ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി ഇത്ര നാളുകളായിട്ടും രോഗവ്യാപനം വർദ്ധിക്കുന്നില്ല എന്നു മാത്രമല്ല, ക്രമമായി കുറയുന്നുമുണ്ട്. ഇത് ബ്രിട്ടന് കൂടുതൽ ആത്മവിശ്വാസം പകരുകയാണ്. കഴിഞ്ഞ ശനിയാഴ്‌ച്ചയിലേതിനേക്കാൾ 7 ശതമാനത്തിന്റെ കുറവാണ് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കണ്ടത്. 1,907 പേർക്കാണ് ബ്രിട്ടനിൽ ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം, മരണനിരക്കിൽ കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 50 ശതമാനത്തിലേറെ കുറവ് ദൃശ്യമായി.

കഴിഞ്ഞ ശനിയാഴ്‌ച്ച 15 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ ഇന്നലെ രേഖപ്പെടുത്തിയത് വെറും ഏഴ് കോവിഡ് മരണങ്ങൾ മാത്രമായിരുന്നു. അതേസമയം, തികച്ചും വ്യത്യസ്തമായ ഒരു റിപ്പോർട്ടിൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത് കഴിഞ്ഞ സെപ്റ്റംബറിനു ശേഷമുള്ള ഏത് കാലയളവിനേക്കാൾ കുറഞ്ഞ തോതിലാണ് ഇപ്പോൾ രോഗവ്യാപനം നടക്കുന്നത് എന്നാണ്. മാത്രമല്ല കഴിഞ്ഞ അഞ്ച് ആഴ്‌ച്ചകളായി രോഗവ്യാപനം ക്രമമായി കുറഞ്ഞുവരികയാണെന്നും പറയുന്നു.

ഭാഗികമായിട്ടാണെങ്കിലും , ഹോസ്പിറ്റാലിറ്റി മേഖല തുറന്നു പ്രവർത്തനം ആരംഭിക്കുകയും സാമൂഹിക ഒത്തുചേരലുകൾക്ക് നിബന്ധനകളോടെ അനുവാദം നൽകുകയും ചെയ്തതിനു ശേഷം കൂടി രോഗവ്യാപനം കുറയുന്നത് തികച്ചും നല്ല ശകുനമാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. സാഹചര്യങ്ങൾ അനുകൂലമാകാൻ തുടങ്ങിയതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന ആവശ്യത്തിനും ശക്തികൂടിയിട്ടുണ്ട്.

മെയ്‌ 17-ന് അടുത്തഘട്ടം ഇളവുകൾ പ്രഖ്യാപിക്കാനിരിക്കെ പല കുടുംബങ്ങളും ഈ മാസം തന്നെ യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. തിരിച്ചെത്തിയാൽ ക്വാറന്റൈൻ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ ലിസ്റ്റടങ്ങിയ ഗ്രീൻ ലിസ്റ്റ് ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇതിൽ വളരെ കുറച്ച് രാജ്യങ്ങൾ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ഉണ്ടാവുക. മാറുന്ന സഹചര്യങ്ങൾക്കനുസരിച്ച് ഈ ഗ്രീൻ ലിസ്റ്റ് ഓരോ മൂന്നാഴ്‌ച്ച കൂടുമ്പോഴും അപ്ഡേറ്റ് ചെയ്യും. ഇതിൽ ഉള്ളതിൽ ചില രാജ്യങ്ങളുടെ പേരുകൾ നീക്കം ചെയ്യുകയോ പുതിയ രാജ്യങ്ങൾ കൂട്ടിച്ചേർക്കുകയോ ചെയ്തെന്നു വരാം.

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ട്രാഫിൽ ലൈറ്റ് സമ്പ്രദായ പ്രകാരം, ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങുന്നവർ രണ്ട് കോവിഡ് പരിശോധനകൾക്ക് വിധേയരാകണം എങ്കിലും, ബ്രിട്ടനിൽ എത്തിയാൽ ക്വാറന്റൈന് വിധേയരാകണം എന്നില്ല. ഇതിൽ ഒരു പരിശോധന നടത്തേണ്ടത് ബ്രിട്ടനിലേക്കുള്ള മടക്കയാത്ര ആരംഭിക്കുന്നതിന് മുൻപും മറ്റൊന്ന് ബ്രിട്ടനിലെത്തി രണ്ടു ദിവസം കഴിഞ്ഞിട്ടുമാണ്. ആദ്യത്തേത് ലാറ്ററൽ പരിശോധനയോ പി സി ആർ പരിശോധനയോ ആകാമെങ്കിലും രണ്ടാമത്തേത് പി സി ആർ പരിശോധന തന്നെ വേണമെന്ന് നിർബന്ധമാണ്.

ഓറഞ്ച്, റെഡ് ലിസ്റ്റിൽ ഉള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർ യഥാക്രമം ഹോം ക്വാറന്റൈൻ, ഹോട്ടൽ ക്വാറന്റൈൻ എന്നിവയ്ക്ക് വിധേയരാകണം മാത്രമല്ല, മൂന്ന് പരിശോധനകൾക്ക് വിധേയരാകണം. എന്നാൽ 11 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പരിശോധന ആവശ്യമില്ല. ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളും ഓറഞ്ച് ലിസ്റ്റിൽ ഉൾപ്പെടും എന്നാണ് മനസ്സിലാകുന്നത്.