ന്ത്യയിൽ കോവിഡ് വ്യാപനം ശക്തമാവുകയും, മരണനിരക്ക് ഏറുകയും അതോടൊപ്പം ജീവനക്കാർക്ക് വീടുകളിൽ തന്നെ തുടരേണ്ടതായ അവസ്ഥ വന്നുചേരുകയും ചെയ്തതോടെ ബാർക്ലീസ്, തങ്ങളുടെ ഇന്ത്യയിലുള്ള ചില കോൾ സെന്റർ ഓപ്പറേഷനുകൾ യു കെയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ത്യയിൽ ഏകദേശം 20,000 ജീവനക്കാരുണ്ട് എന്നുപറഞ്ഞ ചീഫ് എക്സിക്യുട്ടീവ് ജെസ് സ്റ്റെയ്ലി പക്ഷെ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ഇവരിൽ പലർക്കുംതങ്ങളുടെ ഉറ്റവരെ നോക്കുന്നതിനായി വീടുകളിൽ തുടരേണ്ടി വരുന്നതായും പറഞ്ഞു.

കമ്പനിയുടെ ജീവകാരുണ്യ സംഘടനവഴി ഇന്ത്യയിൽ കോവിഡ് ദുരിതമനുഭവിക്കുന്നവർക്കുള്ള സാമ്പത്തിക സഹായം നൽകിയതിനുശേഷമാണ് ചില കോൾ സെന്റർ പ്രവർത്തനങ്ങൾ യു കെയിലേക്ക് മാറ്റിയത്. ബാങ്കിനെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള ഒരു രാജ്യമാണ് ഇന്ത്യ എന്നു പറഞ്ഞ സ്റ്റെയ്ൽ, പക്ഷെ ഇപ്പോൾ ഇന്ത്യ അതീവ ഗുരുതരമായ ഒരു പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത് എന്നും പറഞ്ഞു.

വലിയൊരു വിഭാഗം ജീവനക്കാർക്ക്, തങ്ങളുടെ കുടുംബാംഗങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതിനാൽ വീടുകളിൽ തന്നെ തുടരേണ്ടതായി വരുന്നു എന്ന് അദ്ദേഹം പറയുന്നു. നിലവിൽ അവർക്ക് ശമ്പളം നൽകുന്നുണ്ടെങ്കിലും, ആവശ്യമായ ജോലി ഇത്തരം അവസ്ഥയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ല. ഇന്ത്യയിൽ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടിന്റെ ഒരംശം യു കെയിലെ കോൾ സെന്ററുകളിലേക്ക് മാറ്റുകയാണെന്നാണ് അദ്ദേഹം പറയുന്നത്. അവിടെ അവർ കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യുന്നുണ്ടെന്നും കൂടുതൽ കോളുകൾ എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിസന്ധിയിൽ കൂടുതൽ ബാങ്ക് ഇടപാടുകൾ ഓൺലൈനിലേക്ക് മാറിയതിനാൽ ഇനിമുതൽ ഹൈബ്രിഡ് ബാങ്കിങ് മാതൃകകൾക്കായിരിക്കും നിലനിൽപ് എന്നും അദ്ദേഹം പറഞ്ഞു. ഹൈസ്ട്രീറ്റ് ശാഖകൾ പ്രവർത്തനം തുടരുമെങ്കിലും ഭാവിയിൽ അവയുടെ പ്രവർത്തനം ബുദ്ധിമുട്ടിലാകാനും ഇടയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പൊതുവേ, ബാങ്കിന്റെ ശഖകളിൽ എത്തി സേവനം സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അദ്ദേഹം പറഞ്ഞു.