- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ മുതൽ കാശ്മീർ വരെ പഴയ സൈക്കിളിൽ ദേശാടനം നടത്തി യുവാവ്; 23കാരൻ 5,647 കിലോമീറ്റർ സഞ്ചരിക്കാൻ പണം കണ്ടെത്തിയത് സഞ്ചരിച്ച നാടുകളിലെല്ലാം ചായവിറ്റ്: 170 രൂപയുമായി ഇന്ത്യ ചുറ്റിക്കാണാനിറങ്ങിയ നിധിനാണ് താരം
തൃശ്ശൂർ: മനസ്സിൽ അതിയായ ആഗ്രഹമുണ്ടെങ്കിൽ അത് നിറവേറ്റാൻ കാശിന്റെ പിൻബലം ആവശ്യമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് നിധിൻ എന്ന യുവാവ്. അതുകൊണ്ട് തന്നെ ഇന്ത്യ ചുറ്റിക്കാണണമെന്ന അതിയായ മോഹം മനസ്സിൽ ഉടലെടുത്തപ്പോൾ കൈയിൽ കാശില്ലെന്നതൊന്നും നിധിൻ കാര്യമാക്കിയതുമില്ല. വീട്ടിലെ പഴയ സൈക്കിളുമെടുത്ത് യാത്രയായി. കണ്ണൂർ മുതൽ കാശ്മീർ വരെ 5,647 കിലോമീറ്റർ സഞ്ചരിച്ച് തിരികെ എത്തി.
പോകും വഴി എല്ലാം നാട്ടുകാരെ ചായ കുടിപ്പിച്ചായിരുന്നു നിധിൻ എന്ന 23കാരന്റെ യാത്ര. അങ്ങിനെയാണ് നിധിൻ വഴിച്ചെലവിനുള്ള പണം കണ്ടെത്തിയത്. 120 ദിവസത്തെ യാത്ര കഴിഞ്ഞ് ഇപ്പോൾ തൃശ്ശൂർ കല്ലൂർ കൊല്ലക്കുന്നിലെ മാളിയേക്കൽ വീട്ടിൽ ക്വാറന്റീനിലാണ് ഈ യുവാവ്. ലോക്ഡൗൺ വന്നതോടെയാണ് നിധിൻ തന്റെ മനസ്സിലെ ആഗ്രഹം പോലെ യാത്ര പോകാൻ തീരുമാനിച്ചത്. പണം ഇല്ലാത്തത് കാര്യമാക്കിയതേ ഇല്ല. അറിയാവുന്ന ജോലി ചായ വിൽപന ആയിരുന്നു. തന്റെ ലക്ഷ്യം നിറവേറ്റാൻ ഈ തൊഴിൽ മതിയെന്ന തിരച്ചറിവിലായിരുന്നു നിധിൻ യാത്ര തിരിച്ചത്.
പ്ലസ് ടു കംപ്യൂട്ടർ സയൻസ് ജയിച്ചശേഷം ഒല്ലൂരിലെ ഹോട്ടലിൽ ചായയടിക്കുന്ന ജോലിയായിരുന്നു നിധിന്. അതിനിടെയാണ് ആദ്യത്തെ ലോക്ഡൗൺ വന്നത്. അതോടെ ജോലിപോയി. വേറെ ജോലിക്ക് ശ്രമിച്ചെങ്കിലും കിട്ടിയില്ല. സിനിമ എന്ന സ്വപ്നത്തിനായി വാങ്ങിയ ക്യാമറ ഉപജീവനത്തിനായി വിൽക്കേണ്ട സ്ഥിതിയെത്തി. അപ്പോഴാണ് വീട്ടിൽ അനിയൻ ഉപേക്ഷിച്ച സൈക്കിൾ കണ്ണിൽപ്പെട്ടത്. ക്യാമറ വിറ്റ് 10,000 രൂപ കിട്ടി. കുറച്ച് പണം കൊണ്ട് സൈക്കിൾ നന്നാക്കി. ബാക്കിയുള്ള തുക കൊണ്ട് കെറ്റിലും സ്റ്റൗവും കലവും വായുക്കിടക്കയും യാത്രാക്കൂടാരവും വാങ്ങി. ദേശീയ ദേശാടനമെന്ന സ്വപ്നം സൈക്കിളിൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.
ചായ വിറ്റ് ഉപജീവനം നടത്താമെന്ന ആത്മധൈര്യത്തിലാണ് കെറ്റിലും സ്റ്റൗവും വാങ്ങിയത്. യാത്ര തുടങ്ങുമ്പോൾ െൈകയിലുണ്ടായിരുന്നത് 170 രൂപ. ഈ പണം ഉപയോഗിച്ച് ഓരോ നാട്ടിലും ചായവിറ്റ് കാശുണ്ടാക്കിയാണ് നിധിൻ യാത്ര തുടർന്നത്. ജനുവരി ഒന്നിന് അമ്മൂമ്മ ഭവാനിയോട് യാത്ര പറഞ്ഞിറങ്ങി. കോഴിക്കോട്, കണ്ണൂർ, കർണാടക, ഗോവ വഴി 17 സംസ്ഥാനങ്ങളിലൂടെ സൈക്കിളിൽ യാത്ര ചെയ്തു. ഗിയറില്ലാത്ത സൈക്കിളായതിനാൽ യാത്ര ശ്രമകരമായിരുന്നു. രാത്രി തങ്ങുന്നത് പെട്രോൾപമ്പുകളിലും ഗുരുദ്വാരകളിലും അന്പലങ്ങളിലും. തങ്ങുന്നയിടത്ത് സ്റ്റൗ കത്തിച്ച് ചായയുണ്ടാക്കി കെറ്റിലിൽ നിറച്ച് വിറ്റു. 50 ചായ വിറ്റപ്പോൾ 300 രൂപവരെ ലാഭം കിട്ടി.
മഞ്ഞുവീഴ്ച കാരണം കശ്മീരിലെത്താൻ വഴി മാറിപ്പോകേണ്ടി വന്നു. മടക്കവും സൈക്കിളിലാണ് നടത്താനിരുന്നത്. എന്നാൽ, ഉത്തർപ്രദേശിലെത്തിയപ്പോഴേക്കും കോവിഡ് രണ്ടാംതരംഗം രൂക്ഷമായി. അവിടെനിന്ന് കിട്ടിയ ലോറിയിലായിരുന്നു മടക്കയാത്ര. ഓരോ സ്ഥലത്തും ചായ വിൽപ്പനയിലൂടെ കിട്ടിയതിൽ ഒരു പത്ത് രൂപ നോട്ടുവീതം ചെലവാക്കാെത വെച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ യാത്രകഴിഞ്ഞ് തിരിച്ചെത്തിയ നിധിന്റെ കൈയിൽ ആയിരത്തിലേറെ രൂപയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ