കാശ്മീർ പ്രശ്നത്തിൽ ഇന്ത്യക്കെതിരെ കർശന സമീപനം സ്വീകരിക്കുന്നില്ല എന്നതിന്റെ പേരിൽ ഇസ്ലാമിക രഷ്ട്ര സമൂഹത്തിൽ സൗദി അറേബ്യക്കെതിരെ വിപ്ലവം നയിച്ച ഇമ്രാൻ ഖാൻ അവസാനം വാലും ചുരുട്ടി സൗദിയുടെ കാരുണ്യത്തിനായി യാചിച്ചെത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇമ്രാൻ ഖാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും ചർച്ചകൾ നടത്തി.

സൗദി അറേബ്യൻ അധികൃതരുമായി ചില കരാറുകളിൽ ഒപ്പുവച്ച ഇമ്രാൻ ഖാൻ വർഷങ്ങളായി തുടരുന്ന സൗദി-പാക് ബന്ധം ശക്തിപ്പെടുത്താ ശ്രമിക്കുമെന്ന് പറഞ്ഞു. അടുത്തകാലത്ത് കാശ്മീർ- യമൻ വിഷയങ്ങളിൽ ഏറെ തകർന്നു പോയിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം. 2018-ലെ തെരഞ്ഞെടുപ്പിൽ ജയിച്ച അധികാരത്തിലെത്തിയതിനു ശേഷമുള്ള ഇമ്രാൻ ഖാന്റെ ഏഴാമത്തെ സൗദി സന്ദർശനമാണിത്.

വിമാനത്താവളത്തിലെത്തി ഇമ്രാനെ സ്വീകരിച്ച മുഹമ്മദ് രാജകുമാരൻ പിന്നീട് ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിൽ അദ്ദേഹവുമായി ചർച്ചനടത്തുകയും ചെയ്തു. ഇരു രാജ്യങ്ങളൂം തമ്മിലുള്ള ദീർഘകാല ബന്ധത്തെ കുറിച്ച് ഇരു നേതാക്കളും സംസാരിച്ചതായി സൗദി ഔദ്യൊഗിക കേന്ദങ്ങൾ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അവർ ച്രർച്ച ചെയ്തു.

കഴിഞ്ഞ ആഗസ്റ്റിൽ, സൗദി ആസ്ഥാനമായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനോട് കാശ്മീർ വിഷയം ചർച്ച ചെയ്യുവാൻ ഒരു ഉന്നതതല യോഗം വിളിച്ചുകൂട്ടുവാൻ പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ആവശ്യപ്പെടുന്നതു മുതൽക്കാണ് ഇരു രാജ്യങ്ങളൂം തമ്മിലുള്ള ബന്ധം വഷളാകുന്നത്. ഇത് സംഘടനയിൽ സൗദി അറേബ്യയ്ക്കുള്ള അപ്രമാദിത്തത്തെ ചോദ്യം ചെയ്യുന്ന നടപടിയായാണ് സൗദി എടുത്തത്. നിരവധി ഇസ്ലാമിക പുണ്യ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന സൗദി അറേബ്യ എന്നും 57 അംഗ ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മയുടെ നേതൃത്വം കൈയിൽ വയ്ക്കാൻ ആഗ്രഹിക്കുന്ന രാജ്യമാണ്.

അടുത്ത കാലത്തുപോലും പാക്കിസ്ഥാന് വൻ തോതിൽ സാമ്പത്തിക സഹായങ്ങൾ നൽകിയപ്പോഴും, ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ സൗദി അറേബ്യ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പാക്കിസ്ഥാന്റെ അതിസാമർത്ഥ്യത്തിനു മറുപടിയായി അവർക്ക് നൽകിയിട്ടുള്ള 3 ബില്ല്യൺ ഡോളറിന്റെ വായ്പയിൽ നിന്നും 1 ബില്ല്യൺ ഡോളർ തിരികെ ആവശ്യപ്പെട്ട സൗദി അറേബ്യ പാക്കിസ്ഥാനുമായുള്ള കോടികൾ വിലമതിക്കുന്ന ഓയിൽ ക്രെഡിറ്റ് ഫെസിലിറ്റി പുതുക്കുവാനും തയ്യാറായില്ല.

ഇതിനു മുൻപായി യമനിൽ സൗദി നടത്തുന്ന പോരാട്ടത്തെ സഹായിക്കാൻ സൈനികരെ അയയ്ക്കണമെന്ന സൗദിയുടെ ആവശ്യം പാക്കിസ്ഥാൻ തള്ളിക്കളഞ്ഞിരുന്നു.