രു മാസം മുൻപ് വരെ കോവിഡിനെറ്റ്നിയന്ത്രിക്കുന്നതിൽ ഇന്ത്യ കൈവരിച്ച നെട്ടത്തെ പാടിപ്പുകഴ്‌ത്തിയിരുന്ന വിദേശമാധ്യമങ്ങൾക്കിപ്പോൾ പറയാനുള്ളത് കണ്ണുനീരിൽ കുതിർന്ന ദുരിത കഥകൾ മാത്രം. ഒന്നാം വരവിനെ നേരിടാനായെങ്കിലും, രണ്ടാം വരവിനെ നേരിടുന്നതിൽ സർക്കാർ വരുത്തിയ പാകപ്പിഴകൾ ഓരോന്നായി ചൂണ്ടിക്കാട്ടുന്നുമുണ്ട് അവർ. ആവശ്യത്തിനു സമയവും, പാശ്ചാത്യ നാടുകളിലെ അനുഭവത്തിൽ നിന്നുള്ള അറിവും ഉണ്ടായിട്ടും വേണ്ട സമയത്ത് ആവശ്യമായ മുൻകരുതലുകൾ എടൂത്തില്ലെന്ന് മാത്രമല്ല, വിവാഹം പോലുള്ള ആഘോഷങ്ങൾക്കും മതപരമായ ചടങ്ങുകൾക്കും, തെരഞ്ഞെടുപ്പിനും മറ്റും ആൾക്കൂട്ടത്തിന് അനുമതി നൽകി കൊറോണയുടെ രണ്ടാം വരവിൽ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുകയുമായിരുന്നു എന്നവർ പറയുന്നു.

ആശുപത്രിയിൽ ഒരു കിടയ്ക്കക്കായി മൂന്നു മണിക്കൂറോളം ഒരു ആശുപത്രിയിലെ കാർപാർക്കിങ് ഏരിയയിൽ കാത്തിരുന്ന് അവസാനം ശ്വാസം മുട്ടി മരിച്ച ജാഗ്രിതി ഗുപ്ത എന്ന വനിതയുടെ ദുരന്തകഥയുടെ നേർക്കാഴ്‌ച്ചകളുമായാണ് ഇന്ന് ഡെയ്ലി മെയിൽ വന്നിരിക്കുന്നത്. നോയിഡയിലെ ജി ഐ എം എസ് ആശുപത്രിയിലെ കാർപാർക്കിംഗിൽ പാർക്ക് ചെയ്ത കാറിനകത്തായിരുന്നു അവർക്ക് ദാരുണാന്ത്യം സംഭവിച്ചത്. അവരുടേ സുഹൃത്തുക്കളും ബന്ധുക്കളും അവരെ ചികിത്സിക്കണമെന്ന് അപേക്ഷിച്ചതെല്ലാം ബധിരകർണ്ണങ്ങളിൽ പതിക്കുകയായിരുന്നു.

എന്നാൽ, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്‌ച്ചയായിരുന്നില്ല അത്. പ്രതിദിനം 4 ലക്ഷത്തോളം പുതിയ രോഗബാധകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ലോകത്തിലെ ആദ്യ രാഷ്ട്രമായി മാറിയിരിക്കുകയാണ് ഇന്ത്യ. ആരോഗ്യ രംഗം ഏതാണ് താറുമാറാകുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് മറ്റൊരു പ്രമുഖ മധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ 3,500 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 2,12,000 ആയി ഉയർന്നു. നിലവിൽ മെക്സിക്കോ, ബ്രസീൽ, അമേരിക്ക എന്നീ രാജ്യങ്ങൾ മാത്രമാണ് കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

അതിനിടയിൽ വൈറസിൽ സംഭവിച്ചിരിക്കുന്ന ചില ചെറിയ ജനിതക മാറ്റങ്ങൾ ഒരുപക്ഷെ അതിനെ പ്രതിരോധ സംവിധാനത്തെ മറികടക്കുന്നതിന് സഹായിക്കുന്നുണ്ടാകും എന്ന് ചില ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നും ഇവർ പറയുന്നു. വൈറസിന്റെ കാര്യത്തിൽ കൂടുതൽ ഗവേഷണങ്ങൾക്കായി ഇന്ത്യൻ സർക്കാർ രൂപീകരിച്ച ഇന്ത്യൻ സാർസ്-കോവ്-2 ജെനെറ്റിക് കൺസോർഷ്യം അഥവാ ഐ എൻ എസ് എ സി ഒ ജിപറയുന്നത് കൂടുതൽ പഠനം ആവശ്യമായ നിലയിൽ ധാരാളം ജനിതകവ്യതിയാനങ്ങൾ വൈറസിൽ കണ്ടെത്താനായി എന്നാണ്.

രാജ്യവ്യാപകമായി തന്നെ ഏറ്റവും അപകട സാധ്യതയുള്ള വിഭാഗത്തിൽ പെട്ടവർക്ക് ഓക്സിജൻ ലഭ്യമാക്കുവാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. ശുചീകരണ തൊഴിലാളികൾ ആശുപത്രി വാർഡുകൾ ശുചീകരിക്കുന്ന തിരക്കിലാണ്. പ്രിയപ്പെട്ടവരുടെ ഭൗതിക ശരീരം സംസ്‌കരിക്കുന്ന തിരക്കിലാണ് ബന്ധുക്കൾ. ശാന്തിയും സമാധാനവും നഷ്ടപ്പെട്ട ഒരു ഭൂമികയായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ത്യ എന്നാണ് പല മാധ്യമങ്ങളും പറയുന്നത്.

അതേസമയം, ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉദ്പാദകരായ ഇന്ത്യ ഉദ്പാദനക്ഷമത വീണ്ടും വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നിരുന്നിട്ടും ഇപ്പോഴും പല സംസ്ഥാനങ്ങളിലും വാക്സിൻ ദൗർലഭ്യം അനുഭവപ്പെടുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ പ്രധാന വാണിജ്യ നഗരമായ അഹമ്മദാബാദിൽ വാക്സിനായി ജനങ്ങൾ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന കാര്യവും ചില മാധ്യമങ്ങൾ വാർത്തയാക്കിയിട്ടുണ്ട്. പടിഞ്ഞാറൻ ഗുജറാത്തിലെ ഒരു കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 18 പേർ മരിച്ച വിവരവും പ്രധാന വാർത്തയാണ്.