- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രീതി പട്ടേലിനെ ഇന്ത്യയിലേക്കോ ഉഗാണ്ടയിലേക്കോ നാടുകടത്തണം; ബ്രിട്ടനിൽ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ യൂണൈറ്റിന്റെ നേതാവ് രംഗത്ത്; വംശീയതയെന്ന് പറഞ്ഞ് തിരുത്താൻ ശ്രമിച്ച് തൊഴിലാളികൾ
ബ്രിട്ടനിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയന്റെ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു നേതാവിനെ ലേബർ പാർട്ടി സസ്പെൻഡ് ചെയ്തു. മാത്രമല്ല, വംശീയ വിദ്വേഷം പടർത്തുന്ന രീതിയിൽ സംസാരിച്ചു എന്ന് പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഹോം സെക്രട്ടറി പ്രീതി പട്ടേലിനെ നാടുകടത്തണം എന്ന് പ്രസംഗിച്ചതിനാണ് ഈ നടപടി. തൊഴിലാളി യൂണിയനായ യുണൈറ്റിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഹോവാർഡ് ബെക്കറ്റിനെതിരെയാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.
ബ്രിട്ടനിലെ ന്യുനപക്ഷ വംശങ്ങളിൽ നിന്നുള്ള ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാവായ പ്രീതി പട്ടേലിനെ ബ്രിട്ടനിൽ നിന്നും പുറത്താക്കണമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിലൂടെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഗ്ലാസ്ഗോയിൽനിന്നുള്ള രണ്ട് അഭയാർത്ഥികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട കേസിലാണ് അവരെയല്ല, പ്രീതി പട്ടേലിനേയാണ് നാടുകടത്തേണ്ടത് എന്ന് അദ്ദേഹം എഴുതിയത്. വ്യവസ്ഥാപിത വംശീയതെയെ അനുകൂലിക്കുന്ന പ്രീതി പട്ടേലിനേയാണ് നാടുകടത്തേണ്ടത് എന്നായിരുന്നു അദ്ദേഹം എഴുതിയത്.
എന്നാൽ, ഈ അഭിപ്രായം തിരിച്ചടിക്കുകയായിരുന്നു. ഇതിൽ കമന്റ് ചെയ്ത ഭൂരിഭാഗം പേരും ഇത് തികഞ്ഞ വംശീയ വിദ്വേഷമാണെന്നാണ് പറഞ്ഞത്. മാത്രമല്ല, ബി എൻ പിയുടെ ആശയങ്ങളുടെ പ്രതിഫലനമാണെന്നും ചിലർ ഓർമ്മിപ്പിച്ചു. അതിർത്തി സേന പിടികൂടിയ രണ്ട് ഇന്ത്യൻ വംശജരെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പൊലീസ് മോചിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരത്തിലൊരു പോസ്റ്റ് വന്നത്. ഇരുന്നൂറോളം വരുന്ന പ്രതിഷേധക്കാരാണ് പിടികൂടിയവരെ വിട്ടയയ്ക്കണമെന്ന മുദ്രാവാക്യം മുഴക്കി വാനിനു ചുറ്റും അണിനിരന്നത്.
കുടിയേറ്റവുമായി ബന്ധപ്പെട്ട ചില അസ്വാഭിവികതകൾ മൂലമാണ് അവരെ അറസ്റ്റ് ചെയ്തതെന്ന് അവകാശപ്പെട്ട അധികൃതർ പിന്നീട് ഈ രണ്ട് യുവാക്കളേയും ജാമ്യത്തിൽ വിട്ടയച്ചു. ഇവർ വാനിൽ നിന്നും ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇറങ്ങുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയും ചെയ്തു. അവരുടെ മോചനം ഗ്ലാസ്ഗോ നിവാസികളുടെ ഐക്യത്തിന്റെ പ്രതീകമാണെന്ന് പറഞ്ഞ ആൾക്കൂട്ടം അധികൃതർ ഗ്ലാസ്ഗോയെ കുറിച്ച് ശരിക്കും മനസ്സിലാക്കിയിട്ടില്ല എന്നും പറഞ്ഞു.
ഈ സംഭവവുമായി ബന്ധപ്പെട്ടാണ്, പ്രസ്തുത യുവാക്കളേയല്ല, പ്രീതി പട്ടേലിനേയാണ് നാടുകടത്തേണ്ടതെന്ന് ഹോവാർഡ് പോസ്റ്റിട്ടത്. ലേബർ പാർട്ടി ഇതിനെ ഗൗരവമായി എടുക്കുകയായിരുന്നു. ഹോവാർഡ് തനിനിറം കാണിക്കുന്നു എന്നായിരുന്നു യുണൈറ്റ് നാഷണൽ എക്സിക്യുട്ടീവ് അംഗവും ലേബർ പാർട്ടി അംഗവുമായ ഗുരിന്ദർ സിങ് ജോസൻ ട്വീറ്റ് ചെയ്തത്. പ്രീതി പട്ടേലുമായി പല കാര്യങ്ങളീലും വിയോജിപ്പുണ്ടെങ്കിലും ഇത്തരമൊരു ട്വീറ്റ് തികച്ചും വംശീയ വിദ്വേഷത്തിൽ അടിസ്ഥാനമായുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, വംശീയ വിദ്വേഷത്തിനെതിരെയാണ് തന്റെ പോസ്റ്റ് എന്ന നിലപാടിലായിരുന്നു ഹോവാർ ആദ്യം നിലയുറപ്പിച്ചത്. അതുകൊണ്ടുതന്നെ അതിൽ നിന്നും പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. പിന്നീട് പ്രസ്തുത ട്വീറ്റ് അദ്ദെഹം നീക്കം ചെയ്യുകയും അത്തരമൊരു ട്വീറ്റ് ചെയ്തതിൽ ക്ഷമാപണം നടത്തുകയും ചെയ്തു.