തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്നും കർശനമായി തുടരും. അനാവശ്യമായി വീടിന് പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടം കൂടാനോ പാടില്ല. ഒരുതരത്തിലുമുള്ള ആഘോഷങ്ങളോ കൂടിച്ചേരലുകളോ ഇന്നും അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്നലെ, അനാവശ്യമായി വീടിനു പുറത്തിറങ്ങിയവരെ പൊലീസ് തടഞ്ഞു. ഇരട്ട മാസ്‌ക് ധരിക്കാതെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്തവരെ പിടികൂടി പിഴ ചുമത്തി. നാളെ സംസ്ഥാനത്ത് നിയന്ത്രണങ്ങളില്ല.

ചൊവ്വ മുതൽ അടുത്ത ഞായർ വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങളാണ്. എന്നാൽ ഈ ദിവസങ്ങളിൽ ദീർഘദൂര ബസ്, ട്രെയിൻ, വിമാന യാത്രകൾക്കു തടസ്സമുണ്ടാകില്ല. ബാങ്ക് ഇടപാടുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ മാത്രം. ഇടപാടുകാർ ഇല്ലാതെ 2 വരെ തുടരാം. അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രമേ തുറക്കാൻ അനുവദിക്കൂ.

പൊതുഗതാഗതം, ചരക്കുനീക്കം, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ വാഹനയാത്ര, ഓട്ടോടാക്‌സി സർവീസ് എന്നിവ അനുവദിക്കുമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കി. ആശുപത്രി യാത്രയും അനുവദനീയം. യാത്രാ രേഖകൾ / ടിക്കറ്റുകൾ കരുതണം. സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് 21,733 പേർക്കെതിരെയും അകലം പാലിക്കാത്തതിന് 11,210 പേർക്കെതിരെയും ഇന്നലെ കേസെടുത്തു. 137 വാഹനങ്ങൾ പിടിച്ചെടുത്തു, ക്വാറന്റീൻ ലംഘനത്തിന് 9 പേർക്കെതിരെയും കേസെടുത്തു. നിയന്ത്രണ ലംഘനത്തിന് 65,48,750 രൂപ പിഴയായി ഈടാക്കി.

ആരാധനാലയത്തിൽ 50 പേർ മാത്രം
ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്കു മാത്രമാണു പ്രവേശനം അനുവദിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വലിയ ആരാധനാലയങ്ങളുടെ കാര്യമാണിത്. ചെറിയ ആരാധനാലയങ്ങളിൽ അവയുടെ വലുപ്പം അനുസരിച്ച് 50 ൽ താഴെയായി പരിമിതപ്പെടുത്തണം. അകലം പാലിക്കാത്ത തരത്തിൽ ആരാധനാലയങ്ങളിൽ വിശ്വാസികൾ കടക്കുന്നില്ലെന്നു സ്റ്റേഷൻ ഹൗസ് ഓഫിസർമാർ (എസ്എച്ച്ഒ) ഉറപ്പാക്കും.