ന്നലെ ബ്രിട്ടനിൽ 2,613 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ വെറും 13 കോവിഡ് മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. മരണനിരക്ക് കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 41 ശതമാനം കുറഞ്ഞപ്പോൾ രോഗവ്യാപനതോതിൽ 6.9 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. എന്നാൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചതാണ് രോഗികളുടെ എണ്ണം കൂടാൻ ഇടയാക്കിയത്. പൊതുവേ രോഗവ്യാപനത്തിന്റെ ഗ്രാഫ് താഴോട്ട് തന്നെയാണ് പോകുന്നത്.

ഇന്നലെ 4,04,226 പേർക്ക് കൂടി വാക്സിന്റെ രണ്ടാം ഡോസ് നൽകിക്കഴിഞ്ഞു. അതായത് 16.3 മില്ല്യൺ ആളുകൾ ഇപ്പോൾ വാക്സിന്റെ രണ്ടു ഡോസുകളും എടുത്തുകഴിഞ്ഞു. ഇന്നലെ 1,39,097 പേർക്ക് ആദ്യ ഡോസ് നൽകിയതോടെ 34.9 മില്ല്യൺ ആളുകൾക്ക് ആദ്യ ഡോസും ലഭിച്ചുകഴിഞ്ഞു. ബ്രിട്ടന്റെ വാക്സിൻ പദ്ധതി ഉദ്ദേശിച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുന്നു എന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. വാക്സിനുകളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കാൻ തുടങ്ങിയതോടെ ആശുപത്രിയിൽ ചികിത്സതേടി എത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

സ്ഥിരതയാർന്ന ഇടിവാണ് രോഗവ്യാപനതോതിൽ ഉണ്ടാകുന്നത് എന്നാണ് വിവിധ കണക്കുകൾ കാണിക്കുന്നത്. രോഗവ്യാപന തോത് വളരെ താഴ്ന്ന നിലയിലാണിപ്പോൾ. ബ്രിട്ടനിൽ നിന്നും കോവിഡ് അപ്രത്യക്ഷമാകാൻ പോകുന്നു എന്നതിന്റെ സൂചനയായി ഇതിനെ എടുക്കാമെന്നാണ് ചില ശാസ്ത്രജ്ഞർ പറയുന്നത്. ലക്ഷണങ്ങളോടു കൂടിയ കോവിഡ് തീരെ കുറഞ്ഞിരിക്കുന്നതായും ശാസ്ത്രലോകം വിലയിരുത്തുന്നു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, എൻ എച്ച് എസ് ടെസ്റ്റ് ആൻഡ് ട്രേസ് എന്നിവിടങ്ങളിൽ നിന്നുള്ള കണക്കുകളും രോഗവ്യാപനം കുറയുന്നു എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്.

സാഹചര്യങ്ങൾ അനുകൂലമായതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന് നീക്കണമെന്ന ആവശ്യത്തിനും ശക്തികൂടി. വാണിജ്യ ലോകത്തുനിന്നും പല പ്രമുഖരും ഈ ആവശ്യവുമായി മുന്നോട്ട് വന്നപ്പോൾ ഭരണകക്ഷിയിലെ പല എം പിമാരും അതിനു പിന്തുണ നൽകുന്നുണ്ട്. എന്നാൽ, ഈ സമ്മർദ്ദത്തിന് വഴങ്ങാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ല. ഇതുവരെ പോയതുപോലെ കരുതലോടെ സാവധാനം മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ധൃതിപിടിച്ച് തീരുമാനങ്ങൾ എടുത്ത് മറ്റൊരു കോവിഡ് തരംഗം കൂടി ഉണ്ടാക്കാൻ അദ്ദേഹം താത്പര്യപ്പെടുന്നില്ല.

അതിനിടയിൽ, വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ ചിലർക്ക് രോഗബാധ ഉണ്ടായത് ആശങ്കയുയർത്തിയിട്ടുണ്ട്. എന്നാൽ, വാക്സിൻ എടുക്കുന്ന 1,67,000 പേരിൽ ഒരാൾക്ക് മാത്രമാണ് ഇത്തരത്തിൽ ഉണ്ടാകാനുള്ള സാധ്യത എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. അതിന് വിവിധ കാരണങ്ങളും ഉണ്ട്. ഏതായാലും ബ്രിട്ടൻ ''പാൻഡെമിക്'' എന്ന നിലയിൽ നിന്നു ''എൻഡെമിക്'' എന്ന നിലയിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇത് തീർച്ചയായും കോവിഡിനെതിരെയുള്ള യുദ്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.