തിരുവനന്തപുരം: അറസ്റ്റ് ചെയ്യുന്ന പ്രതികളെ ഉൾപ്പെടുത്തി തയാറാക്കിയ ട്രോൾ വീഡിയോകൾ പിൻവലിച്ച് പൊലീസ. ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇട്ട രണ്ട് ട്രോൾ വിഡിയോകളാണ് വിവാദമായതിനെത്തുടർന്ന് പൊലീസ് ഔദ്യോഗിക പേജുകളിൽ നിന്ന് പിൻവലിച്ച്.

രണ്ട് വിഡിയോകളാണ് അടുത്തിടെ കേരള പൊലീസിന്റെ ഔദ്യോഗിക പേജുകളിൽ വന്നത്. മിനി ലോക്ഡൗണിൽ പൊലീസ് കെട്ടിയ കയർ പൊട്ടിച്ച സ്‌കൂട്ടർ യാത്രികനെക്കൊണ്ടു തിരിച്ചു കെട്ടിക്കുന്നതായിരുന്നു ഒന്നാമത്തേത്. ലാത്തിയുമായി ചുറ്റും നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇൻസ്റ്റഗ്രാം ലൈവിൽ പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവിനെ സ്റ്റേഷനിൽ എത്തിക്കുന്ന വിഡിയോയും ഇത്തരത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പരിഹാസരൂപേണ പ്രതികളെ ചിത്രീകരിക്കാൻ പൊലീസിന് അധികാരമുണ്ടോയെന്ന ചോദ്യവും പിന്നാലെ ഉയർന്നു.

ഗതാഗതം നിയന്ത്രിക്കുന്നതിന് ഒരു കാരണവശാലും റോഡിനു കുറുകെ കയറോ വടമോ വലിച്ചുകെട്ടരുതെന്ന ഡിജിപിയുടെ ഉത്തരവു നിലനിൽക്കെയാണ് കയറു പൊട്ടിച്ച സ്‌കൂട്ടർ യാത്രികനെക്കൊണ്ട് പൊലീസ് തിരിച്ചു പഴയപടി കെട്ടിച്ചത്. കേരള പൊലീസിന്റെ സമൂഹമാധ്യമ ഇടപെടലുകളിൽ പലതും നിരുത്തരവാദപരമാണെന്ന വിമർശനങ്ങളും ഉയർന്നിരുന്നു.