- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ് അഞ്ചിന് തന്റെ കബറടക്കത്തിനുള്ള ഒരുക്കങ്ങൾ നടത്താൻ മരണത്തിന് ഒരാഴ്ച മുൻപ് മാർ ക്രിസോസ്റ്റം നിർദേശിച്ചു; അന്തരിച്ച വലിയ മെത്രാപൊലിത്ത മരണവും അറിഞ്ഞെന്ന് വെളിപ്പെടുത്തി സഭാ സെക്രട്ടറി
തിരുവല്ല: മെയ് അഞ്ചിനു തന്റെ കബറടക്കത്തിനുള്ള ഒരുക്കങ്ങൾ നടത്താൻ മരണത്തിന് ഒരാഴ്ച മുൻപ് മാർ ക്രിസോസ്റ്റം നിർദേശിച്ചിരുന്നതായി വെളിപ്പെടുത്തൽ. സഹായി ഏബ്രഹാമിനോടാണ് തന്റെ കബറടക്ക ശുശ്രൂഷയ്ക്ക് മെയ് അഞ്ചിന് ഒരുക്കം നടത്തണമെന്ന് അറിയിച്ചത്. മാർത്തോമ്മാ സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിത്. സഭയുടെ അനുശോചന സന്ദേശത്തിലാണ് മാർ ക്രിസോസ്റ്റം മരണ സമയം നേരത്തെ അറിഞ്ഞിരുന്ന കാര്യം സെക്രട്ടറി വെളിപ്പെടുത്തിയത്.
ബിലീവേഴ്‌സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് രോഗം ഭേദമായി തിരികെ വരുമ്പോൾ സഹായി ഏബ്രഹാമിനോടു തന്റെ കബറടക്ക ശുശ്രൂഷയ്ക്ക് മെയ് അഞ്ചിന് ഒരുക്കം നടത്തണമെന്ന് മാർ ക്രിസോസ്റ്റം പറയുകയായിരുന്നു. ഇക്കാര്യം സഭാധ്യക്ഷൻ ഡോ. തീയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയോടു പറയണമെന്നും മാർ ക്രിസോസ്റ്റം നിർദേശിച്ചു. ഇതോടെ അന്തരിച്ച വലിയ മെത്രാപൊലിത്ത മരണവും അറിഞ്ഞെന്ന് വെളിപ്പെടുത്തുകയാണ് സഭാ സെക്രട്ടറി.
അവസാന ദിവസങ്ങളിലും തിരുമേനി നർമം കൈവിട്ടില്ലെന്നും സഭാ സെക്രട്ടറി പ്രസംഗത്തിൽ അനുസ്മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ തിരുമേനിയെ നോക്കിയിരുന്ന ഡോ.ജോംസി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്നു ചോദിച്ചപ്പോൾ ബുദ്ധി ഉണ്ടായിട്ടു വേണ്ടേ മുട്ടാൻ എന്നായിരുന്നു തിരുമേനിയുടെ മറുപടിയെന്നും റവ.ജോസഫ് അനുസ്മരിച്ചു. അതിനു പിന്നാലെ അഞ്ചിനു പുലർച്ചെ 1.15നു മാർ ക്രിസോസ്റ്റം കാലംചെയ്തു.
മറുനാടന് മലയാളി ബ്യൂറോ