- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ഇതുവരെ കൊന്നൊടുക്കിയത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടിയോളം മനുഷ്യരെ; ഏറ്റവും കുറഞ്ഞത് 70 ലക്ഷം പേരുടെ ജീവൻ കോവിഡ് എടുത്തെന്ന് പഠന റിപ്പോർട്ട്; കൊറോണ മനുഷ്യരാശിയെ ബാധിച്ച മഹാമാരികളിൽ പ്രമുഖ സ്ഥാനത്തേക്ക്
കേട്ടറിവിനേക്കാൾ ഭീകരമാണ് കോവിഡെന്ന സത്യം. ഇതുവരെ നാം കണ്ടതും കേട്ടതുമൊന്നുമല്ല കോവിഡിന്റെ യഥാർത്ഥ ഭീകരമുഖം എന്നാണ് പുതിയൊരു പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയതിന്റെ ഇരട്ടിയിലധികമായിരിക്കും യഥാർത്ഥ മരണ സംഖ്യ എന്നാണ് പുതിയ പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ലോകത്താകമാനമായി 70 ലക്ഷത്തിലധികം പേരെങ്കിലും മരണപ്പെട്ടതായാണ് അമേരിക്കയിൽ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇത് 32 ലക്ഷം മാത്രമാണ്.
വികസ്വര രാജ്യങ്ങളിലെ പരിശോധന സംവിധാനങ്ങളുടെ അപര്യാപ്തതയും അവിടങ്ങളിലെ താരതമ്യേന ദുർബലമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുമാണ് യഥാർത്ഥ കണക്ക് വെളിപ്പെടാതിരിക്കുന്നതിനുള്ള പ്രധാന കാരണം എന്നാണ് ഈ പഠനം നടത്തിയവർ പറയുന്നത്. എന്നാൽ, പല പാശ്ചാത്യ രാജ്യങ്ങളിലും യഥാർത്ഥ കണക്കുകൾ രേഖപ്പെടുത്തിയിട്ടില്ല എന്നും ഇതിൽ പറയുന്നു. ബ്രിട്ടൻ, അമേരിക്ക ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ യഥാർത്ഥ കണക്കുകളേക്കാൾ കുറവാണ് ഔദ്യോഗിക രേഖകളിൽ കാണിച്ചിരിക്കുന്നത് എന്നും ഇവർ പറയുന്നു.
രോഗവ്യാപനം തുടങ്ങിയ കാലഘട്ടത്തിൽ പരിശോധന സംവിധാനങ്ങൾക്കുണ്ടായ കുറവാണ് ഇതിനു കരണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതുകാരണം നിരവധി പേർ കോവിഡ് സ്ഥിരീകരിക്കുന്നതിനു മുൻപ് തന്നെ കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്. ഇവരുടെ കണക്കനുസരിച്ച് അമേരിക്കയിൽ 9 ലക്ഷത്തിലേറെ പേരാണ് കോവിഡ് മൂലം മരണമടഞ്ഞിട്ടുള്ളത്. ഔദ്യോഗിക കണക്കിൽ ഇത് 5 ലക്ഷത്തിന് മുകളിൽ മാത്രമാണ്. 6 ലക്ഷത്തിലധികം കോവിഡ് മരണങ്ങളുമായി ഇന്ത്യയും മെക്സിക്കോയും തൊട്ടുപുറകെ നിൽക്കുന്നു.
ബ്രിട്ടനിലും ഔദ്യോഗികമായി രേഖപ്പെടുത്തിയതിനേക്കാൾ 60,000 പേരെങ്കിലും അധികമായി കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട് എന്നാണ് ഇവരുടെ കണക്കുകൾ പറയുന്നത്. ഇതുവരെ ചരിത്രത്തിൽ ഏറ്റവുമധികം ജീവനെടുത്ത മഹാമാരി ബുബോണിക് പ്ലേഗ് എന്ന കറുത്ത മരണമാണ്. 14-)0 നൂറ്റാണ്ടിൽ 200 മില്ല്യൺമനുഷ്യരുടെ ജീവനെടുത്ത ഈ മഹാമാരിക്ക് താഴെ ഏറ്റവും ദുരന്തം വിതച്ച മഹാമാരികളിൽ രണ്ടാംസ്ഥാനത്തുള്ളത് വസൂരിയാണ്. ഏകദേശം 56 മില്ല്യൺ ആളുകളാണ് 400 വർഷങ്ങളായി ഇതിന് കീഴടങ്ങിയത്.
മിക്ക രാജ്യങ്ങളിലും, ആശുപത്രികളിൽ സംഭവിക്കുന്ന കോവിഡ് മരണങ്ങളുടെ കണക്കുകൾ മാത്രമേ പുറത്തുവിടുന്നുള്ളു. അതുകൂടാതെ കോവിഡ് സ്ഥിരീകരിക്കുന്നതിനു മുൻപേ കോവിഡ് മൂലം മരണമടഞ്ഞവരും എറെയാണ്. ഇവരൊന്നും ഔദ്യോഗിക കണക്കുകളിൽ വരില്ല. യാഥാർത്ഥ്യത്തോട് ഏത്രയും അടുത്തുനിൽക്കുന്ന മരണനിരക്ക് ലഭിച്ചാൽ മാത്രമേ ഈ മഹാമാരിയുടെ യഥാർത്ഥ ദുരന്തം മനസ്സിലാകൂ എന്നതിനാലാണ് ഇത്തരത്തിലൊരു പഠനത്തിന് മുതിർന്നതെന്ന് ഇതിൽ ഉൾപ്പെട്ട ഗവേഷകർ പറയുന്നു. മാത്രമല്ല, ഇതിനെ പ്രതിരോധിക്കുവാനും, മറികടക്കുവാനും യഥാർത്ഥ കണക്കുകൾ ആവശ്യമാണെന്നും ഇവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ