- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കത്തിപ്പടരുമ്പോൾ നഴ്സുമാരും ഡോക്ടർമാരും നാടു വിടുന്നത് ഇന്ത്യയോട് കാട്ടുന്ന ചതി; ഇന്ത്യയിൽ നിന്നുള്ള നിയമനം നിർത്തി വച്ചു ബ്രിട്ടൻ; വിസ കിട്ടിയവർക്കും അറിയിപ്പുണ്ടാകുന്നതു വരെ യു കെയിലേക്ക് പോകാനാവില്ല
ഇന്ത്യയിൽ കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ, ഇന്ത്യയ്ക്ക് കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ആവശ്യമാണെന്ന ധാർമ്മികമായ നിലപാട് ബ്രിട്ടൻ എടുത്തത് തിരിച്ചു കൊത്തുന്നത് ഇന്ത്യാക്കാരെ തന്നെ. ഇന്ത്യയ്ക്ക് ഏറ്റവും അധികം ആവശ്യമുള്ള സമയത്ത് ഡോക്ടർമാരും നഴ്സുമാരും കെയറർമാരും ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർ ഇന്ത്യ വിടുന്നത് പ്രതിസന്ധി രൂക്ഷമാക്കും എന്ന തിരിച്ചറിവിൽ ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ നിയമനം എൻ എച്ച് എസ് താത്ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.
ഇന്ത്യയിലെ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ നിയമനം താത്ക്കാലികമായി മരവിപ്പിക്കാനാണ് എൻ എച്ച് എസ്, അതിനു കീഴിലുള്ള വിവിധ ട്രസ്റ്റുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നിയമന നടപടികൾ പൂർത്തിയാക്കി ബ്രിട്ടനിലേക്ക് പറക്കാൻ കാത്തിരിക്കുന്നവർക്കും ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി തീരുന്നതുവരെ കാത്തിരിക്കേണ്ടതായി വരും. എന്നാൽ, ജോബ് ഓഫർ ലഭിച്ചവരുടെ അവസരം ഒരിക്കലും നഷ്ടപ്പെടുകയില്ല.അവരുമായി നിതാന്ത സമ്പർക്കത്തിൽ ഏർപ്പെടാൻ എൻ എച്ച് എസ് ട്രസ്റ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തേ ഇന്ത്യയെ ബ്രിട്ടന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും, ഇന്ത്യയിൽ നിന്നും ഇവിടെ എത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പ്രാബല്യത്തിൽ വരികയും ചെയ്തതോടെ തന്നെ വിവിധ റിക്രൂട്ടിങ് ഏജൻസികൾക്ക് അവർ നിയമിച്ച നഴ്സുമാരേയും മറ്റ് ആരോഗ്യ പ്രവർത്തകരേയും ബ്രിട്ടനിലേക്ക് അയയ്ക്കാൻ കഴിയാതെ വന്നിരുന്നു. പിന്നീറ്റ് ആശുപത്രികൾ നേരിട്ട് ക്വാറന്റൈൻ സംവിധാനം ഒരുക്കുമെന്ന നില എത്തിയപ്പോഴാണ് ഈ യാത്രകൾ സാധ്യമാകുമെന്ന നില വന്നത്. അപ്പോഴാൺ! ധാർമ്മികതയുടെ പേരിൽ നിയമനങ്ങൾ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടൻ വിദേശങ്ങളിൽ നിന്നും കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി മാസംതോറും നൂറുകണക്കിന് മലയാളി നഴ്സുമാർ ബ്രിട്ടനിലെത്തുകയും ചെയ്തിരുന്നു. അതിനിടയിലാണ് പുതിയ ഉത്തരവിറങ്ങിയത്. ഇത് ജോലി ലഭിച്ച ആരുടെയും അവസരം ഇല്ലാതെയാക്കുന്നില്ലെങ്കിലും, ജോലി ലഭിച്ചവർക്ക് അത് ആരംഭിക്കുവാൻ ഇനിയും കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടതായി വരും.
മറുനാടന് മലയാളി ബ്യൂറോ