കോവിഡ് യുദ്ധത്തിൽ ബ്രിട്ടന്റെ വിജയം അടിവരയിട്ടു പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്നലെ മറ്റൊരു ദിവസം കൂടി കടന്നുപോയത്. ഇന്നലെ രേഖപ്പെടുത്തിയത് വെറും രണ്ട് കോവിഡ് മരണങ്ങൾ മാത്രം. അതായത്, കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൽ മരണനിരക്കിൽ ഉണ്ടായിരിക്കുന്നത് 86 ശതമാനത്തിന്റെ കുറവാണ്. അതേസമയം, പ്രതിദിനം സ്ഥിരീകരിക്കപ്പെടുന്ന പുതിയ രോഗബാധിതരുടെ എണ്ണത്തിൽ 6 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 1770 പേർക്കാണ് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 17.6 മില്ല്യണിലധികം ആളുകൾക്ക് വാക്സിന്റെ രണ്ടു ഡോസുകളും ലഭിച്ചുകഴിഞ്ഞിരിക്കുന്നു. ഇതിൽ ഇംഗ്ലണ്ടിലേയും നോർത്തേൺ അയർലൻഡിലേയും ജനസംഖ്യയുടെ 33.6 ശതമാനം പേർക്ക് വാക്സിന്റെ രണ്ടു ഡോസുകളും ലഭിച്ചിട്ടുണ്ട്. അതേസമയം വെയിൽസിൽ മൊത്തം ജനസംഖ്യയുടെ 33.4 ശതമാനം പേർക്കും സ്‌കോട്ട്ലാൻഡിൽ 33.1 ശതമാനം പേർക്കും വാക്സിൻ ലഭിച്ചുകഴിഞ്ഞു.

അതേസമയം ബ്രിട്ടനിലെ 3,53,71,669 പേർക്ക് വാക്സിന്റെ ആദ്യ ഡോസും ലഭിച്ചിട്ടുണ്ട്. അതായത്, ജനസംഖ്യയുടെ 67.2 ശതമാനം വരും ഇത്. വെയിൽസിൽ 76.2 ശതമാനം പേർക്ക് ആദ്യ ഡോസ് ലഭിച്ചപ്പോൾ നോർത്തേൺ അയർലൻഡിൽ 66.9 ശതമാനം പേർക്കും ഇംഗ്ലണ്ടിൽ 66.8 ശതമാനം പേർക്കും സ്‌കോട്ട്ലാൻഡിൽ 65.4 ശതമാനം പേർക്കും വാക്സിന്റെ ആദ്യഡോസ് ലഭിച്ചുകഴിഞ്ഞു.

പ്രിയപ്പെട്ടവരെ വാരി പുണരാനും ഉമ്മവയ്ക്കാനും അനുവാദം നൽകുന്നതിനൊപ്പം നിരവധി മറ്റു ഇളവുകളുമായി ലോക്ക്ഡൗൺ നീക്കലിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രഖ്യാപനം ഇന്ന് വരാൻ ഇരിക്കെ ജനങ്ങൾ ഏറെയ പ്രതീക്ഷയിലാണ്. ഒരുവർഷത്തിലധികമായി താറുമാറായ സാമൂഹ്യ ജീവിതം, ഒരു പരിധിവരെയെങ്കിലും തിരികെ കിട്ടുന്നതിന്റെ ആഹ്ലാദം പലരും പങ്കുവയ്ക്കുന്നുണ്ട്. അതുപോലെത്തന്നെ, വിദേശയാത്രകളും, മെയ്‌ 17 -ഓടെ സാധ്യമാകും.

സൗഹൃത്തുക്കളും ബന്ധുക്കളും തമ്മിലുള്ള സ്നേഹനിർഭരമായ കൂടിച്ചേരലുകളിൽ ഇനിമുതൽ സാമൂഹിക അകലത്തിന് പ്രസക്തിയുണ്ടാവില്ല. മെയ്‌ 17 ന് അതിനുള്ള നിയന്ത്രണങ്ങളും എടുത്തുകളയും. അതേസമയം സ്‌കൂളുകളിൽ വിദ്യാർത്ഥികൾ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്ന വിഷയത്തിൽ ഇനിയും ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല. ഇന്നു ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിശോധിക്കും എന്നാണ് അറിയാൻ കഴിയുന്നത്.

സെക്കൻഡറി സ്‌കൂളുകളിലും കോളേജുകളീലും കുറച്ചുകാലത്തേക്ക് കൂടി മാസ്‌ക് നിർബന്ധമാക്കണമെന്നാണ് പൊതുവെ ഉയരുന്ന വിദഗ്ദാഭിപ്രായം.വിവാഹാഘോഷങ്ങളിൽ ഇനി മുതൽ 30 പേർക്ക് വരെ പങ്കെടുക്കാനാകും. അതേസമയം, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെ പരിധി എടുത്തുകളഞ്ഞിട്ടുണ്ട്. വാക്സിൻ പദ്ധതിയുടെ പുരോഗമനം ഇനിയൊരു രോഗവ്യാപന സാധ്യത തീരെയില്ലാതെയാക്കുന്നു എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.