ലോകം മുഴുവൻ കോവിഡ് പ്രതിസന്ധിയിൽ ഉഴലുമ്പോഴും ചിലർക്ക് യുദ്ധക്കൊതി അടക്കാനാകുന്നില്ല. മനുഷ്യരെന്ന് വിളിക്കാൻ ആകില്ലെങ്കിലും മനുഷ്യജാതിയിൽ പിറന്നുപോയ ഈ നരാധമന്മാർ ആയുധങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്, തക്ക സമയം കിട്ടുമ്പോൾ സഹജീവികൾക്കെതിരെ ആഞ്ഞടിക്കാൻ. ആധുനിക ആയുധങ്ങളുടേ വൻ ശേഖരവുമായി യമനിലേക്ക് പോകുന്നതെന്ന് കരുതപ്പെടുന്ന ഒരു കപ്പലിനെ അറബിക്കടലിൽ അമേരിക്കൻ നാവികസൈന്യം പിടികൂടിയപ്പോൾ കണ്ട കാഴ്‌ച്ചകൾ മനുഷ്യരാശിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു.

ബഹറിൻ ആസ്ഥാനമായുള്ള അമേരിക്കയുടെ അഞ്ചാം നാവികപ്പടയാണ്, കടലിൽ പട്രോളിങ് നടത്തിക്കൊണ്ടിരുന്ന യു എസ് എസ് മോണ്ടെസറി എന്ന മിസൈൽ ക്രൂയിസർ മദ്ധ്യപൂർവ്വ ദേശങ്ങളിൽ സധാരണയായി ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന ഒരു ചരക്ക് കപ്പലിൽ നിന്നും വൻ ആയുധശേഖരം പിടികൂടിയ കാര്യം വെളിപ്പെടുത്തിയത്. ഒമാൻ തീരത്തുനിന്നും പാക്കിസ്ഥാൻ തീരത്തുനിന്നും മാറിയായിരുന്നു ഈ കപ്പൽ സഞ്ചരിച്ചിരുന്നത്. നേരത്തേ യമനിലെ ഹൂതി വിമതർക്ക് ആയുധവുമായി പോയ ഒരു കപ്പൽ സമാനമായ സാഹചര്യത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പിടിയിലായിരുന്നു. അതിൽനിന്നും ലഭിച്ചതിനോട് സമാനമായ ആയുധങ്ങളാണ് ഈ കപ്പലിൽ നിന്നും ലഭിച്ചതെന്ന് അമേരിക്കൻ നാവികവൃത്തങ്ങൾ അറിയിച്ചു.

പ്രാഥമികാന്വേഷണത്തിൽ ഈ കപ്പൽ ഇറാനിൽ നിന്നും വന്നെത്തിയതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇറന്റെ ഐക്യരാഷ്ട്ര സഭയിലേക്കുള്ള പ്രതിനിധി ഇക്കാര്യത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചുവെങ്കിലു, യമനിലെ വിമതർക്ക് ആയുധം നൽകുന്ന കാര്യം ടെഹ്റാൻ നിഷേധിച്ചിട്ടുണ്ട്. മൂവായിരത്തോളം ചൈനീസ് ടൈപ്പ് 56 റൈഫിളുകൾ പിടിച്ചെടുത്ത ആയുധശേഖരത്തിൽ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കലാഷ്നിക്കോവ് തോക്കുകളുടെ ചൈനീസ് അനുകരണമാണിവ.

അതുകൂടാതെ നൂറുകണക്കിന് ഹെവി ഡ്യുട്ടി മെഷിൻ ഗണ്ണുകളും സ്നിപ്പർ റൈഫിളുകളും ഈ കപ്പലിൽ നിന്നും കണ്ടെത്തി. അതോടൊപ്പം റഷ്യൻ നിർമ്മിത ആധുനിക ആന്റി - ടാങ്ക് ഗൈഡഡ് മിസൈലുകളും കണ്ടെത്തിയിട്ടുണ്ട്. അനേകം റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ലോഞ്ചറുകളും ഈ ആയുധ ശേഖരത്തിൽ ഉണ്ടായിരുന്നു. ഡക്കിനു താഴെയായി പച്ച നിറത്തിലുള്ള തുണികളിൽ പൊതിഞ്ഞ രീതിയിലായിരുന്നു ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്.

ചരക്കുകൾ നീക്കം ചെയ്തതിനുശേഷം, കപ്പലിലെ ജീവനക്കാരെ ചോദ്യംചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. യമനിലെ അഭ്യന്തരയുദ്ധം തുടരുന്ന സാഹചര്യത്തിൽ, അടുത്തകാലത്ത് പിടിച്ചെടുത്തതിൽ വച്ച് ഏറ്റവും വലിയ ആയുധശേഖരമാണിത്. ഈ ആയുധങ്ങൾ വന്നത് എവിടെ നിന്നാണെന്ന കാര്യം വിശദമായി അന്വേഷിക്കുകയാണെന്ന് അഞ്ചാം നാവികപ്പടയുടെ വക്താവ് അറിയിച്ചു.

2014- ലാണ് യമനിലെ അഭ്യന്തരയുദ്ധം ആരംഭിക്കുന്നത്. സന പിടിച്ചടക്കിയ ഹൂതി വിമതർ രാജ്യം മുഴുവൻ തങ്ങളുടെ കീഴിലാക്കാനുള്ള ശ്രമത്തിലാണ്. സൗദി അറേബ്യയും യുണൈറ്റഡ് അരബ് എമിരേറ്റ്സും, യമനിലെ, ലോകം മുഴുവൻ അംഗീകരിച്ച ഭരണകൂടത്തിനൊപ്പം നിൽക്കുമ്പോൾ ഇറാൻ വിമതർക്ക് കൈയയച്ച് സഹായങ്ങൾ നൽകുകയാണ്. ഈ വിമതർ ഇടയ്ക്കിടയ്ക്ക് സൗദി അറേബ്യയിലേക്കും മിസൈൽ വർഷിക്കാറുണ്ട്.

ഏകദേശം ഒന്നര ലക്ഷത്തോളം പേർ ഇതുവരെ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് സൂചന. 2015-ൽ ഹൂതികൾക്ക് ആയുധമെത്തിക്കുന്നതിന് ഐക്യരാഷ്ട്ര സംഘടന വിലക്കുകൽപിച്ചിട്ടുമുണ്ട്.