പ്രിൽ-മെയ്‌ മാസങ്ങൾ മാർ ക്രിസോസ്റ്റത്തിന് ആഘോഷങ്ങളുടേതാണ്. ജന്മദിനാഘോഷം ഏപ്രിലിൽ ആയിരുന്നെങ്കിൽ ബിഷപ്പായി നിയമതിനാകുന്നത് മെയ് മാസം ആറിന്. ബിഷപായി അദ്ദേഹത്തെ നിയമിക്കാൻ മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം അന്തിമ തീരുമാനമെടുക്കുന്നതു 1952 മെയ്‌ ആറിന്. 69 വർഷങ്ങൾക്കു ശേഷം അതേ ദിവസം തന്നെ താൻ സ്‌നേഹിച്ച സഭയെയും സമൂഹത്തെയും വിട്ട് യാത്രയാകുമ്പോൾ സഭാ ചരിത്രത്തിൽ ഇത് മറ്റൊരു അപൂർവതയായി മാറുകയാണ്.

കുറിയന്നൂർ സെന്റ് തോമസ് ഇടവകയിലെ റവ. എം.ജി. ചാണ്ടി, കോട്ടയം ജറുസലം ഇടവകയിലെ പനംപുന്നയിൽ റവ. പി. തോമസ് എന്നിവർക്കൊപ്പമാണ് ഇരവിപേരൂർ ഇമ്മാനുവൽ ഇടവകയിലെ റവ. ഫിലിപ്പ് ഉമ്മൻ എന്ന മാർ ക്രിസോസ്റ്റം അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഡോ. അലക്‌സാണ്ടർ മാർത്തോമ്മയും തോമസ് മാർ അത്താനാസിയോസുമാണ് മറ്റ് രണ്ടുപേർ.

മാർ ക്രിസോസ്റ്റം റമ്പാനാകുന്നത് 1953 മെയ്‌ 20 ന്. എപ്പിസ്‌കോപ്പയാകുന്നത് മെയ്‌ 23ന്. സഫ്രഗൻ മെത്രാപ്പൊലീത്തയാകുന്നത് 1978 ലെ മെയ്‌ മാസത്തിൽ. 1953 ലോക ചരിത്രത്തിൽ മാത്രമല്ല, കേരളത്തിലെ സഭാ ചരിത്രത്തിലും നേട്ടങ്ങളുടെ അടയാളമിട്ട വർഷമാണ്. ബ്രിട്ടനിൽ എലിസബത്ത് രാജ്ഞി ചുമതലയേറ്റ് 1953 ഫെബ്രുവരി ആറിന്. ഇവർ ഇപ്പോഴും ഭരണം തുടരുന്നു.

ഇതേ വർഷം മെയ്‌ 29 നാണ് ടെൻസിങ് നോർഗെയും എഡ്മൺഡ് ഹിലരിയും എവറസ്റ്റ് കീഴടക്കിയതെന്നതും കൗതുകകരമായ യാദൃശ്ചികത. ആർച്ച് ബിഷപ് ബെനഡിക്ട് മാർ ഗ്രിഗോറിയോസും (1953 ജനുവരി 29) രണ്ടു കാതോലിക്കാ ബാവാമാർ ഉൾപ്പെടെ അഞ്ചുപേരും ബിഷപുമാരായി വാഴിക്കപ്പെട്ട വർഷം.