തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ അടിയൊഴുക്കുകൾ ടോറികൾക്ക് അനുകൂലമായി തിരിയുമ്പോൾ, ഇനിയും ഏറെനാൾ ബോറിസ് ജോൺസണ് ആ പദവിയിൽ തുടരാനാവുമെന്ന ശക്തമായ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. വരുന്ന പൊതു തെരഞ്ഞെടുപ്പിലും ബ്രിട്ടൻ ഇതേ വോട്ടിങ് സ്വഭാവം പിന്തുടരുകയാണെങ്കിൽ, നിലവിൽ ലേബർ പാർട്ടിക്കുള്ളതിൽ 36 സീറ്റുകൾ കൂടി ടോറികൾ പിടിച്ചെടുക്കും. മാർഗരറ്റ് താച്ചർ പ്രവർത്തിച്ചതിനേക്കാൾ ഏറെ കാലം ബോറിസ് ജോൺസന് പ്രധാനമന്ത്രിയായി തുടരാനും കഴിയും.

ദീർഘകാലം ലേബർ പാർട്ടിയുടെ കോട്ടയായിരുന്ന ഹാർട്ടിൽപൂളിലും പാർട്ടിക്ക് കനത്ത പരാജയമാണ് അനുഭവിക്കേണ്ടിവന്നത്. 1964 മുതൽ ലേബർ പാർട്ടിയുടെ കൈയിലായിരുന്ന ഈ മണ്ഡലത്തിൽ 7,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ ടോറി സ്ഥാനാർത്ഥിക്ക് ലഭിച്ചത്.അതുപോലെ ടീസ് വാലി മേയർ ആയി ബെൻ ഹൗഷൻ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. നാല് വർഷം മുൻപ് 39.5 ശതമാനം വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചതെങ്കിൽ ഇത്തവണ ലഭിച്ചത് 73 ശതമാനം വോട്ടുകളാണ്.

ഇതിനുപുറമെ നോർത്തംബർലാൻഡ്, നോട്ടിങ്ഹാംഷയർ, ഡുഡ്ലി, ഹാർലോ, ബെഡ്വർത്ത് തുടങ്ങി നിരവധി കൗൺസിലുകളുടെ നിയന്ത്രണവും കൺസർവേറ്റീവ് പാർട്ടിക്ക് നേടാനായി. ബ്രെക്സിറ്റിനും , കോവിഡ് പ്രതിസന്ധിക്കും ശേഷം രാജ്യത്തിന്റെ രാഷ്ട്രീയ ചിന്താഗതിയിൽ സ്ഥിരമായ ഒരു മാറ്റം വന്നിരിക്കുന്നു എന്നും അത് തങ്ങൾക്ക് അനുകൂലമാണ് എന്നുമാണ് കാബിനറ്റ് മന്ത്രിമാർ വിശ്വസിക്കുന്നത്. ഡൗണിങ് സ്ട്രീറ്റിൽ തുടർച്ചയായി 11 വർഷം ഭരിച്ച താച്ചറ്യുടെ റിക്കോർഡ് തകർക്കാൻ ഇത് ബോറിസ് ജോൺസനെ സഹായിക്കും എന്നും അവർ വിശ്വസിക്കുന്നു.

ബ്രെക്സിറ്റ് പാർട്ടിയുടെ വോട്ടുകൾ മുഴുവൻ കൺസർവേറ്റീവ് പാർട്ടിയിലേക്ക് ഒഴുകിയെത്തിയതാണ് ചെങ്കോട്ടയായ ഹാർട്ടിൽപൂളിൽ പാർട്ടിക്ക് വൻവിജയം നേടിക്കൊടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 15,464 വോട്ടുകളായിരുന്നു ലേബർ പാർട്ടി നേടിയത്. അന്ന് കൺസർവേറ്റീവ് പാർട്ടിയും ബ്രെക്സിറ്റ് പാർട്ടിയും 10,000-ൽ അധികം വോട്ടുനേടിയിരുന്നു. എന്നാൽ, റിഫോം യു കെ എന്ന് പേരുമാറ്റിയ ബ്രെക്സിറ്റ് പാർട്ടിക്ക് ഇത്തവണ പിടിക്കാനായത് വെറും 368 വോട്ടുകൾ മാത്രമായിരുന്നു. ഇതാണ് ടോറികൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്.

ഇത്തരത്തിൽ വേറെ 36 സീറ്റുകളിൽ കൂടി ബ്രെക്സിറ്റ് പാർട്ടിയുടെ വോട്ടുകൾ കൺസർവേറ്റീവ് പാർട്ടിയിലേക്ക് വന്നുചേരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അത് സത്യമായാൽ, അടുത്ത പൊതുതിരഞ്ഞെടുപ്പിലും ടോറികൾക്ക് തന്നെയാണ് സാധ്യത. അതേസമയം, തങ്ങളുടെ കോട്ടയിലെ പരാജയം ലേബർ ക്യാമ്പുകളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അവിടത്തെ വോട്ടർമാരുമായി ബന്ധപ്പെടാൻ കീർ സ്റ്റാർമർ അവിടേക്ക് പോകാൻ ഒരുങ്ങുകയാണ്.