കോവിഡിന്റെ കരാളഹസ്തങ്ങളിൽ നിന്നും മുക്തിനേടുന്ന സമയത്ത് ബ്രിട്ടനെ ആശങ്കയിലാഴ്‌ത്തുന്നത് ഇന്ത്യൻ വകഭേദത്തിന്റെ വ്യാപനമാണ്. ജനിതകമാറ്റം സംഭവിച്ച ഇന്ത്യയിൽ നിന്നുള്ള കൊറോണ വൈറസ് ഇനം ആശങ്കയ്ക്ക് കാരണമാണെന്ന് ഇന്നലെ ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് തലവന്മാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിൽ, ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ സുനാമി സൃഷ്ടിക്കുന്ന പുതിയ ഇനം കൊറോണ വൈറസ് കെൻ ഇനത്തേ പോലെത്തന്നെ അതിവ്യാപകശേഷിയുള്ളതാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു.

ബി. 1.617.2 എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ ഇനത്തിന്റെ വ്യാപനം കഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കുള്ളിൽ ഇരട്ടിയായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബോൾട്ടനിലും ലണ്ടനിലുമായി നിലവിൽ 520 പേരിലാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. എന്നിരുന്നാലും, നിലവിലെ വാക്സിനുകൾ ഈ ഇനത്തോട് പൊരുതാൻ കെൽപുള്ളവയാണ് എന്നതിൽ ആരോഗ്യ വകുപ്പ് ആശ്വാസം കൊള്ളുന്നു.

ഇന്ത്യൻ ഇനത്തിനെ ശാസ്ത്രജ്ഞർ മൂന്ന് ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ രണ്ടാമത്തെ ഉപവിഭാഗമാണ് വളരെ വേഗത്തിൽ പടരുന്നത്. സ്‌കൂളുകളിലും, കെയർഹോമുകളിലും, ആരാധനാലയങ്ങളിലുമൊക്കെ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. മറ്റ് രണ്ട് ഉപവിഭാഗങ്ങളായ ബി 1. 617.1, ബി. 1. 617.3 എന്നിവ അത്ര ആശങ്കയുണ്ടാക്കുന്ന വകഭേദങ്ങളല്ല എന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. വുഹാനിൽ കണ്ടെത്തിയ ഒറിജിനൽ കൊറോണയേക്കാൾ വ്യാപനശേഷി ഇതിനുണ്ടെങ്കിലും പ്രഹരശേഷി കൂടുതലുണ്ടെന്ന് വിദഗ്ദർ കരുതുന്നില്ല.

ഇന്ത്യൻ ഇനത്തിനെ ആശങ്കയ്ക്ക് വക നൽകുന്ന ഇനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇനി ഇതിനെ നേരിടാൻ കർശന നടപടികൾ കൈക്കൊള്ളും. വ്യാപകമായ പരിശോധനകളും, സമ്പർക്കത്തിൽ ഏർപ്പെട്ടവർക്ക് കർശനമായ ക്വാറന്റൈനും എല്ലാം നടപ്പിലാക്കും. നിലവിൽ ഈ ഇനത്തെ വ്യാപകമായി കണ്ടെത്തിയ ഇടങ്ങളിലെ മുഴുവൻ താമസക്കാരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്യും. ബോൾട്ടണിലെ ബി എൽ 3 പോസ്റ്റ് കോഡ് ഏരിയയിൽ ഉടനെ പരിശോധന ആരംഭിക്കുന്നതാണ് ഇവിടെയുള്ളവർ ഓൺലൈൻ വഴിയോ ഫോൺ വഴിയോ പരിശോധന ബുക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ലണ്ടനിലും ഈ ഇനത്തിന്റെ വ്യാപനം കഠിനമായെങ്കിലും, വ്യാപകമായ പരിശോധന ഇതുവരെ നിർദ്ദേശിക്കപ്പെട്ടിട്ടില്ല. ഉപ തെരഞ്ഞെടുപ്പിലും വിവിധ ലോക്കൽ അഥോറിറ്റികളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ വിജയം കരസ്ഥമാക്കിയതിന്റെ സന്തോഷം നിലനിൽക്കുമ്പോഴും ഇന്ത്യൻ ഇനത്തിന്റെ സാന്നിദ്ധ്യം ബോറിസ് ജോൺസനെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. ഒരുപക്ഷെ കോവിഡിനെതിരായ യുദ്ധത്തിൽ ഇതുവരെ കൈവരിച്ച നേട്ടങ്ങൾ ഒക്കെയും ഇതുവഴി നഷ്ടപ്പെടുമോ എന്ന ഭയവും ഇല്ലാതില്ല.