- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിടപറഞ്ഞത് കെ.ടിയുടെ അരുമശിഷ്യൻ; നടനും സംവിധായകനുമായി തിളങ്ങി; പ്രമോദ് ചാലയുടെ വിയോഗം നാടക വേദിക്ക് തീരാനഷ്ടം

കണ്ണൂർ:മരണം കർട്ടനിട്ടപ്പോൾ അണിയറയിലേക്ക് മറഞ്ഞത് വടക്കേ മലബാറിന്റെ പ്രീയപ്പെട്ട നാടകക്കാരൻ. നാടകാചാര്യൻ കെ.ടി മുഹമ്മദിന്റെ ശിക്ഷണമായിരുന്നു പ്രമോദ് ചാലയെന്ന(54) നടനെയും സംവിധായകനെയും വാർത്തെടുത്തത്. നടനായും സംവിധായകനായും അരങ്ങിൽനിറഞ്ഞ പ്രമോദ് സാംസ്‌കാരിക കേരളത്തെ ആഴത്തിൽ സ്പർശിച്ച ചില നാടകങ്ങളുടെ സംഘാടകനുമായി. കോഴിക്കോട് കലിംഗാ തീയേറ്റേഴ്സിലൂടെയായിരുന്നു പ്രൊഫഷനൽ നാടക വേദിയിലെ പ്രമോദിന്റെ അരങ്ങേറ്റം.
കെ.ടി മുഹമ്മദിന്റെ കാഫർ, ഇതു ഭൂമിയാണ്, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനും ബാപ്പയും എന്നീ നാടകങ്ങളിൽ പ്രമോദ് ചാല വേഷമിട്ടു.കലിംഗയുടെ നാടകങ്ങളിൽ നിരവധി വർഷത്തോളം നിറഞ്ഞു നിന്ന നടനും സംഘാടകനുമായിരുന്നു പ്രമോദ് ചാല.സ്റ്റേജ് ഇന്ത്യ, കോഴിക്കോട് രംഗഭാഷ, വടകര വരദ തുടങ്ങിയ നാടകസംഘങ്ങളിലും പ്രവർത്തിച്ചു.
2003-ൽ മികച്ച നാടകനടനുള്ള സംസ്ഥാന അവർഡ് നേടി.രാജൻ കിഴക്കനേല രചനയും സംവിധാനവും നിർവഹിച്ച അക്ഷരസദസ് എന്ന നാടകത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.ശാപ്പാട്ട്, രാമൻ എന്നീ നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാർഡും എസ്. എൽ. പുരം സദാനന്ദൻ അവാർഡും കെ.സി.ബി.സി അവാർഡുമടക്കം നൂറുകണക്കിന് പ്രാദേശിക പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഒരു ദശാബ്ദമായി വള്ളുവനാട് ബ്രഹ്മ നാടക സംഘത്തിന്റെ മുഖ്യ സംഘാടകനായ പ്രമോദ്, കരിങ്കുട്ടി, ആങ്ങള തെയ്യം, കോതാമൂരി, സൈലൻസ് തുടങ്ങിയ നാടകങ്ങളും അരങ്ങിലെത്തിച്ചിട്ടുണ്ട്. കരൾ രോഗത്തെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു പ്രമോദ് ചാല. ഞായറാഴ്‌ച്ച രാത്രിയോടെയാണ് അന്ത്യം.
പരേതരായ കുഞ്ഞിരാമൻ ആചാരിയുടെയും രോഹിണിയുടെയും മകനാണ്. ഭാര്യ: പി. ആർ. സന്ധ്യ.മക്കൾ: ദേവതീർത്ഥ, ദേവദർശ്. സംസ്‌കാരം ചെമ്പിലോട് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

