കേരള നിയമസഭയിലെ വനിതകളുടെ സാന്നിധ്യം ഇത്തവണ എട്ടിൽനിന്ന് പത്തായി ഉയരും. കോവിഡിനെതിരേ മികച്ച പ്രവർത്തനം കാഴ്ചവെച്ച് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ മന്ത്രി കെ.കെ. ശൈലജ (മട്ടന്നൂർ), വീണാ ജോർജ് (ആറന്മുള), സി.കെ. ആശ (വൈക്കം), യു. പ്രതിഭ (കായംകുളം) എന്നിവർ ഇത്തവണയും ജയിച്ചുകയറി. ഗായിക ദലീമാ ജോജോ (അരൂർ), കെ.എസ്. അംബിക (ആറ്റിങ്ങൽ), ചിഞ്ചുറാണി (ചടയമംഗലം), ആർ. ബിന്ദു (ഇരിങ്ങാലക്കുട), കെ. ശാന്തകുമാരി (കോങ്ങാട്), കാനത്തിൽ ജമീല (കൊയിലാണ്ടി) എന്നിവരാണ് ജയിച്ച മറ്റുള്ളവർ. യുഡിഎഫിൽ നിന്നും കെ.കെ രമയും വിജയിച്ചു കയറി.

എൽ.ഡി.എഫ്. രംഗത്തിറക്കിയ 15-ൽ ഒൻപതുപേരും വിജയിച്ചു. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ (കുണ്ടറ), സിന്ധുമോൾ ജേക്കബ് (പിറവം), പി. ജിജി (വേങ്ങര), ആർ. മിഥുന (വണ്ടൂർ), ഷെൽന നിഷാദ് (ആലുവ) എന്നിവർ തോറ്റു.

യു.ഡി.എഫ്. സഖ്യത്തിനുകീഴിൽ കെ.കെ. രമയും വിജയിച്ചു കയറി. കോൺഗ്രസിന്റെ 12 പേരിൽ ഒരാൾക്കുമാത്രമേ ജയിക്കാനായുള്ളൂ. ഏറ്റവും കുറച്ച് വനിതാ സ്ഥാനാർത്ഥികളുള്ള പാർട്ടിയാണ് കോൺഗ്രസ്. സ്ത്രീകളുടെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി ഏറെ തർക്കത്തിനും വികാരപ്രകടനങ്ങൾക്കും ഇറങ്ങിപ്പോക്കിനും സാക്ഷ്യംവഹിച്ച കോൺഗ്രസിന്റെ ബിന്ദുകൃഷ്ണ, പത്മജ വേണുഗോപാൽ, മുന്മന്ത്രി പി.കെ. ജയശലക്ഷ്മി, സിറ്റിങ് എംഎ‍ൽഎ. ഷാനിമോൾ ഉസ്മാൻ എന്നിവർ തോറ്റു.

അരിതാ ബാബു, കെ.എ. ഷീബ, നൂർബിന റഷീദ്, രശ്മി ആർ., ആൻസജിത റസ്സൽ, പി.ആർ. സോന, വീണാ നായർ എന്നിവരാണ് തോൽവിയേറ്റുവാങ്ങിയ മറ്റു കോൺഗ്രസ് സ്ഥാനാർത്ഥികൾ. യു.ഡി.എഫ്. നേതൃത്വത്തോടിടഞ്ഞ് സ്വതന്ത്രയായി മത്സരിച്ച ലതികാ സുഭാഷിനും വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കും വിജയം നേടാനായില്ല.

എൻ.ഡി.എ. 0/20

ശോഭാ സുരേന്ദ്രനും സി.കെ. ജാനുവുമടക്കം ഏറ്റവുമധികം സ്ത്രീകളെ മത്സരരംഗത്തിറക്കിയ ബിജെപി.യുടെ (20) ഒറ്റയാളും വിജയിച്ചില്ല.

ജി.എസ്. ആശാനാഥ്, പത്മജ എസ്., അഡ്വ. സംഗീതാ വിശ്വനാഥൻ, ആനിയമ്മ രാജേന്ദ്രൻ, അർച്ചന വണ്ടിച്ചാൽ, ബിറ്റി സുധീർ, ഷീബാ ഉണ്ണികൃഷ്ണൻ, മിനെർവ മോഹൻ, നവ്യാ ഹരിദാസ്, വനജാ വിദ്യാധരൻ, രേണു സുരേഷ്, രാജി പ്രസാദ്, നസീമ ഷറഫുദ്ദീൻ, ഡോ. ജെ. പ്രമീളാദേവി, സ്മിതാ ജയമോഹൻ, അഡ്വ. സുചിത്ര മാട്ടട, ടി.പി. സിന്ധുമോൾ, അജിതാ ബാബു എന്നിവരാണ് ബിജെപി.യിൽനിന്ന് മത്സരിച്ചു തോറ്റവർ.