കോഴിക്കോട്: വടകരയിൽ പതിനേഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മയക്കു മരുന്നിന് അടിമയായ യുവാവ് ലഹരിയുടെ ആസക്തിയിലാണ് ആരുമില്ലാതിരുന്ന വീട്ടിൽ കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത്. ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിലെ പെൺകുട്ടിയാണ് ആക്രമണത്തിനിരയായത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലേയ്ക്കയച്ചു.

തയ്യിൽ വളപ്പിൽ അർഷാദിനെയാണ് വടകര പൊലിസ് അറസ്റ്റു ചെയ്തത്. ബംഗാൾ സ്വദേശികളായ കുടുംബം നൽകിയ പരാതിയെ തുടർന്നാണ് നടപടി. ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടിക്കെതിരായ ആക്രമണം നടന്നത്. പെൺകുട്ടി താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചു. മാതാപിതാക്കൾ ജോലി ആവശ്യത്തിനായി പുറത്തുപോയതാണെന്നും വീട്ടിൽ ആരും ഇല്ലെന്നും മനസിലാക്കിയാണു പ്രതി എത്തിയത്. ബഹളം വച്ചതോടെ അയൽവാസികളും നാട്ടുകാരും ഓടിക്കൂടി. ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അർഷാദിനെ പൊലിസ് പിടികൂടുകയായിരുന്നു.