രക്തം കട്ടപിടിക്കുന്നതായ പാർശ്വഫലം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടനിൽ 40 വയസ്സിനു താഴെയുള്ളവർക്ക് അസ്ട്രസെനെകാ വാക്സിൻ നൽകുന്നത് നിരോധിക്കാൻ ആലോചിക്കുകയാണ് ബ്രിട്ടൻ.

നേരത്തേ ഇത് സംബന്ധിച്ച് വിവാദമുണ്ടാവുകയും, ചില രാജ്യങ്ങളൊക്കെ ഈ വാക്സിന് നിരോധനമോ, നിയന്ത്രണമോ ഒക്കെ ഏർപ്പെടുത്തിയപ്പോഴും, ബ്രിട്ടീഷ് സർക്കാർ അസ്ട്രസെനക വാക്സിനിൽ വിശ്വാസമരിപ്പിച്ച് മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ പരിധിയിൽ കൂടുതൽ ആളുകൾക്ക് പാർശ്വഫലം ഉണ്ടായതിനെ തുടർന്ന് ഈ വാക്സിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ശാസ്ത്രോപദേശകർ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിന് കത്ത് അയയ്ക്കുകയായിരുന്നു.

ചെറുപ്പക്കാരിൽ, രക്തം കട്ടപിടിക്കുന്നതു മൂലമുള്ള സങ്കീർണ്ണതകൾ, കോവിഡ് ബാധിച്ചാലുള്ളതിനേക്കാൾ ഏറെ ആയതിനാൽ, 40 വയസ്സിൽ താഴെ ഉള്ളവർക്ക് അസ്ട്രസെനെക വാക്സിൻ നൽകേണ്ട എന്നാണ് ഇവർ പറയുന്നത്. അതിന് പകരം മറ്റൊരു വാക്സിൻ നൽകാവുന്നതാണ്. അസ്ട്രസെനെകയുടെ വാക്സിനാണ് ഇന്ത്യയിൽ കോവിഷീൽഡ് എന്നപേരിൽ നിർമ്മിക്കുന്നത്. 30 വയസ്സിന് മുകളിൽ പ്രായമുള്ള, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത യുവാക്കൾക്ക് അസ്ട്രാസെനെക വാക്സിനു പകരമായി ഫൈസറോ മൊഡേണയോ നൽകണം എന്നായിരുന്നു ആദ്യം ഇവർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് പ്രായപരിധി 40 വരെ ഉയർത്തുകയായിരുന്നു.

നിലവിൽ ബ്രിട്ടന്റെ കൈവശം, ജൂലായ് 31 ന് ഉള്ളിൽ എല്ലാവർക്കും ആദ്യ ഡോസ് നൽകാനുള്ള മറ്റ് വാക്സിനുകൾ ഉള്ളതിനാൽ, അസ്ട്രാസെനെകയുടെ മേൽ ഉയർത്തുന്ന നിയന്ത്രണം വാക്സിൻ പദ്ധതിയെ പ്രതികൂലമായി ബാധിക്കുകയില്ല. നിലവിൽ കോവിഡ് വ്യാപനം വളരെയധികം കുറഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ, വാക്സിന്റെ പാർശ്വഫലങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് ഒരു തീരുമാനത്തിലെത്താനുള്ള സാവകാശമുണ്ട് എന്നാണ് ജോയിന്റ് കമ്മെറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ വക്താവ് പറഞ്ഞത്. നിലവിൽ അസ്ട്രസെനെക വാക്സിൻ എടുത്ത ഒരു മില്ല്യൺ ആളുകളിൽ 10.5 പേർക്ക് എന്ന നിരക്കിലാണ് രക്തം കട്ടപിടിക്കുന്നതും പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറയുന്നതും.

അസ്ട്രസെനെകയുടെ വാക്സിൻ എടുത്തതിനു ശേഷം അസാധാരണമാം വിധം രക്തം കട്ടപിടിച്ച 242 കേസുകളാണ് ഏപ്രിൽ 28 വരെ രേഖപ്പെടുത്തിയിട്ടുള്ളത്. 28 മില്ലണിലധികം ആളുകൾക്ക് വാക്സിൻ നൽകിയതിനു ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. എന്നിരുന്നാലും, കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാകുകയാണ് ലക്ഷ്യം എന്നാണ് ശാസ്ത്രോപദേശക സമിതി, തങ്ങൾ നൽകിയ കത്തിനെ കുറിച്ച് പ്രതികരിച്ചത്.