- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു വർഷത്തിനു ശേഷം പ്രിയപ്പെട്ടവരെ കെട്ടിപ്പിടിക്കാൻ ഇനി ഒരാഴ്ച്ചകൂടി ബാക്കി; വീടിനുള്ളിലെ കൂടിച്ചേരലുകൾ അനുവദിക്കും; തീയറ്ററുകളും പബ്ബുകളും അടക്കം മെല്ലേ തുറക്കും; മാസ്കില്ലാത്ത കാലവും വിദൂരത്തല്ല; ബോറിസിന്റെ ഇന്നത്തെ പ്രഖ്യാപനത്തിന് കാതോർത്ത് ബ്രിട്ടൻ
കോവിഡിനെതിരെയുള്ള യുദ്ധത്തിൽ മറ്റൊരു നാഴികക്കല്ലുകൂടി ബ്രിട്ടൻ പിന്നിടാൻ ഒരുങ്ങുകയാണ്. സാധാരണ ജീവിതം താറുമാറാക്കിയ രാക്ഷസവൈറസിനെ ഒതുക്കിയ സന്തോഷത്തിൽ മനുഷ്യൻ സാധാരണ ജീവിതത്തിലേക്കുള്ള മടക്കയാത്രയിൽ മറ്റൊരു പടി കൂടി ചവിട്ടിക്കയറുകയാണ് ബ്രിട്ടൻ. ഒരു വർഷത്തിലധികമായി മനസ്സിൽ ഒതുക്കി നടന്നിരുന്ന സ്നേഹം മുഴുവനും എടുത്ത് ഇനി നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരെ വാരിപ്പുണരാം. വീടുകളിൽ സ്നേഹവിരുന്നൊരുക്കിനിങ്ങളുടെ മനസ്സ് പങ്കുവയ്ക്കാം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്നത്തെ പ്രഖ്യാപനം ബ്രിട്ടനെ സാധാരണ ജീവിതത്തിലേക്ക് ഒന്നുകൂടി അടുപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്രതീക്ഷിതമായി ലഭിച്ച തെരഞ്ഞെടുപ്പ് വിജയത്തിന്റെ വെളിച്ചത്തിൽ ഇന്ന് നടക്കാനിരിക്കുന്ന പത്രസമ്മേളനത്തിൽ ബ്രിട്ടന്റെ വാക്സിൻ പദ്ധതിയുടെ വിജയവും ബോറിസ് ജോൺസൺ എടുത്തുപറയും. ബ്രിട്ടനിലെ പ്രായപൂർത്തിയായവരിൽ മൂന്നിൽ ഒരാൾക്ക് വീതം വാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ചുകഴിഞ്ഞിരിക്കുന്നു. അടുത്ത തിങ്കളാഴ്‌ച്ച മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ, കഴിഞ്ഞ ഒരു വർഷത്തിലധികമായി നാം ബലികഴിച്ച സ്വകാര്യസുഖങ്ങൾ ഓരോന്നായി വന്നുചേരാൻതുടങ്ങും.
ഇംഗ്ലണ്ടിലെ മുഴുവൻ പബ്ബുകളിലും റസ്റ്റോറന്റുകളിലും കഫേകളിലും ഇൻഡോർ സർവ്വീസുകൾ വീണ്ടും ലഭ്യമായി തുടങ്ങും. അതിനോടൊപ്പം തന്നെ ആറു വ്യക്തികൾ, അല്ലെങ്കിൽ രണ്ടു വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവർക്ക് ഇൻഡോർ ഇടങ്ങളിലും ഒരുമിച്ചു കൂടാനുള്ള അനുമതിയും ലഭിക്കും. ഹോട്ടലുകൾ, ബി&ബികൾ, സിനിമാ ഹാളുകൾ, തീയറ്ററുകൾ, മ്യുസിയം എന്നിവ തുറന്നുപ്രവർത്തിക്കാൻ ആരംഭികും. അതോടൊപ്പം മരണശുശ്രൂഷകളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ ഉള്ള പരിധി എടുത്തുകളയും.
ഇന്ന് മന്ത്രിസഭായോഗം ചേർന്ന് അടുത്ത തിങ്കളാഴ്‌ച്ച മുതൽ പ്രാബല്യത്തിൽ വരുത്തേണ്ട ഇളവുകൾ തീരുമാനിക്കും എന്നാണ് അറിയാൻ കഴിയുന്നത്. സ്ഥിതിഗതികളും സാഹചര്യങ്ങളും ഇളവുകൾക്ക് അനുകൂലമായതിനാലാണിത്. കൊടുതൽ ഇളവുകൾ നൽകുന്നത് രോഗവ്യാപനം വർദ്ധിക്കുവാൻ ഇടയാക്കില്ല എന്നുതന്നെയാണ് വിദഗ്ദരുടെ അഭിപ്രായവും. ബ്രിട്ടനിലെ ജനസംഖ്യയിൽ മൂന്നിൽ രണ്ടുപേർക്ക് ചുരുങ്ങിയത് വാക്സിന്റെ ആദ്യ ഡോസെങ്കിലും ലഭിച്ചുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ രോഗവ്യാപനം വർദ്ധിക്കുവാനുള്ള സാധ്യത ആരോഗ്യ പ്രവർത്തകരും തള്ളിക്കളയുകയാണ്.
നേരത്തേ, ലോക്ക്ഡൗൺ ഇളവുകൾ നടൂപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നത്, ഓരോഘട്ടത്തിനു ശേഷവും സ്ഥിതിഗതികളും സാഹചര്യങ്ങളും വിലയിരുത്തി മാത്രമായിരിക്കും അടുത്ത ഘട്ടത്തിലേക്ക് പോവുക എന്നതായിരുന്നു. അപ്രകാരം വിശദമായ വിലയിരുത്തലുകൾക്ക് ശേഷം മാത്രമാണ് ഇപ്പോൾ മെയ് 17 നുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.
മെയ് 17 മുതൽ നിങ്ങൾക്ക് വാതിൽപ്പുറ ഇടങ്ങളിൽ 30 പേർ വരെ വരുന്ന സംഘത്തിന്റെ ഭാഗമാകാൻ സാധിക്കും. അതേസമയം, മുറികൾക്കുള്ളിൽ പരമാവധി ആറുപേർക്ക് അല്ലെങ്കിൽ രണ്ട് വ്യത്യസ്ത കുടുംബങ്ങൾക്ക് മാത്രമായിരിക്കും ഒത്തുചേരുവാനുള്ള അനുവാദം ഉണ്ടാവുക. ട്രാഫിക് ലൈറ്റ് സമ്പ്രദായപ്രകാരമുള്ള വിദേശ-ഒഴിവുകാല യാത്രകൾക്ക് അനുമതി ഉണ്ടായിരിക്കും. കുടുംബത്തിന് പുറത്തുള്ളവരോടൊത്ത് രാത്രി മറ്റിടങ്ങളിൽ താമസിക്കാൻ അനുവാദം നല്കും.
ആളുകൾക്ക് കൂടുതൽ അടുത്തിടപഴകാനുള്ള സാഹചര്യം ലഭിക്കുന്നതിനൊപ്പം റെസ്റ്റോറന്റുകളും പബ്ബുകളും മറ്റും ഇൻഡോർ സേവനങ്ങളും ഒരുക്കും. അതുപോലെ, തീയറ്റർ, സിനിമാഹാൾ, തുടങ്ങിയ ഇൻഡോർ വിനോദോപാധികളും തുറന്ന് പ്രവർത്തിക്കും. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിന്റെ പരിധി എടുത്തുകളഞ്ഞു. അതേസമയം, വിവാഹത്തിൽ 30 പേർക്ക് വരെ പങ്കെടുക്കാം.
ഇൻഡോർ സ്പോർട്ട്സ് പ്രദർശനങ്ങളിൽ സ്റ്റേഡിയത്തിൽ ഉൾക്കോള്ളാവുന്നതിന്റെ പകുതി മാത്രം ആളുകളേയെ പ്രവേശിപ്പിക്കാവൂ ഇതിന് പരമാവധി 1000 പേർ എന്നൊരു പരിധിയും നിശ്ചയിച്ചിട്ടുണ്ട്. അതേസമയം വൻ സ്റ്റേഡിയങ്ങളിൽ പരമാവധി 10,000 പേരെ വരെ പ്രവേശിപ്പിക്കാനാകും. ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭായോഗത്തിൽ ഇത് അംഗീകരിക്കപ്പെടുന്നതോടെ വൈകിട്ട് പ്രധാന മന്ത്രിബോറിസ് ജോൺസൻ ഇക്കാര്യങ്ങൾ പ്രഖ്യാപിക്കും.