കോവിഡ് ദുരന്തത്തിന്റെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങായി ബ്രിട്ടനിൽ നിന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർഗോ വിമാനം ഇന്നലെ പറന്നുയർന്നു. 18 ടണ്ണിന്റെ മൂന്ന് പടുകൂറ്റൻ ഓക്സിജൻ ജനറേറ്ററുകളും, 1,000 വെന്റിലേറ്ററുകളും അടങ്ങിയ കാർഗോ വിമാനം ഇന്നലെ നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിൽ നിന്നാണ് പറന്നുയർന്നത്.

ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവെലപ്മെന്റ് ഓഫീസിന്റെ ധനസഹായത്തോടെയാണ് ഈ സഹായം ഇന്ത്യയിലെത്തുന്നത്. ഞായറാഴ്‌ച്ച രാവിലെ ഇന്ത്യൻ സമയം 8 മണിക്ക് ന്യുഡൽഹിയിൽ എത്തുന്ന വിമാനത്തിലെ ചരക്കുകൾ ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റിയായിരിക്കും ആശുപത്രികളിലേക്ക് കൈമാറുക.

നോർത്തേൺ അയർലൻഡിൽ അധികമുള്ള ഓക്സിജൻ ജനറേറ്ററുകളാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നതെന്ന് പറഞ്ഞ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ്, ഇത് ഇന്ത്യയിലെ നിരവധി രോഗികൾക്ക് സഹായകരമാകുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. ലോകത്തിലെ എല്ലാവരും സുരക്ഷിതരല്ലാത്തിടത്തോളം കാലും നമ്മൾ ആരും തന്നെ സുരക്ഷിതരല്ലെന്നും അതിനാൽ തന്നെ ഈ മഹാവ്യാധിയെ തളയ്ക്കുന്നതിൽ ബ്രിട്ടൻ ഇന്ത്യയോട് ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞമാസം 200 വെന്റിലേറ്ററുകളും 495 ഓക്സിജൻ കോൺസന്റേറ്ററുകളും ബ്രിട്ടൻ ഇന്ത്യയ്ക്ക് നൽകിയിരുന്നു. പ്രാണവായു ലഭിക്കാതെ തെരുവിൽ മരിക്കേണ്ടുന്ന സാഹചര്യമുള്ള ഇന്ത്യയ്ക്ക് ഏറ്റവും അത്യാവശ്യമായ സഹായമാണ് നൽകുന്നതെന്ന് അന്ന് ബ്രിട്ടൻ പറഞ്ഞിരുന്നു. അതേസമയം മലയാളികൾ ഉൾപ്പടെയുള്ള ബ്രിട്ടീഷ്-ഇന്ത്യാക്കാരും തങ്ങളുടെ മാതൃരാജ്യത്തെ സഹായിക്കാനായി മുന്നോട്ട് വരികയാണ്. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ സഹായിക്കുവാൻ മണിക്കൂറുകൾക്കുള്ളിൽ ബ്രിട്ടീഷ് ഇന്ത്യാക്കാർ സമാഹരിച്ചത് 2 മില്ല്യൺ പൗണ്ടിന്റെ സഹായധനമാണ്.

അമിത് കച്ച്രു എന്ന വ്യക്തിയും മറ്റ് നാലുപേരും ചേർന്ന് ഗോഫണ്ട് മീ എന്നവെബ്സൈറ്റിൽ ഇന്ത്യയിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റുകൾ നൽകുന്നതിനുള്ള സാമ്പത്തിക സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതുവരെ 5 ലക്ഷം പൗണ്ടോളം ഇതിൽ വന്നുകഴിഞ്ഞു.അതുപോലെ ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിന്റെ ഓക്സിജൻ ഫോർ ഇന്ത്യൻ എമർജൻസി എന്നതിൽ ഇതുവരെ 2 ലക്ഷത്തോളം പൗണ്ടാണ് എത്തിയിരിക്കുന്നത്.

ഇതുകൂടാതെ ബ്രിട്ടനിലെ മറ്റു ഇന്ത്യൻ സംഘടനകളും, ഇന്ത്യൻ വംശജർ അംഗങ്ങളായ മറ്റ് സന്നദ്ധ സംഘടനകളും സഹായധനം സ്വരൂപിച്ചിട്ടുണ്ട്.