ന്യൂഡൽഹി: നടി കങ്കണ റനൗട്ടിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു. ബംഗാളിൽ കലാപാഹ്വാനം നടത്തിയ ട്വീറ്റിനെത്തുടർന്ന് നടപടി. ബംഗാളിൽ തോറ്റ ബിജെപി സ്ഥാനാർത്ഥി സ്വപൻദാസ് ഗുപ്ത, തിരഞ്ഞെടുപ്പ് അക്രമങ്ങളെക്കുറിച്ചു നടത്തിയ ട്വീറ്റ്, റീ ട്വീറ്റു ചെയ്ത് കങ്കണ എഴുതിയത് ഇങ്ങനെ: 'ഇത് ഭീകരമാണ്. ഗുണ്ടയെ നേരിടാൻ സൂപ്പർ ഗുണ്ട വേണം. അവർ (മമത) ഒരു ഭീകര ജീവിയാണ്... അവരെ മെരുക്കാൻ മോദിജി 2000ത്തിന്റെ തുടക്കത്തിൽ ഗുജറാത്തിൽ കാണിച്ച വിരാട രൂപം പുറത്തെടുക്കൂ...'

സ്പർധയും വെറുപ്പുമുണ്ടാക്കുന്ന ഉള്ളടക്കം വഴി കങ്കണയുടെ അക്കൗണ്ട് പലവട്ടം സമൂഹമാധ്യമ നയം ലംഘിച്ചതായി ട്വിറ്റർ അറിയിച്ചു. അക്കൗണ്ട് സ്ഥിരമായി സസ്‌പെൻഡ് ചെയ്യുകയാണെന്നും വ്യക്തമാക്കി. മൂർച്ച കൂടിയ പ്രതികരണങ്ങളാണ് മിക്കപ്പോഴും കങ്കണ നടത്താറുള്ളത്. ട്വിറ്റർ നടപടി ജനാധിപത്യ വിരുദ്ധമെന്നാണ് കങ്കണയുടെ പ്രതികരണം.

ഇതിനിടെ, ബംഗാളിലെ അക്രമങ്ങളിൽ ദുഃഖിക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ കങ്കണ പോസ്റ്റ് ചെയ്തു. അവിടെ രാഷ്ട്രപതി ഭരണം വേണമെന്നും കങ്കണ നിറകണ്ണുകളോടെ ആവശ്യപ്പെടുന്നുണ്ട്.