കൊറോണയുടെ ഇന്ത്യൻ വകഭേദം ലോകത്ത് പലയിടങ്ങളിലും വ്യാപിക്കുവാൻ തുടങ്ങിയതോടെ കൂടുതൽ കരുതലെടുക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഇന്നലെ കൂടിയ യൂറോപ്യൻ യൂണിയൻ ഇന്ത്യയിലേക്കുള്ള, അത്യാവശ്യമല്ലാത്ത യാത്രകളെല്ലാം തടയുവാൻ അംഗരാജ്യങ്ങൾക്ക് നിർദ്ദേശം നൽകി. ഇന്ത്യയിൽ കണ്ടെത്തിയ പുതിയ ഇനം വൈറസ് ആശങ്കയുളവാക്കുന്ന ഇനം വൈറസുകളുടെ പട്ടികയിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചതെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.

ബി.1.617.2 എന്ന ഇനം കൊറോണയെ അപകടകാരികളായ വൈറസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള, അത്യാവശ്യമല്ലാത്ത യാത്രകൾ എല്ലാം നിരോധിക്കണം എന്നാണ് നിർദ്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. അത്യാവശ്യകാര്യങ്ങൾക്ക് ഇന്ത്യയിലേക്കും തിരിച്ചും സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് സഞ്ചരിക്കുന്നവർ പോലും കർശന പരിശോധനകൾക്കും അതുപോലെ ക്വാറന്റൈനും വിധേയമാകണം.

ജൂൺ മുതൽ യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കം ചെയ്യുവാൻ ഒരുങ്ങുന്ന സമയത്താണ് ഈ പുതിയ നിർദ്ദേശം വന്നിരിക്കുന്നത്. ഇന്ത്യ ഉൾപ്പടെ, രോഗവ്യാപനം അതികലശലായ മറ്റു രാജ്യങ്ങളിലേക്കുമുള്ള യാത്രകൾക്കും വിലക്കുണ്ട്. എന്നാൽ, അംഗരാജ്യങ്ങൾ എല്ലാവരും ഈ നിർദ്ദേശം ഇതുവരെ അംഗീകരിച്ചിട്ടില്ല. ഓരോ രാജ്യങ്ങളും അതാത് രാജ്യങ്ങളുടെ താത്പര്യത്തിനു വിധേയമായി തികച്ചും സ്വതന്ത്രമായ തീരുമാനമായിരിക്കും ഇക്കാര്യത്തിൽ എടുക്കുക.

ജനിതകമാറ്റംവന്ന കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയതിൽ പിന്നെ ഇന്ത്യയിൽ രോഗവ്യാപനംശക്തമാവുകയാണ്. ഇക്കഴിഞ്ഞ ബുധനാഴ്‌ച്ചയോടു കൂടി തന്നെ മൊത്തം മരണസംഖ്യ 2.5 ലക്ഷം കടന്നു. യൂറോപ്യൻ യൂണിയൻ പൗരന്മാർ, പെർമെനന്റ് റെസിഡന്റ് സർട്ടിഫിക്കറ്റ് ഉള്ളവർ തുടങ്ങിയവർക്ക് ഈ നിയന്ത്രണം ബധകമാക്കണമെന്നാണ് യൂറോപ്യൻ യൂണിയൻ നിർദ്ദേശിക്കുന്നത്.

അതേസമയം, ഇന്ത്യയിൽ കണ്ടെത്തിയ പുതിയ ഇനം വൈറസ് ഇന്ന് ബ്രിട്ടനെ ആശങ്കയുടെ മുൾമുനയിൽ നിർത്തുകയാണെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഇംഗ്ലണ്ടിലെ പല ഭാഗങ്ങളിലും ഈ ഇനം വൈറസിന്റെ വ്യാപനം അതിവേഗം തുടരുകയാണ്. ഒരു പക്ഷെ ബ്രിട്ടൻ നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുവാനുള്ള നടപടികളെ പോലും ഇത് വിപരീതമായി ബാധിച്ചേക്കാം എന്നും ബോറിസ് ജോൺസൺ പറഞ്ഞു.