ലരും കുറ്റവാളികളാകുന്നത് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമായിരിക്കും. മനസ്സും മനുഷ്യനും എത്രമാറിയാലും പലപ്പോഴും നമ്മുടെ ഭൂതകാലം നമ്മളേ വേട്ടയാടിക്കൊണ്ടിരിക്കും എന്നതിന് തെളിവായി ബ്രിട്ടനിൽ നിന്നും മറ്റൊരു കഥകൂടി. ലണ്ടനിൽ ജനിച്ച് ലണ്ടനിൽ വളർന്ന 33 കാരനായ ഒരു പ്രശസ്ത നടനെ ഇപ്പോൾ അദ്ദേഹത്തിന്റെ അമ്മയുടെ നാടായ ജമൈക്കയിലേക്ക് നാടുകടത്താൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ. പണ്ട് കുട്ടിയായിരുന്ന സന്ദർഭത്തിൽ രണ്ടുതവണ സന്ദർശിച്ചിട്ടുണ്ട് എന്നതല്ലാതെ ജമൈക്കയുമായി യാതൊരു ബന്ധവും ഇയാൾക്കില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം.

മൂന്നു കുട്ടികളുടെ പിതാവു കൂടിയായ പ്രശസ്ത നടനും ടെലിവിഷൻ അവതാരകനുമായ റൂളി അരിസ്റ്റോട്ടിൽസിനാണ് ഈ ഗതികേടുണ്ടായിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മാതാവിന് ബ്രിട്ടീഷ് പൗരത്വമില്ലാത്തതിനാൽ ഇദ്ദേഹത്തിനും പൗരത്വം ലഭിച്ചില്ല. എന്നാൽ, ലണ്ടനിൽ ജനിച്ചു വളർന്നതിനാൽ, എത്രകാലം വേണമെങ്കിലും ലണ്ടനിൽ തുടരാവുന്ന പെർമനന്റ് റെസിഡന്റ് സ്റ്റാറ്റസ് ഇദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ, യൗവ്വനാരംഭത്തിൽ ഒരിക്കൽ മോഷണം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾക്ക് മൂന്നു വർഷം ജയിൽ ശിക്ഷ അനുഭവിച്ചു എന്ന പേരിലാണ് ഇപ്പോൾ ഇദ്ദേഹത്തെ നാടുകടത്താൻ തീരുമാനിച്ചിരിക്കുന്നത്.

അന്ന് ജയിൽ ശിക്ഷ കഴിഞ്ഞയുടനെ ഇദ്ദേഹത്തെ ഡീപോർട്ടേഷൻ സെന്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ, നിയമപോരാട്ടത്തിനൊടുവിൽ അന്ന് നാടുകടത്താനുള്ള ഉത്തരവ് പിൻവലിക്കപ്പെട്ടു. എന്നാൽ, അഞ്ച് വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ പി ആർ മാറ്റി നിശ്ചിത എണ്ണം ദിവസങ്ങളിൽ മാത്രം ബ്രിട്ടനിൽ താമസിക്കാനുള്ള അനുമതിയാക്കിയിരുന്നു. ഇതനുസരിച്ച്, ദി ലെജൻഡ് ഓഫ് ടാർസൻ, ന്യു ബ്ലഡ് തുടങ്ങിയവയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ഈ നടന് ബ്രിട്ടനിൽ തുടരുന്നതിന് ഓരോ 30 ദിവസം കൂടുമ്പോഴും 2,389 പൗണ്ട് വീതം നൽകണമായിരുന്നു.

താൻ കുറ്റം ചെയ്തതായി സമ്മതിക്കുമ്പോഴും താൻ ഒരു കുറ്റത്തിന് രണ്ടുതവണ ശിക്ഷിക്കപ്പെടുകയാണ് എന്നാണ് അരിസ്റ്റോട്ടിൽസ് പറയുന്നത്. വർഷങ്ങൾക്ക് മുൻപ് ചെയ്ത ഒരു തെറ്റിന് അന്ന് ഒരു തവണ ശിക്ഷ അനുഭവിച്ച തന്നെ, വർഷങ്ങൾക്ക് ഇപ്പുറം അതേ തെറ്റിന് വീണ്ടും ശിക്ഷിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. താൻ ഒരിക്കലും കുറ്റകൃത്യങ്ങൾ ആവർത്തിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം താൻ ഇപ്പോൾ പൊതുസമൂഹത്തിന് ഒരു ശല്യവും ഉണ്ടാക്കുന്നില്ലെന്നും പറഞ്ഞു. പി ആർ സ്റ്റാറ്റസ് എടുത്തുകളഞ്ഞ നടപടിക്കെതിരെ കോടതിയെ സമീപിച്ച അദ്ദേഹത്തിന് അനുകൂലമായിട്ടായിരുന്നു കീഴ്ക്കോടതി വിധി.

ഇതിനെതിരെ സർക്കാർ അപ്പീൽ പോവുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയുമായിരുന്നു. കുറ്റകൃത്യത്തിനുള്ള ശിക്ഷ കഴിഞ്ഞ് നാലര വർഷത്തിനു ശേഷമാണ് പി ആർ സ്റ്റാറ്റസ് എടുത്തുകളയുന്നത്. തന്റെ കാര്യത്തിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുമ്പോഴും അരിസ്റ്റോട്ടിൽസ് നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. അതുമാത്രമല്ല, പൊലീസുമായി ചേർന്ന് സമൂഹത്തിനായി പ്രവർത്തിക്കുന്നതിന് നിരവധി യുവാക്കളെ സജ്ജരാക്കുകയും ചെയ്യുന്നുണ്ട്.

ഇദ്ദേഹത്തെ ജമൈക്കയിലേക്ക് നാടുകടത്തുമെന്ന് പറയുമ്പോഴും ഇദ്ദേഹത്തിന് ജമൈക്കൻ പൗരത്വം ഇല്ലെന്നതാണ് വാസ്തവം. ബ്രിട്ടനിലും പൗരത്വമില്ലാത്ത ഇദ്ദേഹം ഇന്ന് ലോകത്തിലെ ഒരു രാജ്യത്തിലേയും പൗരനല്ല. അതായത്, നിലവിൽ ഇയാൾക്ക് പി ആർ സ്റ്റാറ്റസ് കൂടി ഇല്ലാതെയായതോടെ ജോലി സംബന്ധമായി വിദേശ രാജ്യങ്ങളിലേക്ക് പോകാനാകില്ല. ഇത് അദ്ദേഹത്തിന്റെ നിരവധി അവസരങ്ങൾ ഇല്ലാതെയാക്കുന്നുവെന്ന് അദ്ദെഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.