മനാമ: കേരള രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവും കരുത്തുറ്റ വനിതയുമായിരുന്ന കെആർ ഗൗരിയമ്മയുടെ വിയോഗത്തിൽ കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സാധാരണ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ജനശബ്ദമായി മാറിയ ഗൗരിയമ്മ ജീവിതം തന്നെ സമരമാക്കിയ നേതാവായിരുന്നെന്ന് സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ പറഞ്ഞു.

കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതയായിരുന്ന ഗൗരിയമ്മയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. അവരുടെ അനുഭവങ്ങളും രാഷ്ട്രീയ ജീവിതവും കേരള രാഷ്ട്രീയ ജീവിതത്തിൽ എന്നും ഓർമ്മിക്കപ്പെടും. അസാധാരണ മനക്കരുത്തും സംഘടനാ മികവുമുള്ള നേതാവായിരുന്നു ഗൗരിയമ്മയെന്നും നേതാക്കൾ അനുശോചനക്കുറിപ്പിൽ പറഞ്ഞു

അനുശോചനം അറിയിച്ച് ഇന്ത്യൻ സോഷ്യൽ ഫോറവും

കെആർ ഗൗരിയമ്മയുടെ വേർപാടിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ചാപ്റ്റർ വർക്കിങ് പ്രസിഡന്റ് മുഹമ്മദാലിയും ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസും അനുശോചിച്ചു. സർ സി പിയുടെ കാലത്തെ പൊലീസിന്റെ കടുത്ത പീഡനങ്ങൾക്കിരയാകേണ്ടിവന്ന അവർക്ക് സ്വാതന്ത്ര്യലബ്ധിക്കു ശേഷവും കൊടിയ പീഡനങ്ങളാണ് ഏൽക്കേണ്ടി വന്നത്. സ്വന്തം നിലപാടുകൾക്കും ഉൾക്കൊണ്ട ആദർശത്തിനും വേണ്ടി ജീവിതം സമർപ്പിച്ച ധീര വിപ്ലവകാരിയായ ഗൗരിയമ്മയുടെ ത്യാഗ സന്നദ്ധതയും സമർപ്പണവും എക്കാലത്തും പ്രചോദനമാണ്. അവരുടെ വേർപാടിൽ വ്യസനിക്കുന്ന ഉറ്റവരുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കാളിയാകുന്നതായും അനുശോചനസന്ദേശത്തിൽ പറഞ്ഞു.