കാളികാവ്: പെരുന്നാൾ വരുന്നു. മക്കൾക്ക് വയറു നിറയെ ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി നൽകണം. സമ്മാനം നൽകണം. അതുകൊണ്ടാണ് കോവിഡിനിടയിലും ആ വീട്ടമ്മമാർ കൂലിപ്പണിക്ക് ഇറങ്ങിയത്. അതുകൊണ്ട് തന്നെ പെരുന്നാൾ തലേന്നും അവർ ജോലിക്കിറങ്ങി. എന്നാൽ വിധി മറ്റൊന്നായിരുന്നു. പണി ചെയ്ത് കിട്ടിയ പണം മുഴുവൻ പിഴയായി ഒടുക്കേണ്ടി വന്നു. കണ്ണു നിറഞ്ഞ സങ്കടവുമായാണ് ആ വീട്ടമ്മമാർ പൊലീസ് സ്‌റ്റേഷൻ വിട്ട് പുറത്തിറങ്ങിയത്.

എന്നാൽ ആ കണ്ണുനീർ ചെന്ന് തട്ടിയത് പിഴ ചുമത്തിയ പൊലീസുകാരുടെ ഹൃദയത്തിലായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ വീടുകളിൽ കൈനിറയെ സാധനങ്ങളുമായി പൊലീസെത്തി. കാളികാവ് സ്റ്റേഷനിലെ പൊലീസുകാരാണ് നിയമപാലനത്തിലെ കൃത്യതയ്‌ക്കൊപ്പം കാരുണ്യപൂർണമായ ഇടപെടലും നടത്തിയത്.

പി.പി.ഇ. കിറ്റ് നിർമ്മാണശാലയിലെ തൊഴിലാളികളായ വീട്ടമ്മമാരെ തേടിയാണ് കാരുണ്യ വർഷവുമായി പൊലീസ് എത്തിയത്. ഉദരംപൊയിലിലെ തൊഴിൽശാലയിൽനിന്ന് വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ മടങ്ങുമ്പോഴാണ് അരിമണലിൽ ഇരുവരെയും പൊലീസ് തടഞ്ഞത്. രേഖകളുടെ കുറവ് ചൂണ്ടിക്കാണിച്ച് പിഴചുമത്തി. സ്റ്റേഷനിൽ എത്തി തുകയടയ്ക്കാൻ ആവശ്യപ്പെട്ടു.

പെരുന്നാൾ സാധനങ്ങൾക്ക് കരുതിവെച്ച പണം പിഴയായി അടച്ചു. ജോലികഴിഞ്ഞ് വെറുംകൈയോടെ വീട്ടിലേക്കു മടങ്ങുന്നതിനെക്കുറിച്ച് ഇവരിലൊരാൾ അടക്കിപ്പിടിച്ച് വിതുമ്പി. തട്ടത്തിൻ തലപ്പുകൊണ്ട് കണ്ണുതുടയ്ക്കുന്നതുകണ്ട സ്റ്റേഷനിലെ പൊലീസുകാർ കാര്യം അന്വേഷിച്ചു. പിഴ അടച്ചുകഴിഞ്ഞപ്പോൾ പെരുന്നാൾ ആഘോഷം പരുങ്ങലിലായ കാര്യം അറിയിച്ചു. കൈയിൽ പണമില്ല.

അപ്പോൾ പൊലീസിന്റെ ഹൃദയമലിഞ്ഞു. സീനിയർ സിവിൽ പൊലീസ് ഓഫീസർ എം. വിനയദാസ് ഇറച്ചി വാങ്ങിക്കാനുള്ള പണം സ്വന്തം കീശയിൽനിന്നു നൽകി. അതുവാങ്ങാൻ വീട്ടമ്മ മടിച്ചു. എന്നാൽ, കുട്ടികൾക്കുള്ള പെരുന്നാൾ സമ്മാനമായിക്കണ്ട് സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ഇവിടംകൊണ്ട് തീർന്നില്ല. സന്നദ്ധപ്രവർത്തകനുമായി ബന്ധപ്പെട്ട് രണ്ട് ഭക്ഷണക്കിറ്റുകളും തരപ്പെടുത്തി. പിഴയടച്ച രസീതിലെ മേൽവിലാസം നോക്കി വീട്ടമ്മമാരെത്തേടി ഭക്ഷണപ്പൊതിയുമായി പൊലീസെത്തി. വിനയദാസ്, സിവിൽ പൊലീസ് ഓഫീസർ ഉജേഷ് തുടങ്ങിയവർ നേതൃത്വംനൽകി.