രാജ്യത്തെ ചുവന്ന തെരുവുകളെ ഒഴിപ്പിക്കാനും സിറ്റി കൂടുതൽ വൃത്തിയാക്കാനുമായി ആംസ്റ്റർഡാമിൽ നക്ഷത്ര വേശ്യാലയം പണിയാനൊരുങ്ങി സർക്കാർ. സെക്‌സ് ഷോ, സ്ട്രിപ് ഡാൻസ് ക്ലബ്, രണ്ട് ബാറുകൾ, വേശ്യകൾക്കായി 100 മുറികൾ എന്നിവയടക്കം അഞ്ച് നിലകളിലായി പരന്നു കിടക്കുന്ന ഇറോട്ടിക് സെന്ററിനാണ് സർക്കാർ രൂപം കൊടുക്കാൻ ഒരുങ്ങുന്നത്.

5,000 സ്‌ക്വയർ ഫീറ്റിൽ വിശാലമായി കിടക്കുന്ന കെട്ടിടത്തിന്റെ ഔട്ട്‌ലൈൻ മേയർ ഫെംകെ ഹൽസീമയ്ക്ക് സമർപ്പിച്ചു. ഈ ആഡംബര ഇറോട്ടിക് സെന്ററിൽ വേശ്യകൾക്കായി 100 മുറികളാണ് ഉണ്ടാവുക. രണ്ട് ബാറുകളും സെക്‌സ് വിനോദങ്ങൾക്കായി നഗ്നതാ ഡാൻസ് ക്ലബ്, സെക്‌സ് ഷോ തുടങ്ങിയവയും ഉണ്ടായിരിക്കും. സ്ഥാപനം നടത്തുന്നതിന് പങ്കാളിയെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

സിറ്റിയുടെ ഉൾപ്രദേശങ്ങളിൽ നിന്നും സെക്‌സും മയക്കു മരുന്നും ഇല്ലാതാക്കാനും ഈ പ്രദേശങ്ങൾ ജനങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാനുള്ള സൗകര്യം ഒരുക്കാനുമാണ് ഇത്തരം ഒരു പദ്ധതി. ഈ വേശ്യാലയം സ്ഥാപിക്കാനായി ഒമ്പത് സ്ഥലങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഒരു പ്രവേശന കവാടം മാത്രമായിരിക്കും ഉണ്ടാവുക. ലൈംഗിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഇത്.

ലൈംഗിക തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും സിറ്റിയെ നന്നാക്കാനും മനുഷ്യക്കടത്ത് തടയുന്നതും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്.