ചെന്നൈ: തമിഴ്‌നടൻ പാണ്ഡുവും ഗായകൻ കോമകനും കോവിഡ് ബാധിച്ചു മരിച്ചു. കെ.എസ്.ചിത്രയ്ക്കു ദേശീയ പുരസ്‌കാരം ലഭിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ 'ഒവ്വൊരു പൂക്കളുമെ' എന്നു തുടങ്ങുന്ന ഗാനരംഗത്തിലൂടെ ശ്രദ്ധേയനായ ആളാണ് ഗായകൻ കോമകൻ. 48 വയസ്സായിരുന്നു. അയനാവരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കാഴ്ച വൈകല്യമുണ്ടായിരുന്ന കോമകൻ ചെന്നൈയിലെ ഡിഫറന്റലി ഏബിൾഡ് വെൽഫെയർ കമ്മിഷണറേറ്റിൽ അംഗമായിരുന്നു.

കോമകനിൻ രാഗപ്രിയ എന്ന പേരിൽ സ്വന്തമായി മ്യൂസിക് ട്രൂപ്പ് നടത്തിയിരുന്നു. കലാരംഗത്തെ മികവിനു തമിഴ്‌നാട് സർക്കാർ 2019ൽ കലൈമാമണി പുരസ്‌കാരം നൽകി ആദരിച്ചു.

ഹാസ്യവേഷങ്ങളിലും സ്വഭാവനടനായും തമിഴ് സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പാണ്ഡു (74) വാണ് കോവിഡ് ബാധിച്ചു മരിച്ച തമിഴ് നടൻ. നിരവധി ഹാസ്യ വേഷങ്ങളിലൂടെ അദ്ദേഹം സിനിമാ ആസ്വാദകരെ ചിരിപ്പിച്ചിട്ടുണ്ട്. അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നവും പതാകയും രൂപകൽപന ചെയ്തതു പാണ്ഡുവാണ്. ഭാര്യ കുമുദ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. 1970ൽ മന്നവൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറിയത്.

കോവിഡ് ബാധിച്ച് ബോളിവുഡിൽ മൂന്നു മരണങ്ങളാണ് ഇന്നലെ സംഭവിച്ചത്. ഹിന്ദി സിനിമകളിൽ സഹനടി വേഷങ്ങളിലൂടെ ശ്രദ്ധേയയായ അഭിലാഷ പാട്ടീൽ (47), ശ്രീപ്രദ (54) എന്നിവർ മുംബൈയിലും നിരവധി സിനിമകളുടെ എഡിറ്ററായ അജയ് ശർമ (38) ഡൽഹിയിലും മരിച്ചു.

ചിച്ചോരെ എന്ന സിനിമയിൽ സുശാന്ത് സിങ് രാജ്പുത്തിനൊപ്പം അഭിനയിച്ച അഭിലാഷ ഒട്ടേറെ മറാഠി സിനിമകളിൽ ശ്രദ്ധേയമായ േവഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഭർത്താവും മകനുമുണ്ട്. ഹിന്ദി, ഭോജ്പുരി സിനിമകളിൽ സജീവമായിരുന്നു ശ്രീപ്രദ. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഡൽഹി രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അജയ് ശർമയുടെ മരണം. കാർവാൻ, ലൂഡോ, ഇന്ദു കി ജവാനി, ജഗ്ഗാ ജസൂസ് എന്നീ സിനിമകളുടെ എഡിറ്ററാണ്. ഭാര്യയും നാലു വയസ്സുള്ള മകനുമുണ്ട്.

കായികതാരങ്ങളും കോവിഡിന് കീഴടങ്ങി. രാസ്ഥാൻ മുൻ രഞ്ജി താരം വിവേക് യാദവ്, ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റീഷ്യൻ ദിനർ ഗുപ്ത എന്നിവർ കോവിഡിനു കീഴടങ്ങി. കോവിഡ് ബാധിതയായ അമ്മയെ രണ്ടാഴ്ച മുൻപ് നഷ്ടപ്പെട്ട വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിക്ക് ഇന്നലെ സഹോദരിയെയും നഷ്ടമായി.

2011 ൽ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ രാജസ്ഥാൻ ടീമിൽ അംഗമായിരുന്ന ലെഗ് സ്പിന്നർ വിവേക് യാദവ് (36) അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യയും ഒരു മകളുമുണ്ട്. ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റീഷ്യൻ ദിനർ ഗുപ്ത (76) 15 വർഷത്തോളം ബിസിസിഐയുടെ ഔദ്യോഗിക സ്‌കോററും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സജീവമായിരുന്ന വേദ കൃഷ്ണമൂർത്തിയുടെ സഹോദരി വത്സല ശിവകുമാറാണ് (45), അമ്മ ചെലുവമ്പ ദേവിക്കു പിന്നാലെ കോവിഡിനു കീഴടങ്ങിയത്. കർണാടകയിലെ ചിക്കമഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.