കൊല്ലം: കേരള രാഷ്ട്രീയത്തിന്റെ അതികായന് ജന്മ നാട്ടിൽ ആഗ്രഹം പോലെ ഭാര്യയ്ക്ക് അരികിൽ അന്ത്യ വിശ്രമം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും രാഷ്ട്രീയ നേതാക്കളും അനുചരന്മാരും അടക്കം അനേകം പേരാണ് അദ്ദേഹത്തിന് യാത്രാമൊഴി നൽകാൻ വാളകത്തെ കുടുംബ വീട്ടിലും എത്തിയത്. കർമമണ്ഡലത്തിൽ നിന്ന് ആരംഭിച്ച വിലാപ യാത്രയിലും പൊതുദർശനത്തിലുമെല്ലാം നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിവിധ രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക മേഖലകളിൽ നിന്നുള്ളവർ പങ്കാളികളായി അന്ത്യാഞ്ജലി അർപ്പിച്ചു.

ഇന്നലെ രാവിലെ ഏഴോടെ ആർ.ബാലകൃഷ്ണപിള്ളയുടെ മൃതദേഹം കൊട്ടാരക്കരയിലെ കീഴൂട്ട് വീട്ടിൽ കൊണ്ടുവന്നു. സമൂഹത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ളവർ യാത്രാമൊഴിയേകാൻ എത്തിയിരുന്നു. 9 മണിയോടെ മൃതദേഹം പുനലൂരിലേക്കു കൊണ്ടുപോകാനാണു നിശ്ചയിച്ചതെങ്കിലും ജനത്തിരക്ക് കാരണം ഒരു മണിക്കൂർ വൈകി. കെഎസ്ആർടിസി ബസിലാണ് മൃതദേഹം പുനലൂരിലേക്ക് കൊണ്ടു പോയത്. പുഷ്പാലംകൃതമായ കെഎസ്ആർടിസി ബസിൽ 10 മണിയോടെ ആയിരുന്നു മൃതദേഹവുമായി വിലാപ യാത്ര. ഗണേശ്‌കുമാറിനൊപ്പം പാർട്ടി പ്രവർത്തകരും മൃതദേഹത്തെ അനുഗമിച്ചിരുന്നു. ബാലകൃഷ്ണപിള്ള പ്രസിഡന്റായ എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്റെ പുനലൂരിലെ ഓഫിസിൽ

ഭൗതികശരീരം എത്തിച്ചപ്പോൾ യൂണിയൻ ഭാരവാഹികൾ ഏറ്റുവാങ്ങി ഓഡിറ്റോറിയത്തിൽ എൻഎസ്എസ് പതാക പുതപ്പിച്ച് പൊതുദശനത്തിനുവച്ചു. പത്തനാപുരം, പുനലൂർ താലൂക്ക് പരിധിയിലുള്ള മുഴുവൻ കരയോഗ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, വിവിധ സംഘടനാ നേതാക്കൾ, വിവിധ രാഷ്ട്രീയ- സാമുദായിക നേതാക്കൾ തുടങ്ങിയവർ തങ്ങളുടെ നേതാവിനെ അവസാനമായി കാണാനായി എത്തിയിരുന്നു. തുടർന്നു മൃതദേഹം പ്രത്യേക വാഹനത്തിൽ ജന്മനാടായ വാളകത്തെ വീട്ടിലേക്കു കൊണ്ടുപോയി. മുഖ്യമന്ത്രി അടക്കമുള്ളവർ ഇവിടെയെത്തിയാണു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്.

വൻജനാവലി ഇവിടെയും ബാലകൃഷ്ണപിള്ളയ്ക്ക് യാത്രാമൊഴിയേകാൻ എത്തിയിരുന്നു. ബാലകൃഷ്ണപിള്ളയുടെ ആഗ്രഹം അനുസരിച്ചു സഹധർമിണി ആർ.വൽസലയുടെ സംസ്‌കാരം നടന്ന സ്ഥലത്തിനരികിലാണ് അദ്ദേഹത്തിന്റെ മൃതദേഹവും സംസ്‌കരിച്ചത്. മകൻ കെ.ബി.ഗണേശ്‌കുമാറിന്റെ തിരഞ്ഞെടുപ്പു വിജയത്തിന്റെ സന്തോഷം കെട്ടടങ്ങും മുൻപാണു ബാലകൃഷ്ണപിള്ളയുടെ അന്ത്യയാത്ര.