മുംബൈ: കോവിഡ് ഗുരുതരമായി പടരുന്ന ഇന്ത്യയിൽ ഇന്നലെ സംഭവിച്ചത് 3,688 മരണങ്ങളാണ്. ഇന്നലെ പുതുതായി 3,92,562 പേർ രോഗികളായി. സിനിമാ നടന്മാരും മാധ്യമ പ്രവർത്തകരും അടക്കം ഒട്ടേറെ പ്രമുഖരും ഇന്നലെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചു. നിരവധി പ്രമുഖർ ഐസിയുവിലുമുണ്ട്.

നടൻ ബിക്രംജീത് കൻവർപാൽ അന്തരിച്ചു
ബോളിവുഡ് നടൻ ബിക്രംജീത് കൻവർപാൽ (52) കോവിഡ് ബാധിച്ചു മരിച്ചു. മുംബൈ സെവൻ ഹിൽസ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ ആയിരുന്നു അന്ത്യം. കരസേനയിൽ നിന്നു വിരമിച്ച ശേഷം 2000 ലാണു കൻവർപാൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പേജ് 3, 2 സ്റ്റേറ്റ്‌സ് എന്നീ സിനിമകളിലെ വേഷങ്ങൾ പ്രശസ്തമാണ്. ഒട്ടേറെ ടെലിവിഷൻ ഷോകളിലും വേഷമിട്ടിട്ടുണ്ട്.

ജനപ്രിയ ടെലിവിഷൻ ഷോയായ 'അദാലത്ത്'ലൂടെയും പ്രേക്ഷകർക്കു പ്രിയങ്കരനായി. റോക്കറ്റ് സിങ്, സെയിൽസ്മാൻ ഓഫ് ദ് ഇയർ, ജബ് തക് ഹേ ജാൻ, ആരക്ഷൺ, ദി ഗസ്സി അറ്റാക്ക് എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.

മാധ്യമപ്രവർത്തകൻ കല്യാൺ ബറുവ അന്തരിച്ചു.
ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ കല്യാൺ ബറുവ (43) അന്തരിച്ചു. അസം ട്രിബ്യൂണിന്റെ ഡൽഹി ബ്യൂറോ ചീഫായിരുന്ന കല്യാൺ കോവിഡ് ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മാധ്യമപ്രവർത്തകയുമായ നിലാക്ഷി ഭട്ടാചാര്യ നാലു ദിവസം മുൻപാണു കോവിഡ് ബാധിച്ചു മരിച്ചത്.

ഇക്കണോമിക്‌സ് ടൈംസ് ഗ്രാഫിക്‌സ് എഡിറ്റർ അനിർബൻ ബോറയും (42) കോവിഡ് ബാധിച്ചു മരിച്ചു. ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർസപ്ഷൻ സ്റ്റഡീസിന്റെ (ഐപിഎസ്) റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ഏപ്രിൽ മുതലുള്ള ഒരു വർഷ കാലയളവിൽ കോവിഡ് ബാധിച്ച് 128 മാധ്യമപ്രവർത്തകർ മരിച്ചു. ഇതിൽ 70 ൽ ഏറെ മരണവും കഴിഞ്ഞ മാസമാണ്.

ബോഡി ബിൽഡർ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ: രാജ്യാന്തര ബോഡി ബിൽഡർ ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ച് വഡോദരയിൽ അന്തരിച്ചു. 'ഭാരത് ശ്രീ' പദവി നേടിയിട്ടുള്ള ലാഡ് നവിമുംബൈ സ്വദേശിയാണ്.

ലോക ചാംപ്യൻഷിപ്പിൽ വെള്ളി മെഡലും മിസ്റ്റർ ഇന്ത്യ മത്സരത്തിൽ സ്വർണ മെഡലും സ്വന്തമാക്കിയിട്ടുണ്ട്. ഭാര്യയും ഒരു മകളുമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ലാഡ് നവി മുംബൈയിൽ നിന്ന് വഡോദരയിലേക്ക് താമസം മാറിയത്.

സിത്താർ വിദ്വാൻ പണ്ഡിറ്റ് ദേബു ചൗധരി അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്ത സിത്താർ വിദ്വാൻ പണ്ഡിറ്റ് ദേബു ചൗധരി (ദേവബ്രത ചൗധരി84) അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണു മരിച്ചത്.

രോഗബാധിതനായ ദേബു ചൗധരിക്ക് ആശുപത്രി കിടക്ക ലഭിക്കാതെ വന്നതോടെ ട്വിറ്ററിൽ എസ്ഒഎസ് സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. ഒടുവിൽ ഇദ്ദേഹത്തിന്റെ ശിഷ്യരുടെയും ആരാധകരുടെയും ശ്രമഫലമായാണു ജിടിബി ആശുപത്രിയിൽ കിടക്ക തരപ്പെട്ടത്.

പണ്ഡിറ്റ് രവിശങ്കർ, നിഖിൽ ബാനർജി തുടങ്ങിയ സിത്താർ വിദഗ്ദ്ധർക്കൊപ്പം അറിയപ്പെട്ടിരുന്ന ഇദ്ദേഹം സേനിയ ഘരാന പാരമ്പര്യമാണ് പിന്തുടർന്നത്. സിത്താറിനു വഴങ്ങാത്ത രാഗങ്ങൾപോലും ചൗധരിക്ക് അനായാസമായിരുന്നു.

ഉസ്താദ് മുഷ്താഖ് ഹുസൈൻ ഖാന്റെ ശിഷ്യനായിരുന്നു. അദ്ധ്യാപകൻ, എഴുത്തുകാരൻ, സംഗീതസംവിധായകൻ എന്നീ നിലകളിലും ശോഭിച്ച ചൗധരിക്ക് പത്മഭൂഷൺ, പത്മശ്രീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 7 പുസ്തകങ്ങൾ രചിച്ചു.

നടൻ രൺധീർ കപൂർ ഐസിയുവിൽ
മുംബൈ: കോവിഡ് സ്ഥിരീകരിച്ച നടൻ രൺധീർ കപൂറിനെ (74) മുംബൈ കോകിലാബെൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അറിയിച്ചു.

അസം ഖാനു കോവിഡ്
സീതാപുർ: സമാജ്വാദി പാർട്ടി നേതാവും എംപിയുമായ അസം ഖാനു കോവിഡ് സ്ഥിരീകരിച്ചു. 2020 ഫെബ്രുവരി മുതൽ ഭൂമിയിടപാടു കേസുകളിൽ പെട്ട് ജയിലിലാണ് ഖാൻ.