കൊല്ലം: തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷം നടക്കവെ നൊമ്പരമായി എം.നൗഷാദ് എംഎൽഎയുടെ ഡ്രൈവറുടെ മരണം. അഞ്ചാലുംമൂട് പ്രാക്കുളം മംഗലശേരിൽ വീട്ടിൽ രാജീവന്റെയും ലീലയുടെയും മകൻ അഭിലാഷ് രാജീവാണ്(42) മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നു കാറിനുള്ളിൽ തളർന്നു വീണ നിലയിൽ കണ്ടെത്തിയ അഭിലാഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഇന്നലെ വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. എംഎൽഎ ഓഫിസിൽ തിരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെ അഭിലാഷിനു തളർച്ച അനുഭവപ്പെട്ടു. തുടർന്ന് എംഎൽഎയുടെ വാഹനത്തിനുള്ളിൽ കയറി വിശ്രമിക്കുകയായിരുന്നു.

ഏറെ നേരത്തിനു ശേഷം അഭിലാഷിനെ ഫോണിൽ വിളിച്ചിട്ടു പ്രതികരിക്കാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിനുള്ളിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. 5 വർഷമായി എംഎൽഎയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം മോർച്ചറിയിൽ.