- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി 50,000 കടന്നു കർണാടക; പകുതി രോഗികളും ഹോട്സ്പോട്ടായ ബംഗളൂരുവിൽ; ശ്മശാനങ്ങളിൽ മൃതദേഹം സംസ്‌കരിക്കാൻ ദിവസങ്ങൾ കാത്തുനിൽക്കേണ്ട സാഹചര്യം: അതിരൂക്ഷ രോഗവ്യാപനത്തിൽ കർണാടകയിൽ എല്ലാം കൈവിട്ടു പോകുന്നു
ബെംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. അതിൽ പകുതി രോഗികളും തലസ്ഥാനമായ ബെംഗളൂരുവിലാണുള്ളത്. തികച്ചും ഭയാനകമായ അവ്‌സ്തയിലേക്കാണ് ബെംഗളൂരുവിലും കാര്യങ്ങൾ നീങ്ങുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി അതിതീവ്ര രോഗവ്യാപനമാണ് സംസ്ഥാനത്ത്. ഇന്നലെ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നപ്പോൾ 346 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 16,884 ആയി ഉയർന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് കേസുകൾ 17.4 ലക്ഷമായി ഉയർന്നു.
ഭീതിതമായ വാർത്തകളാണ് കർണാടകയിൽ നിന്നും പുറത്ത് വരുന്നത്. ഇന്നലെ കോവിഡ് രോഗിയായ പിതാവിന് വെള്ളം കൊടുക്കുന്നതിൽ നിന്നും അമ്മ തടഞ്ഞത് വലിയ വാർത്ത ആയിരുന്നു. കോവിഡ് ബാധിച്ച് അവശ നിലയിൽ വീട്ടു മുറ്റത്ത് കിടന്ന പിതാവിന് വെള്ളം കൊടുക്കാൻ ശ്രമിക്കുന്ന മകളെ മാതാവ് തടഞ്ഞു, പിന്നാലെ പിതാവിന്റെ മരണവും സംഭവിക്കുന്ന കരളലിയിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.
ഭയപ്പാടോടെയാണ് ബെംഗളൂരു മലയാളികളും ജീവിതം തള്ളിനീക്കുന്നത്. പ്രതിദിനം കോവിഡ് രോഗവ്യാപന സാഹചര്യം മോശമാകുമ്പോൾ ഭീതിയിലും ആശങ്കയിലുമാണ് ബെംഗളൂരിലെ ആയിരക്കണക്കിന് വരുന്ന മലയാളി സമൂഹം. മതിയായ ചികിത്സ ലഭിക്കാതെ രോഗബാധിതർ മരിക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. കോവിഡ് ബാധിച്ച് അവസ്ഥ തീരെ മോശമായ രോഗികൾക്ക് പോലും ചികിത്സ ലഭിക്കാത്ത അവസ്ഥ. ഇതോടെ മരണം പതിന്മടങ്ങ് വർദ്ധിച്ചു.
ആശുപത്രികളിൽ കിടക്കകൾ ലഭ്യമല്ലാത്തത് രോഗം ബാധിക്കുന്നവരുടെ ചികിത്സയ്ക്ക് തടസമാകുന്നുണ്ട്. ഇതിനിടെ രോഗികളുമായി എത്തുന്നത് നിയന്ത്രിക്കാനാകാതെ വന്നതോടെ കിടക്കൾ ലഭ്യമല്ലെന്ന ബോർഡുകൾ ആശുപത്രികൾക്കു മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ സാഹചര്യം മറികടക്കാൻ കൂടുതൽ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഭരണകൂടം ശ്രമിക്കുന്നുണ്ട്. മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായി നാലേക്കറിൽ ശ്മശാനം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ.
ശ്മശാനങ്ങളിൽ മൃതദേഹം സംസ്‌കരിക്കാൻ ബന്ധുക്കൾ ദിവസങ്ങൾ കാത്തുനിൽക്കേണ്ട സാഹചര്യമാണ്. തന്റെ താമസസ്ഥലത്തു നിന്നു മൂന്നു കിലോമീറ്റർ മാത്രം അകലെ എസ്ആർഎം ജംക്ഷനിലുള്ള ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ എത്തുന്ന ആംബുലൻസുകൾ ഒന്നിനു പിറകെ ഒന്നായി ഊഴംകാത്ത് നിർത്തിയിട്ടിരിക്കുകയാണെന്ന് പീനിയയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി ശ്രീരാജ്. ലക്ഷ്മിപുര ക്രോസിലും സുമ്മനഹള്ളിയിലും നഗരപരിസരത്തുള്ള മറ്റു ശ്മശാനങ്ങളിലും സമാന സാഹചര്യമാണുള്ളത്.
മൃതദേഹങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യക്തികളുടെ പുരയിടങ്ങളിൽ സംസ്‌കരിക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. ശ്മശാനങ്ങളിൽ സംസ്‌കരിക്കാൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ മൂന്നു ദിവസം വരെ മൃതദേഹവുമായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടെന്നത് മരിക്കുന്നവരുടെ ബന്ധുക്കളെ ദുരിതത്തിലാക്കുന്നുണ്ട്. ദിവസങ്ങളോളം ഉയർന്ന ആംബുലൻസ് വാടക നൽകേണ്ടി വരുന്നത് സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്കും ബുദ്ധിമുട്ടാകുന്നതായി ബെംഗളൂരു മലയാളിയായ കുന്നംകുളം സ്വദേശി ലിജോ ജോസ് ചീരൻ പറയുന്നു.
അതേസമയം മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് മരിച്ചത് 920 പേർ. രോഗം ബാധിച്ച് ഒരു ദിവസം മരണപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. 57,640 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് വ്യാപനം അതിരൂക്ഷമായ ചില പ്രദേശങ്ങളിൽ വ്യാപന തോത് കുറഞ്ഞതായി അധികൃതർ അറിയിച്ചു.
തലസ്ഥാനനഗരമായ മുംബൈയിൽ 3,882 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇവിടെ 24 മണിക്കൂറിൽ 77 പേർ മരിച്ചു. പുണെയിൽ 9,084 പുതിയ കേസുകളുംം 93 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് നിലവിൽ 6.41 ലക്ഷം രോഗബാധിതരാണു ചികിത്സയിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ