ന്ത്യൻ വകഭേദം ബ്രിട്ടനിൽ കൊണ്ടുവന്ന രോഗവ്യാപനം രണ്ടാഴ്‌ച്ചകൊണ്ട് നാലിരട്ടിയായി എന്ന് ഒരു പ്രധാന ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ കൊറോണ താണ്ഡവത്തിന് ഊർജ്ജം പകർന്ന ഈ വകഭേദം കഴിഞ്ഞ ഫെബ്രുവരിയിലാണ് ബ്രിട്ടനിൽ ആദ്യമായി കണ്ടെത്തുന്നത്. ഇതുവരെ ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം ഏകദേശം നാനൂറോളം പേരിലാണ് കണ്ടെത്തിയത്. മൊത്തം രോഗവ്യാപനത്തിന്റെ 0.2 ശതമാനം മാത്രമാണ് ഇത് വരികയെങ്കിലും ഏപ്രിൽ പകുതിയോടെ ഈ വകഭേദത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടുള്ള 1.7 ശതമാനത്തിന്റെ വർദ്ധനവാണ് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാഴ്‌ത്തുന്നത്.

ബി. 1.617 എന്ന് ഔദ്യോഗികനാമം പേറുന്ന ഇന്ത്യൻ വകഭേദം വീണ്ടും ജനിതകമാറ്റം സംഭവിച്ച് മൂന്ന് വ്യത്യസ്ത ഇനം വൈറസുകളായി മാറിയിരിക്കുന്നു എന്ന ശാസ്ത്രജ്ഞന്മാർ കണ്ടെത്തി. സുപ്രധാന ജനിതക മാറ്റങ്ങളെല്ലാം ഈ മൂന്ന് ഇനങ്ങളിലും സമാനമായി തുടരുമ്പോൾ, ചെറിയചെറിയ മാറ്റങ്ങളാണ് ഇവയിൽ വന്നിട്ടുള്ളത്. ഇതിൽ ഏതെങ്കിലും ഒരു ഇനം കെന്റ് ഇനത്തേക്കാൾ വേഗതയിൽ പടരുന്നതാണോ എന്ന കാര്യത്തിൽ പക്ഷെ വ്യക്തത വരുത്താൻ ശാസ്ത്രലോകത്തിനായിട്ടില്ല.

എന്നാൽ, ഫൈസർ വാക്സിനും, ഇന്ത്യയിൽ കോവിഷീൽഡ് എന്നറിയപ്പെടുന്ന അസ്ട്രാസെനെക വാക്സിനും ഈ ഇനത്തിനെതിരെ ഫലപ്രദമായ പ്രതിരോധം തീർക്കുമെന്നാണ് ചില ഗവേഷണഫലങ്ങൾ തെളിയിക്കുന്നത്. ബ്രിട്ടനിലെ ചില ഭാഗങ്ങളിൽ, രോഗവ്യാപനത്തിൽ പ്രധാന പങ്ക് ഈ ഇനം വൈറസുകളാണ് വഹിക്കുന്നത്. ഉദാഹരണത്തിന് ബേസിങ്സ്റ്റോക്കിലെ ഓരോ അഞ്ച് രോഗികളിലും ഒരാൾ വീതം ഈ വൈറസിനെ പേറുന്നു.

സൗത്ത് ആഫ്രിക്കൻ ഇനത്തേക്കാളും ബ്രസീലിയൻ ഇനത്തേക്കാളും വേഗത്തിൽ പടരാൻ ഈ ഇനങ്ങൾക്ക് ആകും എന്നാണ് കണക്കുകൾ സൂചിപിക്കുന്നത്. എന്നാൽ, ഈ ഇനം പ്രധനമായും ബ്രിട്ടനിലെത്തുന്ന യാത്രക്കാരിലൂടെയാണ് പകർന്നിരിക്കുന്നത്. ലണ്ടനിലെ വെൽകം സാംഗർ റിസർച്ച് ഇൻസ്റ്റിറ്റിയുട്ട് പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ പറയുന്നത് ഏപ്രിൽ 10 ന് അവസാനിച്ച ആഴ്‌ച്ചയിലെ കണക്ക് പ്രകാരം പോസിറ്റീവ് ടെസ്റ്റുകളിൽ 1.7 ശതമാനം ഇന്ത്യൻ വകഭേദമാണെന്നാണ്. അതിനു തൊട്ടുമുൻപത്തെ ആഴ്‌ച്ചയിൽ ഇത് 0.5 ശതമാനവും , അതിനും തൊട്ടുമുൻപത്തെ ആഴ്‌ച്ചയിൽ 0.2 ശതമാനവും ആയിരുന്നു.

അതേസമയം, ബ്രിട്ടനിലെ കോവിഡ് കേസുകളിൽ ഭൂരിഭാഗവും കെന്റ് വകഭേദമാണ്. ഏകദേശം 98 ശതമാനം രോഗികളിലും ഇതിന്റെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിട്ടുള്ളത്. അതേസമയം, ഇന്ത്യൻ വകഭേദത്തിന്റെ വ്യാപന നിരക്കിൽ ഉണ്ടാകുന്ന വർദ്ധനയാണ് ഏറെ ആശങ്കയുണർത്തുന്നത്.