വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ച അമ്മാവനെപ്പറ്റി ഹൃദയസ്പർശിയായ കുറിപ്പുമായി നടി ശ്വേത മേനോൻ. അമ്മയുടെ മൂത്ത ജ്യോഷ്ഠൻ എംപി. നാരായണമേനോൻ ഇന്ന് രാവിലെ ഞങ്ങളെ വിട്ടുപിരിഞ്ഞുവെന്നും സൈനികനായ അദ്ദേഹം കുടുംബത്തിന്റെ ശക്തിയായിരുന്നുവെന്നും ശ്വേത ഫേസ്‌ബുക്കിൽ കുറിക്കുന്നു. പെൺകുട്ടിയായതുകൊണ്ട് വീട്ടിലിരിക്കണമെന്ന് അർഥമില്ലെന്നും സ്വന്തം കരിയറും പണം സമ്പാദിക്കലും അഭിപ്രായങ്ങൾ എടുക്കലുമെല്ലാം പ്രധാനപ്പെട്ടതാണെന്ന് ചെറുപ്പത്തിലേ അദ്ദേഹം തനിക്ക് പറഞ്ഞുതന്നുവെന്ന് നടി പറയുന്നു.

ഒരാളുടെയും ഔദാര്യത്തിൽ ജീവിക്കാൻ ഇടവരരുതെന്നും സ്വാശ്രയത്വം നേടിയെടുക്കണമെന്നും അമ്മാവൻ പഠിപ്പിച്ചുവെന്നും എഴുതുന്നു ശ്വേത. അദ്ദേഹത്തിന്റെ ഉപദേശങ്ങളെല്ലാം താൻ ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്തിരുന്നുവെന്ന് പറയുന്നു താരം. എവിടെയായിരുന്നാലും നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നുവെന്നും ഞങ്ങളെ അനുഗ്രഹിക്കണമെന്നും നിങ്ങൾ ഞങ്ങളെയെല്ലാം കാണുന്നുണ്ടെന്ന് അറിയാമെന്നും കുറിപ്പിന്റെ അവസാനത്തിൽ ശ്വേത പറയുന്നു.