കുഞ്ഞു കളിപ്പാവകളെ കുളിപ്പിച്ചൊരുക്കി പൊട്ടുകുത്തി ലാളിച്ച്, അമ്പിളിമാമനെ കാണിച്ച് മാമം കൊടുത്തുകളിക്കേണ്ട പ്രായത്തിൽ എലിസബത്ത് നോർമന്റെ ഹൃദയത്തെ തൊട്ടത് ബഹിരാകാശത്തിലെ നിഗൂഢതകളായിരുന്നു. തികച്ചും അസാധാരണമായ മോഹങ്ങളുമായി ജീവിക്കുന്ന ഈ ഏഴുവയസ്സുകാരി കൈവരിക്കാൻ പോകുന്നത് അത്യപൂർവ്വമായ നേട്ടം.

സമപ്രായക്കാരായ കുട്ടികൾ അമ്മമാർ അമ്പിളിമാമനെ പിടിച്ചുതരുമെന്ന പ്രതീക്ഷയിൽ, കാച്ചിയമോരൊഴിച്ച് ഉപ്പിട്ട മാമം കഴിക്കുമ്പോൾ, അതേ അമ്പിളിമാമനിൽ തന്റെ വിരലടയാളം പതിക്കാൻ ഒരുങ്ങുകയാണ് ഈ ഏഴുവയസ്സുകാരി. തന്റെ സമൂഹ മാധ്യമ അക്കൗണ്ടിന്റെ പേരായ ''അസ്ട്രോ ലിസ്സ് ലാബ്'' എന്ന വാക്കുകൾ എഴുതിയ സ്റ്റിക്കർ ചന്ദ്രനിലെത്തിക്കുകയാണ് ഈ മിടുക്കി. 1972-ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം അമേരിക്ക ചന്ദ്രനിലേക്ക് വിക്ഷേപിക്കുന്ന ബഹിരാകാശവാഹനത്തിലെ ടൈം കാപ്സൂളിൽ ഈ കൊച്ചുമിടുക്കിയുടെ പേര് ആലേഖനം ചെയ്ത സ്റ്റിക്കറും ഉണ്ട്.

കഴിഞ്ഞ വർഷത്തെ നാസയുടെ പ്രിസർവൻസ് റോവറിന്റെ ചൊവ്വാ ദൗത്യം കണ്ടതോടെയാണ് ലെസ്റ്റർ സ്വദേശിയായ എലിസബത്ത് നോർമൻ എന്ന ഏഴു വയസ്സുകാരിക്ക് ബഹിരാകാശ ഗവേഷണത്തിൽ താത്പര്യം മുളയ്ക്കുന്നത്. തന്റേതായ ഒരു റോക്കറ്റ് നിർമ്മിച്ച് ചന്ദ്രനിലേക്ക് അയയ്ക്കുക എന്നതായിരുന്നു പിന്നീടവളുടെ ലക്ഷ്യം. നാസയുടെ മനുഷ്യരില്ലാത്ത ചന്ദ്രദൗത്യത്തിൽ ഉപയോഗിക്കുവാൻ യുണൈറ്റഡ് ലോഞ്ച് അലയൻസ് നിർമ്മിച്ച, വൾക്കൻ സെന്റൊർ റോക്കറ്റിന്റെ മാതൃകയിൽ അവൾ ഒരു റോക്കറ്റ് നിർമ്മിച്ചു.

കഴിഞ്ഞ ജനുവരിയിൽ താൻ നിർമ്മിച്ച റോക്കറ്റ് തന്റെ വീട്ടിലെ പൂന്തോട്ടത്തിൽ നിന്നുമാണ് ഈ കൊച്ചു സുന്ദരി ചന്ദ്രനിലേക്ക് വിക്ഷേപിച്ചത്. 30 അടിയോളം ഉയരത്തിൽ ആ റോക്കറ്റ് ഉയർന്നു പൊങ്ങി. ഇത് വാർത്ത ആയതോടെ റോക്കറ്റ് നിർമ്മാതാക്കളായ യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ ശ്രദ്ധയിലും ഇത് പെട്ടു. ഈ കുഞ്ഞ് ബഹിരാകാശ ഗവേഷകയുടെ മോഹവും, അത് സാക്ഷാത്ക്കരിക്കുവാനുള്ള ദൃഢ നിശ്ചയവും പരിചയസമ്പന്നരായ ഗവേഷകർക്ക് തള്ളിക്കളയാൻ ആയില്ല. തങ്ങളുടെ റോക്കറ്റ് ഉപയോഗിച്ച് ആദ്യം വിക്ഷേപിക്കുന്ന് ടൈം കാപ്സൂളിൽ എലിസബത്തിന്റെ പേരെഴുതിയ സ്റ്റിക്കർ കൂടി ഉൾപ്പെടുത്താൻ അവർ സമ്മതിക്കുകയായിരുന്നു.

2021 അവസാനത്തോടെ ചന്ദ്രനിലെത്തുന്ന ടൈം കാപ്സൂളിൽ പെട്ടെന്ന് കാണാവുന്ന വിധത്തിലായിരിക്കും ഈ കൊച്ചുമിടുക്കിയുടെ പേരെഴുതിയ സ്റ്റിക്കർ പ്രദർശിപ്പിക്കുക. വലുതായാൽ ഒരിക്കൽ ചന്ദ്രനിൽ പോയി തന്റെ സ്റ്റിക്കർ കാണണമെന്നതാണ് ഇപ്പോൾ ഈ കൊച്ചു ബഹിരാകാശ ഗവേഷകയുടെ ആഗ്രഹം. അടുത്തിടെ ഇവൾ നാസയുടെ ഒരു അഞ്ചാഴ്‌ച്ചത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിൽ വെർച്വലായി ചൊവ്വയിലേക്ക് പോകുന്ന പരിപാടിയുമുണ്ടായിരുന്നു.

ഇപ്പോൾ ഈ ടൈം ലൈനും വഹിച്ചുകൊണ്ടുപോകുന്ന് റോക്കറ്റിന്റെ വിക്ഷേപണം നേരിട്ടുകാണുവാൻ എലിസബത്തിനേയും കുടുംബത്തേയും ഫ്ളോറിഡയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.