തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ പ്രവാസികളെ ചൂഷണം ചെയ്ത് വിമാന കമ്പനികൾ പണം കൊയ്യുന്നു. ടിക്കറ്റ് നിരക്ക് നാലിരട്ടിയോളമാണ് പല വിമാന കമ്പനികളും ഉയർത്തിയിരിക്കുന്നത്്. ബഹ്‌റൈൻ വഴി സൗദിയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടിയതോടെ കേരളത്തിൽനിന്നു ബഹ്‌റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 70,000 ആയി ഉയർന്നു. ഇന്നലെ ടിക്കറ്റെടുത്ത പലർക്കും 70,000 രൂപയ്ക്കു മുകളിൽ നൽകേണ്ടിവന്നു.

ജോലി പോകുമെന്നതിനാൽ മറ്റു മാർഗമില്ലാതെ കൂടിയ നിരക്കു നൽകാൻ പലരും തയാറായെങ്കിലും വിമാനത്തിൽ സീറ്റില്ലാത്തതിനാൽ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. സൗദിയിൽ ജോലിയിൽ കയറേണ്ട ആയിരക്കണക്കിന് പ്രവാസികളെയാണ് വിമാനക്കമ്പനികൾ ചൂഷണം ചെയ്യുന്നത്. സൗദിയിലേക്ക് നേരിട്ടു വിമാനമില്ലാത്തതിനാൽ ബഹ്‌റൈൻ വഴിയാണ് യാത്ര. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴി നേരത്തേ 15,000 രൂപയായിരുന്നു ബഹ്‌റൈനിലേക്കുള്ള ശരാശരി ടിക്കറ്റ് നിരക്ക്. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് 70,000 രൂപയാക്കി ഉയർത്തുക ആയിരുന്നു.

വിമാന സർവീസുകൾക്കു നിയന്ത്രണം വന്നതോടെ തുക ഇരട്ടിയായി. രണ്ടാഴ്ച മുൻപു ദുബായ് വഴി ബഹ്‌റൈനിലേക്കു പോയവർ 32,000 രൂപയാണു ടിക്കറ്റിനു നൽകിയത്. യുഎഇ വഴിയുള്ള വിമാന സർവീസുകൾ നിർത്തിയതോടെ നിരക്ക് അര ലക്ഷമായി. മറ്റു രാജ്യങ്ങളിലൂടെ സൗദിയിലെത്താനുള്ള വഴികൾകൂടി അടഞ്ഞതോടെയാണു ബഹ്‌റൈൻ യാത്രയ്ക്ക് വീണ്ടും ടിക്കറ്റ് നിരക്കു കൂട്ടിയത്. അതേസമയം, കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഈ മാസം 20 മുതൽ സൗദി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.

വാക്‌സീൻ സ്വീകരിക്കാതെ എത്തുന്ന യാത്രക്കാർക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ ഉൾപ്പെടെയാണ് നിർദേശിച്ചിട്ടുള്ളത്. അതും യാത്രക്കാരുടെ ചെലവു വർധിപ്പിക്കും. ചില ഏജൻസികൾ കൂട്ടത്തോടെ ടിക്കറ്റ് വാങ്ങി വച്ചതാണു നിരക്ക് കുത്തനെ കൂടാനുള്ള പ്രധാന കാരണമെന്ന് യാത്രക്കാർ പറയുന്നു. എയർ ഇന്ത്യ എക്സ്‌പ്രസിന് ശരാശരി 50,000 രൂപയായിരുന്നു ദിവസങ്ങൾക്കു മുൻപ് ടിക്കറ്റ് നിരക്ക്. എന്നാൽ, എയർ ഇന്ത്യ എക്സ്‌പ്രസിൽ ടിക്കറ്റ് ലഭിക്കാനില്ലെന്നും മറ്റു വിമാനക്കമ്പനികളുടെ നിരക്ക് 72,000 വരെയാണെന്നും യാത്രക്കാർ പറഞ്ഞു.