അപരന്മാരെല്ലാം കൂടി 1972 വോട്ട് നേടിയപ്പോൾ പെരിന്തൽമണ്ണയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.പി.എം. മുസ്തഫ യു.ഡി.എഫിലെ നജീബ് കാന്തപുരത്തോട് തോറ്റത് 38 വോട്ടിന്. . മുസ്തഫയുടെ പേരിനോട് ഏറെ സാമ്യമുള്ള അപരന്മാരെല്ലാം ചേർന്നാണ് എൽഡിഎഫ് നേതാവിന്റെ പരാജയം ഉറപ്പിച്ചത്. ഇവിടുത്തെ അപരന്മാരായ കെ.പി. മുഹമ്മദ് മുസ്തഫ-751, പി.കെ. മുസ്തഫ-750, മുസ്തഫ-471 എന്നിങ്ങനെ വോട്ട് നേടി. നജീബിന്റെ അപരനായ നജീബ് കുറ്റീരിക്കും കിട്ടി 828 വോട്ട്.

മറ്റിടങ്ങളിൽ അപരന്മാർ പിടിച്ച വോട്ടിലൂടെ ഇത്തവണ ഒരു സ്ഥാനാർത്ഥിയും തോറ്റില്ല. കെ.കെ. രമയ്‌ക്കെതിരേ വടകരയിൽ മൂന്നു രമമാർ മത്സരരംഗത്തുണ്ടായിരുന്നു. ഇവർക്ക് 189 വോട്ടേ കിട്ടിയുള്ളൂ. മലപ്പുറത്തെ തവനൂരിലായിരുന്നു കൂടുതൽ അപരന്മാർ ഉണ്ടായിരുന്നത്. ഇവിടെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന്റെ പേരിനോട് സാദൃശ്യമുള്ള നാലു ഫിറോസുമാർ മത്സരിച്ചു. ഇവരെല്ലാംകൂടി 600 വോട്ടേ നേടിയുള്ളൂ. എൽ.ഡി.എഫ്. സ്ഥാനാർത്ഥി മുന്മന്ത്രി കെ.ടി. ജലീലിനോട് സാദൃശ്യമുള്ള സ്വതന്ത്രനായ ജലീൽ 308 വോട്ടുപിടിച്ചു.

കുന്നംകുളത്ത് രണ്ടു മൊയ്തീന്മാരെ മത്സരരംഗത്ത് ഇറക്കി. ഇവിടെയും അപരന്മാർ ചലനമുണ്ടാക്കിയില്ല. കുന്നത്തുനാട്, അടൂർ, പാലാ, ചേർത്തല, ആറന്മുള, തൃത്താല, മണ്ണാർക്കാട്, മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂർ, കല്പറ്റ, കോതമംഗലം തുടങ്ങിയ മണ്ഡലങ്ങളിലും പ്രമുഖ മുന്നണിസ്ഥാനാർത്ഥിമാരുടെ അതേപേരിലുള്ള സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു.