രു ഭാഗത്ത് ബ്രിട്ടൻ കോവിഡിനെതിരെയുള്ള യുദ്ധത്തിൽ വിജയത്തോട് അടുക്കുമ്പോഴും മറുഭാഗത്ത് പടർന്നു പിടിക്കുന്ന ഇന്ത്യൻ വകഭേദം ആശങ്കയ്ക്ക് വഴിയൊരുക്കുകയാണ്. ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് വെറും അഞ്ച് കോവിഡ് മരണങ്ങൾ മാത്രമാണ്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൽ 30 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം രോഗവ്യാപന തോത് കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 7.3 ശതമാനം വർദ്ധിച്ച് 2,047-ൽ എത്തിയിട്ടുണ്ട്.

അതേസമയം വാക്സിനേഷൻ പദ്ധതി പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോകുന്നത് ബ്രിട്ടന് ഏറെ ആശ്വാസപ്രദമാണ്. ഇതുവരെ 35.2 മില്ല്യൺ ബ്രിട്ടീഷുകാർക്ക് വാക്സിന്റെ ആദ്യ ഡോസെങ്കിലും ലഭിച്ചു കഴിഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 17.2 മില്ല്യൺ ആളുകൾക്ക് രണ്ടു ഡോസും നൽകിക്കഴിഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 1,19,349 ആദ്യ ഡോസുകൾ നൽകിയപ്പോൾ 4,49,716 രണ്ടാം ഡോസുകളും നൽകുകയുണ്ടായതായി എൻ എച്ച് എസ് കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ മൊത്തം ജനസംഖ്യയിൽ 66.8 ശതമാനം പേർക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു.

കോവിഡ് ബാധയിൽ നിന്നും പൊതുവേ ബ്രിട്ടൻ മുക്തി നേടുമ്പോഴും ബോൾട്ടൺ ബ്രിട്ടനിലെ ഇന്ത്യൻ വകഭേദത്തിന്റെ ഹോട്ട്സ്പോട്ട് ആയി മാറുകയാണ്. ഇത് തീർച്ചയായും ആശങ്കയുളവാക്കുന്ന കാര്യം തന്നെയാണ്. ഈ വകഭേദത്തിന്റെ വ്യാപനം നിയന്ത്രിക്കുവാൻ ത്വരിത നടപടികളുമായി ഭരണകൂടം മുന്നിട്ടിറങ്ങിയിട്ടുണ്ട്. വ്യാകമായ പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ബോൾട്ടണിലെ ബി എൽ 3 പോസ്റ്റ് കോഡ് ഏരിയയിൽ, ഈ ഇനത്തിൽ പെട്ട വൈറസുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് വ്യാപകമായ പരിശോധനകൾ ആരംഭിച്ചത്.

കഴിഞ്ഞയാഴ്‌ച്ച 202 രോഗികളിലാണ് ഈ ഇനത്തില്പെട്ട കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതെങ്കിൽ ഈ ആഴ്‌ച്ച അത് 520 ആയി വർദ്ധിച്ചിട്ടുണ്ട്. ഇതോടെ പരിശോധന കൂടുതൽ വ്യാപകമാക്കുകയാണ്. വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചവരുടെ സമ്പർക്ക ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുക. വീടുവീടാന്തരം പരിശോധനകൾ നടത്തുക, രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെ കൂടി പരിശോധനക്ക് വിധേയരാക്കുക തുടങ്ങിയ നടപടികൾ പുരോഗമിക്കുകയാണ്.

മെയ്‌ 3 ന് അവസാനിച്ച ആഴ്‌ച്ചയിൽ 1 ലക്ഷം പേരിൽ 89 രോഗികൾ എന്നതാണ് ബോൾട്ടണിലെ കണക്കുകൾ കാണീക്കുന്നത്. തൊട്ടുമുൻപത്തെ ആഴ്‌ച്ചയിൽ ഇത് 1 ലക്ഷം പേരിൽ 78 പേർ എന്ന നിലയിൽ ആയിരുന്നു. അതേസമയം ദേശീയ ശരാശരി 1 ലക്ഷം പേരിൽ 20.6 രോഗികൾ എന്നതാണെന്നോർക്കണം. ബോൾട്ടണിലെ റംവർത്ത് സൗത്ത് എന്ന പ്രദേശത്ത് 500 ശതമാനമാണ് രോഗവ്യാപനതോതിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇവിടെ 1 ലക്ഷം പേരിൽ 359.3 രോഗികൾ എന്ന രീതിയിലാണ് രോഗവ്യാപനതോത്.

വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലാണ് ഇന്ത്യൻ ഇനം കൂടുതലായി വ്യാപിക്കുന്നത്. ഇതിൽ തന്നെ ബോൾട്ടണിലും ലണ്ടനിലുമാണ് രോഗവ്യാപനം കൂടുതൽ ഉള്ളത്. ഈ ഇനത്തിന് അധിക വ്യാപനശേഷി ഉണ്ടെങ്കിലും പ്രഹര ശേഷി അധികമില്ല എന്നത് ആശ്വാസകരമാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. മാത്രമല്ല, നിലവിലുള്ള വാക്സിനുകൾക്ക് ഇതിന്രെ ഒരു പരിധിവരെ പിടിച്ചുകെട്ടാനും ആകും.