റ് ചെയ്തതിനു തൊട്ടുപുറകെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നും മറ്റ് അനേകം മുൻനിര താരങ്ങളും സമാനമായ ആവശ്യവുമായി രംഗത്തെത്തി. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സമൂഹമാധ്യമ കമ്പനികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വിവേചനം പ്രോത്സാഹിപ്പിക്കുന്നവരെയും സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവരേയും നിരോധിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സമൂഹ മാധ്യമങ്ങളെ ബഹിഷ്‌കരിച്ച് വാരാന്ത്യം സന്തോഷപൂർണ്ണമാക്കുവാനാണ് ഇവർ ആഹ്വാനം ചെയ്യുന്നത്.

ഫുട്ബോൾ താരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഈ വാരാന്ത്യത്തിൽ താൻ സമൂഹ മാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്ന് പ്രശസ്ത ഫോർമുല വൺ ചാമ്പ്യൻ ഹാമിൽടൺ പറഞ്ഞു. യഥാർത്ഥ ജീവിതത്തിലായാലും ഓൺലൈനിലായാലും ആരെയെങ്കിലും വ്യക്തിഹത്യ ചെയ്യുക എന്നത് സാമൂഹിക ജീവിതത്തിൽ അനുവദിക്കാൻ പറ്റാത്ത ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ബഹിഷ്‌കരണം കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെങ്കിലും ഈ ദിശയിലേക്ക് കമ്പനികളെ ചിന്തിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.